അശാസ്ത്രീയ പരാമർശം; ശശി തരൂർ എംപിയെ അയോഗ്യനാക്കണമെന്ന് ബിജെപി നേതാവ്

പാർലമെൻറിൽ ശശി തരൂർ എം.പിയെ അയോഗ്യനാക്കണമെന്ന് ബിജെപി നേതാവ് നിഷാന്ത് ദുബേ. ഇക്കാര്യം ആവശ്യപ്പെട്ട് ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് നിഷാന്ത് കത്തയച്ചു. ബി.1.617 വകഭേദത്തെ ഇന്ത്യൻ വകഭേദം എന്ന് വിശേഷിപ്പിച്ച് ശശി തരൂർ ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് ദുബേ കത്തയച്ചിരിക്കുന്നത്.
ട്വീറ്റിനെ ഉത്തരവാദിത്വമില്ലായ്മയുടെ അങ്ങേയറ്റത്തെ പെരുമാറ്റം എന്നാണ് ദുബേ വിശേഷിപ്പിച്ചത്. ലോകാരോഗ്യ സംഘടന അത്തരം ഒരു വകഭേദമുണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും ആ ഘട്ടത്തിലാണ് തരൂരിനെ പോലുള്ള ഒരാൾ അശാസ്ത്രീയമായ കാര്യം പറഞ്ഞിരിക്കുന്നതെന്നും ദുബേ കത്തിൽ ആരോപിക്കുന്നു.
നേരത്തെ കൊവിഡിന് ഇന്ത്യൻ വകഭേദമില്ലെന്ന് കേന്ദ്ര സർക്കാർ അവകാശപ്പെട്ടിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വരുന്ന അത്തരം പോസ്റ്റുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു.
കൊറോണ വൈറസിന്റെ ഇന്ത്യൻ വകഭേദം വ്യാപിക്കുന്നെന്ന് തരത്തിൽ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും ഐ.ടി മന്ത്രാലയം പറഞ്ഞു. സൗത്ത് ആഫ്രിക്ക, ബ്രസീൽ, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലെ വകഭേദങ്ങൾക്ക് ശേഷം കണ്ടെത്തിയ നാലാമത്തെ വകഭേദമാണ് ബി.1.617.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here