Advertisement

രമേഷ് പവാർ വീണ്ടും വനിതാ ക്രിക്കറ്റ് ടീം പരിശീലകൻ; ബിസിസിഐ നടപടി മിതാലി രാജിനോടുള്ള വെല്ലുവിളി?

May 17, 2021
Google News 2 minutes Read
ramesh powar mithali raj

രമേഷ് പവാർ വീണ്ടും ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം പരിശീലകനായിരിക്കുന്നു. ഡബ്ല്യു വി രാമനു പകരമാണ് പവാർ വീണ്ടും വനിതാ ടീം പരിശീലകനായത്. മൂന്ന് വർഷം മുൻപ്, 2018ൽ പവാറിനു പകരം ഡബ്ല്യു വി രാമനെ കൊണ്ടുവന്നത് ടീമിലെ ഏറ്റവും മുതിർന്ന താരം മിതാലി രാജിൻ്റെ ചില ആരോപണങ്ങൾക്കു പിന്നാലെയാണ്. മിതാലി ഇപ്പോഴും ടീമിലുണ്ട്. ആ ടീമിലേക്കാണ് ടി-20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ എത്തിച്ച ഒരു പരിശീലകനു പകരം പവാറിനെ എത്തിച്ചിരിക്കുന്നത്.

2018 ടി-20 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യ പുറത്തായിരുന്നു. അന്ന് പവാറായിരുന്നു പരിശീലകൻ. പുറത്താകലിനു ശേഷം പവാറും മിതാലിയുമായി പരസ്യമായി കൊമ്പുകോർത്തു. ഇതിനു പിന്നാലെയാണ് പവാറിനു പകരം ഡബ്ല്യു വി രാമനെ ബിസിസിഐ പരിശീലകനാക്കിയത്.

2018 ടി-20 ലോകകപ്പിനുള്ള ടീമിൽ നിന്ന് മിതാലി രാജിനെ പുറത്താക്കിയതാണ് വിവാദങ്ങൾക്ക് വഴിമരുന്നിട്ടത്. പിന്നാലെ, അഡ്മിനിസ്ട്രേറ്റേഴ്സ് കമ്മറ്റി അംഗം ഡയാന എഡൽജിയും രമേഷ് പവാറും തന്നോട് അപമര്യാദയായി പെരുമാറിയെന്ന് കാട്ടി മിതാലി ബിസിസിഐക്ക് കത്തയച്ചു. പിന്നാലെ മിതാലിക്കെതിരെ പവാർ ഗുരുതരാരോപണങ്ങൾ ഉയർത്തി. ഓപ്പണിംഗ് സ്ഥാനം നൽകിയില്ലെങ്കിൽ വിരമിക്കുമെന്ന് മിതാലി ഭീഷണിപ്പെടുത്തിയെന്ന് പവാർ ആരോപിച്ചു. ഈ ആരോപണത്തെ മിതാലി എതിർത്തു. നിലവിൽ ഇന്ത്യയുടെ ടി-20 ക്യാപ്റ്റനും വൈസ് ക്യാപ്റ്റനുമായ ഹർമൻപ്രീത് കൗറും സ്മൃതി മന്ദനയും പവാർ പരിശീലകനാവുന്നതിനെ പിന്തുണച്ചു. പവാറിനെ പരിശീലക സ്ഥാനത്തുനിന്ന് നീക്കിയതിനു പിന്നാലെ വിവാദങ്ങൾ അവസാനിച്ചു. പിന്നാലെ, മിതാലി ടി-20 മത്സരങ്ങളിൽ നിന്ന് വിരമിക്കുകയും ചെയ്തു.

ഇത്തരത്തിൽ ഒരു അസ്വാരസ്യം നിലനിൽക്കുന്ന അന്തരീക്ഷത്തിൽ വീണ്ടും പവാർ എത്തുമ്പോൾ ഉയരുന്ന ചോദ്യങ്ങളുണ്ട്. ഡ്രസിംഗ് റൂമിലെ അന്തരീക്ഷ എങ്ങനെയാവുമെന്നതാണ് ഏറെ ശ്രദ്ധേയം. ഇന്ത്യൻ വനിതാ ക്രിക്കറ്റ് നിർണായകമായ ഒരിടത്താണ് ഇപ്പോൾ നിൽക്കുന്നത്. നിരവധി മികച്ച യുവതാരങ്ങൾ, വനിതാ ക്രിക്കറ്റിൻ്റെ മുൻനിരയിലേക്കുയരുന്ന ടീം എന്നിങ്ങനെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ആവേശകരമായ ഒരിടത്ത് നിൽക്കുമ്പോൾ പവാറിൻ്റെ വരവ് ടീമിൻ്റെ മൊറാലിനു കോട്ടംതട്ടുമോ എന്നതാണ് നിർണായക ചോദ്യം.

ടി-20 ലോകകപ്പ് ഫൈനൽ വരെ ടീമിനെ എത്തിക്കുകയും, ഷഫാലി വർമയെപ്പോലെ ഒരു താരത്തെ ഓപ്പണിംഗ് സ്ലോട്ടിലേക്കയച്ച് ഭാവി സുരക്ഷിതമാക്കുകയും ചെയ്ത ഡബ്ല്യു വി രാമനെ പുറത്താക്കിയ നടപടി എങ്ങനെയാണ് ബിസിസിഐ ന്യായീകരിക്കുക എന്നതും ഒരു ചോദ്യമാണ്. എന്തായാലും വരുന്ന പരമ്പരകളിൽ പവാറും ബിസിസിഐയും കൃത്യമായി മോണിട്ടർ ചെയ്യപ്പെടും എന്നത് ഉറപ്പാണ്.

Story Highlights: ramesh powar mithali raj clash

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here