ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ബിജെപി നേതാവിനെതിരെ കേസ്

കേന്ദ്രസർക്കാർ സ്ഥാപനമായ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ ജോലി വാഗ്ദാനം ചെയ്ത് ഒരുകോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ ബിജെപി നേതാവ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ ചെങ്ങന്നൂർ പൊലീസ് കേസെടുത്തു. കേന്ദ്ര മന്ത്രിമാർക്കൊപ്പം നിൽക്കുന്ന ചിത്രം കാണിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് തട്ടിപ്പിനിരയായവർ പൊലീസിനോട് പറഞ്ഞു. കൂടുതൽ പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്.
ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ എഞ്ചിനീയർ മുതൽ പല തലത്തിലേക്കുമുള്ള ജോലി നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. മുളക്കുഴ മുൻ പഞ്ചായത്ത് അംഗവും ബിജെപി നേതാവുമായ സനു എൻ നായരാണ് ഒന്നാംപ്രതി. ബുധനൂർ സ്വദേശി രാജേഷ് കുമാർ, എറണാകുളം വൈറ്റില സ്വദേശി ലെനിൽ മാത്യു എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. ഇതുവരെ ഒൻപത് പരാതികളാണ് ചെങ്ങന്നൂർ പൊലീസിന് ലഭിച്ചത്.
ആറുമാസത്തിനകം എഫ്‌സിഐയിൽ എഞ്ചിനീയറാക്കാമെന്ന് വിശ്വസിപ്പിച്ച് 2019 ഒക്ടോബറിൽ ലെനിൽ മാത്യു പത്ത് ലക്ഷം വാങ്ങി. ബോർഡ് അംഗമാണെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. എഫ്‌സിഐയുടെ ബോർഡ് വച്ച കാറിലെത്തിയാണ് പണം കൊണ്ടുപോയതെന്നും പത്തനംതിട്ട കല്ലറയ്ക്കൽ സ്വദേശി നൽകി പരാതിയിൽ പറയുന്നു. തുടർന്ന് 2020മെയ് മാസത്തിൽ പത്ത് ലക്ഷം കൂടി വാങ്ങിയ ശേഷം വ്യാജ നിയമന ഉത്തരവ് നൽകി വിശ്വാസ്യത കൂട്ടാൻ കേന്ദ്രമന്ത്രിമാർക്കും ബിജെപി നേതാക്കൾക്കും ഒപ്പമുള്ള ചിത്രങ്ങളും കാണിച്ചു. സമാന രീതിയിൽ പത്ത് മുതൽ 35 ലക്ഷം രൂപ വരെ പലരിൽ നിന്നുമായി പ്രതികൾ വാങ്ങിയിട്ടുണ്ട്. അഭിമുഖത്തിനെന്ന പേരിൽ ഉദ്യോഗാർത്ഥികളെ എഫ്‌സിഐയുടെ ചെന്നൈ, ഡൽഹി ഓഫീസുകൾക്ക് സമീപം ദിവസങ്ങളോളം താമസിപ്പിക്കും. ശേഷം പണവുമായി മുങ്ങുന്ന രീതിയാണ് ഇവർക്കെന്നും പൊലീസ് പറഞ്ഞു.
മുളക്കുഴ പഞ്ചായത്തിൽ മുൻ അംഗമായിരുന്ന സനു, ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ അരീക്കര ബ്ലോക്ക് ഡിവിഷനിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായിരുന്നു.
Story Highlights: money laundering
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here