കൊടകര കുഴല്‍പ്പണക്കേസ് ചോദ്യം ചെയ്യല്‍; രണ്ട് ബിജെപി സംസ്ഥാന നേതാക്കളും ഹാജരായില്ല

കൊടകര കുഴല്‍പ്പണക്കേസില്‍ ചോദ്യം ചെയ്യലിന് ബിജെപി സംസ്ഥാന നേതാക്കള്‍ ഇന്ന് ഹാജരായില്ല. സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശന്‍, സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീഷ് എന്നിവരാണ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ അസൗകര്യം അറിയിച്ചത്. രണ്ട് ദിവസത്തെ സമയം നേതാക്കള്‍ ആവശ്യപ്പെട്ടു.
ധര്‍മരാജന്റെയും സുനില്‍ നായിക്കിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന നേതാക്കളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ബിജെപി തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ ആര്‍ ഹരി, ട്രഷറര്‍ സുജയ് സേനന്‍, മേഖല സെക്രട്ടറി കാശിനാഥന്‍ എന്നിവരെ അന്വേഷണ സംഘം ഇന്നലെ ചോദ്യം ചെയ്തിരുന്നു.
കുഴല്‍പ്പണക്കേസുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പ്രതികരിച്ചത്. എന്നാല്‍ സംസ്ഥാന നേതാക്കളെ ഉള്‍പ്പടെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതോടെ ബിജെപി സംസ്ഥാന നേതൃത്വം പ്രതിരോധത്തിലായി.
കവര്‍ച്ച ചെയ്യപ്പെട്ട മൂന്നരക്കോടി രൂപ ബിജെപി യുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊണ്ടുവന്നതാണെന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണ സംഘം. വാഹനത്തില്‍ കടത്തിയ പണം ആര്‍ക്ക് വേണ്ടിയാണ് കൊണ്ടുപോയതെന്നും, പണത്തിന്റെ സ്രോതസ് സംബന്ധിച്ചും അന്വേഷണസംഘത്തിന് സൂചന ലഭിച്ചതായാണ് വിവരം.
Story Highlights: bjp kerala, kodakara case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here