ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (03-05-2021)

സുകുമാരന്‍ നായര്‍ ബിജെപിയിലേക്ക് പോകുന്നതില്‍ തെറ്റില്ലെന്ന് എ. കെ ബാലന്‍; എന്‍എസ്എസിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്ന് വെള്ളാപ്പള്ളി നടേശന്‍

എന്‍എസ്എസിനെതിരെ രൂക്ഷവിമര്‍ശനവുമായി എ കെ ബാലനും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രംഗത്ത്. സുകുമാരന്‍ നായര്‍ ബിജെപിയിലേക്ക് പോകുന്നതില്‍ തെറ്റില്ലെന്ന് എ കെ ബാലന്‍ വിമര്‍ശിച്ചു. സാധാരണ നിലപാടില്‍ നിന്ന് സുകുമാരന്‍ നായര്‍ മറുകണ്ടം ചാടി. അദ്ദേഹത്തിന്റെ വായില്‍ നിന്ന് വരാന്‍ പാടില്ലാത്ത വാക്കുകള്‍ വന്നു. പൊതു സമൂഹത്തോട് മാപ്പ് പറഞ്ഞ് സുകുമാരന്‍ നായര്‍ തെറ്റ് തിരുത്തുമെന്ന് കരുതുന്നുവെന്നും എ. കെ ബാലന്‍ പറഞ്ഞു.

മേഴ്‌സിക്കുട്ടിയമ്മയുടെത് അര്‍ഹതപ്പെട്ട പരാജയം: വെള്ളാപ്പള്ളി നടേശന്‍

ജെ മേഴ്‌സിക്കുട്ടിയമ്മക്കെതിരെ രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അര്‍ഹതപ്പെട്ട പരാജയമാണ് മന്ത്രി നേടിയത്. പേരില്‍ ഉണ്ടെങ്കിലും മേഴ്‌സി അശേഷം ഇല്ലാത്ത ആളാണ് മേഴ്‌സിക്കുട്ടിയമ്മ. ബൂര്‍ഷ്വാ സ്വഭാവമാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

ഇന്ത്യയില്‍ 3.68 ലക്ഷം പ്രതിദിന കൊവിഡ് രോഗികള്‍; 3417 മരണം

രാജ്യത്ത് മൂന്നര ലക്ഷം കടന്ന് പ്രതിദിന കൊവിഡ് രോഗികള്‍. 24 മണിക്കൂറിനിടെ 368147 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ 3417 പേര്‍ മരിച്ചു. കഴിഞ്ഞ ആഴ്ചയില്‍ 26 ലക്ഷത്തില്‍ അധികം കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 23,800ന് അടുത്ത് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മെയ് 1ന് പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നിരുന്നു. ഇന്നലെ കേസുകളുടെ എണ്ണം കുറഞ്ഞത് ആശ്വാസ കണക്കായി.

കേരളാ കോണ്‍ഗ്രസ് എം രണ്ട് മന്ത്രി സ്ഥാനം ആവശ്യപ്പെട്ടേക്കും

ഇടതുമുന്നണിയില്‍ രണ്ട് മന്ത്രി സ്ഥാനം ആവശ്യപ്പെടാന്‍ കേരളാ കോണ്‍ഗ്രസ് എം. ഡോ. എന്‍ ജയരാജും റോഷി അഗസ്റ്റിനും മന്ത്രിമാരായേക്കും. പാലായിലെ തോല്‍വി പാര്‍ട്ടി പരിശോധിക്കും. ബിജെപി വോട്ട് മറിച്ചുവെന്നാണ് ജോസ് കെ മാണിയും സിപിഐഎമ്മും ആരോപിക്കുന്നത്. പാലാ രാഷ്ട്രീയ ശത്രുക്കളുടെ കേന്ദ്രമായെന്നും രാഷ്ട്രീയ കാര്യങ്ങളല്ല എതിര്‍കക്ഷികള്‍ ചര്‍ച്ച ചെയ്തത്, വ്യക്തിഹത്യയും കള്ളപ്രചാരണങ്ങളും നടന്നുവെന്നും ജോസ് കെ മാണി പറഞ്ഞു.

തൃപ്പൂണിത്തുറയില്‍ ബിജെപി വോട്ട് മറിച്ചെന്ന് സിപിഐഎം

തൃപ്പൂണിത്തുറയില്‍ ബിജെപി യുഡിഎഫിന് വോട്ട് മറിച്ചെന്ന് എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റി. 2016നെ അപേക്ഷിച്ച് തൃപ്പൂണിത്തുറയില്‍ ബിജെപിക്ക് 6087 വോട്ട് കുറഞ്ഞത് പരാജയകാരണമായെന്ന് അവര്‍ ആരോപിച്ചു.

കേന്ദ്ര വാക്‌സിന്‍ നയം പൗരന്മാരുടെ ആരോഗ്യത്തിനുള്ള അവകാശത്തെ ഹനിക്കുന്നു: സുപ്രിംകോടതി

കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയം പ്രഥമദൃഷ്ട്യാ തന്നെ പൗരന്മാരുടെ ആരോഗ്യത്തിനുള്ള അവകാശത്തെ ഹനിക്കുന്നതെന്ന് സുപ്രിംകോടതി. രാജ്യത്തെ കൊവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസില്‍ പുറത്തിറക്കിയ ഇടക്കാല ഉത്തരവിലാണ് പരാമര്‍ശം. കേന്ദ്രം വാക്‌സിന്‍ വിലയിലും ലഭ്യതയിലും പുനഃപരിശോധന നടത്തി മെയ് പത്തിന് മുന്‍പ് നിലപാട് അറിയിക്കണം.

ആര്‍. ബാലകൃഷ്ണ പിള്ള അന്തരിച്ചു

മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാനുമായ ആര്‍ ബാലകൃഷ്ണപിള്ള അന്തരിച്ചു. 86 വയസായിരുന്നു. ഏറെ നാളുകളായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പുലര്‍ച്ചെ 4.50 തോട് കൂടിയാണ് അന്ത്യം.

Story Highlights- todays headlines, news round up

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top