Advertisement

സ്വന്തം കാർ കത്തിച്ച കേസ്; ഷിജു വർഗീസിനെ ആലപ്പുഴയിലെത്തിച്ച് തെളിവെടുത്തു

April 30, 2021
Google News 1 minute Read
Shiju Varghese brought Alappuzha

കുണ്ടറയിൽ തിരഞ്ഞെടുപ്പ് ദിനത്തിൽ സ്വന്തം കാർ കത്തിച്ച കേസിൽ ഇഎംസിസി ഡയറക്ടർ ഷിജു വർഗീസിനെ ആലപ്പുഴയിലെത്തിച്ച് തെളിവെടുത്തു. കേസിലെ പ്രധാനപ്രതി വിനു കുമാറിനൊപ്പമായിരുന്നു തെളിവെടുപ്പ്. കാറ് കത്തിക്കാനായി പെട്രോൾ വാങ്ങിയെന്ന് കണ്ടെത്തിയ കഞ്ഞിക്കുഴിയിലെ പമ്പിലെത്തിച്ചായിരുന്നു തെളിവെടുപ്പ്.

കുണ്ടറ നിയമസഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥിയും ഇഎംസിസി ഡയറക്ടറുമായ ഷിജു വർഗീസ്, കാർ കത്തിക്കാൻ സഹായം നൽകിയ, ക്വട്ടേഷൻ സംഘാംഗവും സോളാർ തട്ടിപ്പുകേസിലെ പ്രതി സരിതാ നായരുടെ സന്തത സഹചാരിയുമായ വിനുകുമാർ എന്നിവരെയാണ് ആലപ്പുഴയിൽ തെളിവെടുപ്പിന് എത്തിച്ചത്. എറണാകുളത്തു നിന്ന് കൊല്ലത്തേക്ക് പോകുന്ന വഴി ആലപ്പുഴ കഞ്ഞിക്കുഴിയിലെ പമ്പിൽ നിന്നാണ് കാറ് കത്തിക്കാനായി പ്രതി വിനുകുമാർ പെട്രോൾ വാങ്ങിതെന്നാണ് പൊലീസ് കണ്ടെത്തൽ. തെരഞ്ഞെടുപ്പ് ദിനത്തിൽ ആക്രമിക്കപ്പെട്ടുവെന്ന് വരുത്തിത്തീർക്കാനായി, പ്രതികൾ ആസൂത്രണം ചെയ്ത നാടകമായിരുന്നു കാറ് കത്തിക്കലെന്നാണ് പൊലീസ് കണ്ടെത്തൽ. അന്വേഷണം നിർണായകഘട്ടത്തിലാണെന്നും കൂടുതൽ അറസ്റ്റ് ഉടനുണ്ടാകുമെന്നും അന്വേഷണ ചുമതലയുള്ള ചാത്തന്നൂർ എസിപിവൈ നിസാമുദ്ദീൻ പറഞ്ഞു.

കുണ്ടറ നിയമസഭ മണ്ഡലം പരിധിയിൽ ഉൾപ്പെട്ട കണ്ണനല്ലൂർ കുരീപ്പളളി റോഡിൽ വച്ച് പോളിങ് ദിവസം പുലർച്ചെ തൻറെ കാറിന് നേരെ മറ്റൊരു കാറിൽ വന്ന സംഘം പെട്രോൾ ബോംബ് എറിഞ്ഞുവെന്നായിരുന്നു ഷിജു വർഗീസിൻറെ പരാതി. ആസൂത്രിതമായി തയ്യാറാക്കിയ നാടകമാണിതെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് വാദി പ്രതിയായത്. സംഭവത്തിൽ വിവാദ ദല്ലാളിൻെറ പങ്കിനെക്കുറിച്ചും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ജനവിധി അട്ടിമറിക്കുക ലക്ഷ്യമിട്ടാണ് ഗൂഢാലോചന നടത്തിയതെന്നാണ് പൊലീസ് നിഗമനം. ഗൂഢാലോചന സംബന്ധിച്ച് കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് പൊലീസിൻ്റെ ശ്രമം.

Story highlights: Shiju Varghese was brought to Alappuzha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here