ചരിത്രത്തിൽ ആദ്യമായി പിങ്ക് ടെസ്റ്റിനൊരുങ്ങി ഇന്ത്യൻ വനിതാ ടീം

ചരിത്രത്തിൽ ആദ്യമായി ഡേനൈറ്റ് ടെസ്റ്റിനൊരുങ്ങി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം. ഈ വർഷം തന്നെ നടക്കുന്ന ഓസ്ട്രേലിയൻ പര്യടനത്തിലാണ് ഇന്ത്യൻ ടീം പിങ്ക് ടെസ്റ്റ് കളിക്കുക. ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ വർഷം അവസാനമാണ് ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനം.
ഓസ്ട്രേലിയക്കെതിരായ പിങ്ക് ടെസ്റ്റ് നടന്നാൽ വനിതാ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ രണ്ടാമത്തെ മാത്രം ഡേനൈറ്റ് ടെസ്റ്റാവും ഇത്. 2017ലാണ് വനിതാ ക്രിക്കറ്റിലെ ആദ്യ പിങ്ക് ടെസ്റ്റ് നടന്നത്. സിഡ്നിയിൽ, ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലാണ് ആ മത്സരം നടന്നത്.
മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളും ഈ ടെസ്റ്റിനൊപ്പം ഇന്ത്യ കളിക്കും. സെപ്തംബർ-ഒക്ടോബർ മാസങ്ങളിലായാണ് പര്യടനം. നോർത്ത് സിഡ്നി ഓവലിൽ സെപ്തംബർ 19ന് നടക്കുന്ന ഏകദിന മത്സരത്തോടെ പര്യടനം ആരംഭിക്കും. ഏകദിന പരമ്പരയിലെ അവശേഷിക്കുന്ന രണ്ട് മത്സരങ്ങൾ മെൽബണിലെ ജംഗ്ഷൻ ഓവലിൽ സെപ്തംബർ 22നും 24നും നടക്കും.
സെപ്തംബർ 30 മുതൽ ഒക്ടോബർ 3 വരെയാണ് ഡേനൈറ്റ് ടെസ്റ്റ്. വാക്കയിലാണ് മത്സരം. നോർത്ത് സിഡ്നി ഓവലിൽ ഒക്ടോബർ 7, 9, 11 തീയതികളിലായി ടി-20 മത്സരങ്ങൾ നടക്കും.
ഇന്ത്യൻ ടീം ഇംഗ്ലണ്ടിലും ടെസ്റ്റ് മത്സരത്തിനൊരുങ്ങുകയാണ്. ഒരു ടെസ്റ്റാണ് ഇന്ത്യ കളിക്കുക. ഒരു ടെസ്റ്റും മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുക. 2014നു ശേഷം ഇത് ആദ്യമായാണ് ഇന്ത്യ ടെസ്റ്റ് മത്സരത്തിൽ കളിക്കുന്നത്.
അതേസമയം, ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി പുരുഷ, വനിതാ ടീമുകൾ ഒരുമിച്ച് പറക്കാൻ തയ്യാറെടുക്കുകയാണ്. ജൂൺ രണ്ടിന് മുംബൈയിൽ നിന്ന് ചാർട്ടേർഡ് വിമാനത്തിൽ ഇരുടീമുകളും ഇംഗ്ലണ്ടിലേക്ക് തിരിക്കും.
പുരുഷ ടീം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലും ഇംഗ്ലണ്ടുമായി 5 മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ് പരമ്പരയുമാണ് കളിക്കുക.
ഇംഗ്ലണ്ടിൽ എത്തിക്കഴിഞ്ഞ് ടീം വീണ്ടും ഒരാഴ്ച നിരീക്ഷത്തിൽ കഴിയും. അതിന് ശേഷമായിരിക്കും പരിശീലനം ആരംഭിക്കുക. ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാവരുടെയും വീടുകളിലെത്തി കൊവിഡ് പരിശോധന നടത്താനുള്ള ക്രമീകരണം ബിസിസിഐ ഒരുക്കിയിരുന്നു.
Story Highlights: India women to play pink test for the first time ever
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here