രണ്ടുമന്ത്രിസ്ഥാനം വേണമെന്ന് കേരളാ കോൺഗ്രസ് എം; ആവശ്യം തള്ളി സിപിഐഎം

രണ്ടുമന്ത്രിസ്ഥാനം വേണമെന്ന കേരളാ കോൺഗ്രസ് എമ്മിന്റെ ആവശ്യം സിപിഐഎം തള്ളി. തിരുവനന്തപുരം എകെജി സെന്ററിൽ നടന്ന ഉഭയകക്ഷി ചർച്ചയിൽ ഒരു കാബിനറ്റ് പദവി നൽകുന്ന കാര്യം പരിഗണിക്കാമെന്ന് സിപിഐഎം അറിയിച്ചു. എൽജെഡി-ജെഡിഎസ് ലയനമെന്ന ആവശ്യം ഇരുകക്ഷികളുമായുള്ള ഉഭയകകക്ഷി ചർച്ചയിൽ സിപിഐഎം ആവർത്തിച്ചു.
അഞ്ച് എംഎൽഎമാരുള്ള കേരളാ കോൺഗ്രസ് എം രണ്ടു മന്ത്രിസ്ഥാനം വേണമെന്നാണ് ഉഭയകക്ഷി ചർച്ചയിൽ ആവശ്യപ്പെട്ടത്. എന്നാൽ കൂടുതൽ ഘടകകക്ഷികൾ ഉള്ള സാഹചര്യത്തിൽ ഒരു മന്ത്രിസ്ഥാനമെന്ന് സിപിഐഎം നിലപാടെടുത്തു. ചീഫ് വിപ്പ് പദവി വിട്ടുനൽകാമെന്ന സൂചനയും ചർച്ചയിലുണ്ടായി. ഉഭയകക്ഷി ചർച്ച തുടരുമെന്ന് ജോസ് കെ മാണി പ്രതികരിച്ചു. പാലാ ഉൾപ്പെടെ ഒരിടത്തും സിപിഐഎം വോട്ട് കിട്ടാതിരുന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജെഡിഎസും എൽജെഡിയും ലയിച്ച് ഒരു പാർട്ടിയാകണമെന്നാണ് സിപിഐഎം നിലപാട്. ലയനത്തിലൂടെ വരുന്ന പാർട്ടിക്ക് ഒരു മന്ത്രിസ്ഥാനം നൽകും. എന്നാൽ എൽജെഡിയാണ് ലയനത്തിന് തടസം നിൽക്കുന്നതെന്ന് ജനതാദൾ എസ് നേതാക്കൾ സിപിഐഎമ്മിനെ അറിയിച്ചു. ലയനത്തിന് നിയമപരവും സാങ്കേതികവുമായ തടസമുണ്ടെന്ന് എൽജെഡി അറിയിച്ചു. രണ്ട് എം എൽ എ മാരുള്ള എൻസിപിക്ക് ഒരു മന്ത്രിസ്ഥാനം നൽകാൻ ഉഭയകക്ഷി ചർച്ചയിൽ ധാരണയായി.
മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ എന്നിവരാണ് ചർച്ചകളിൽ സിപിഐഎമ്മിനെ പ്രതിനിധീകരിച്ചത്. കേരള കോൺഗ്രസ് ബി, ഐഎൻഎൽ, ജനാധിപത്യ കേരള കോൺഗ്രസ്, കോൺഗ്രസ് എസ് എന്നിവരുമായുള്ള ചർച്ച നാളെ നടക്കും.
Story Highlights: Kerala Congress M wants two ministries; CPIM rejected the demand
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here