Advertisement

ഐടി നിയമഭേദഗതി; സാവകാശം വേണം എന്ന ട്വിറ്ററിന്റെ ആവശ്യം അംഗീകരിക്കാതെ കേന്ദ്രം

June 1, 2021
Google News 1 minute Read
twitter asks users to change password

ട്വിറ്റര്‍- കേന്ദ്ര സര്‍ക്കാര്‍ പോര് നിര്‍ണായക വഴിതിരിവിലേക്ക്. മൂന്ന് മാസ സാവകാശം കൂടി വേണം എന്ന ട്വിറ്ററിന്റെ നിലപാട് അംഗീകരിക്കേണ്ടെന്ന് കേന്ദ്ര ഐടി മന്ത്രാലയം തീരുമാനിച്ചു. ഐടി ഭേദഗതി നിയമം നടപ്പിലാക്കാതെ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടരാന്‍ സാധിക്കില്ലെന്ന് അടുത്ത ദിവസം ട്വിറ്ററിനെ രേഖാമൂലം അറിയിക്കും. ഐടി ഭേദഗതി നിയമം നടപ്പിലാക്കാന്‍ മൂന്ന് മാസം കൂടി ട്വിറ്റര്‍ കൂടുതല്‍ ആവശ്യപ്പെട്ടിരുന്നു.

ട്വിറ്ററിന് എന്തും ചോദിക്കാം അതൊന്നും പക്ഷേ അനുവദിക്കാന്‍ സാധിക്കില്ലെന്നാണ് കേന്ദ്ര ഐ.ടി മന്ത്രാലയത്തിന്റെ മറുപടി. നിയമം പ്രാബല്യത്തില്‍ വന്നത് ഫെബ്രുവരിയിലാണ്. മെയ് 25 വരെ ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങള്‍ക്ക് സമയം അനുവദിച്ചിരുന്നു. നിയമഭേദഗതി പൂര്‍ണ്ണമായി നടപ്പിലാക്കുന്നതിനു മുന്‍പ് പൊതുജന അഭിപ്രായം തേടണമെന്ന നിര്‍ദേശവും ട്വിറ്റര്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ഇതിനോടും കേന്ദ്രസര്‍ക്കാരിന് അനുകൂല നിലപാടല്ല.

ട്വിറ്റര്‍ ഓഫീസുകളില്‍ ഡല്‍ഹി പൊലീസ് പരിശോധന നടത്തിയ വേളയിലാണ് ട്വിറ്റര്‍ ഈ ആവശ്യം ഉന്നയിച്ചത്. ബി.ജെ.പി നേതാക്കള്‍ക്കെതിരെ വ്യാജ കോണ്‍ഗ്രസ് ടൂള്‍കിറ്റ് വിഷയത്തില്‍ കേസെടുത്തതിന് പിന്നാലെയായിരുന്നു ഡല്‍ഹി പൊലീസിന്റെ പരിശോധന. ഇന്നലെ പോക്‌സോ വകുപ്പ് ചുമത്തിയും ട്വിറ്ററിനെതിരെ എഫ്.ഐ.ആര്‍ ഇട്ടിട്ടുണ്ട്. കുട്ടികളെ വഴിതെറ്റിക്കുന്ന തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ബാലാവകാശ കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് നടപടി.

ഐ.ടി.നിയമം പാലിച്ച് ട്വിറ്റര്‍ സുരക്ഷിത സാമൂഹ്യമാധ്യമം ആയാല്‍ മാത്രം കുട്ടികള്‍ക്ക് അക്കൗണ്ട് ലഭ്യമാക്കിയാല്‍ മതിയെന്ന് കമ്മീഷന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തു. 50 ലക്ഷം ഉപയോക്താക്കളുള്ള സമൂഹമാധ്യമങ്ങള്‍ക്കാണ് പുതിയ ഐ.ടി ഭേദഗതി നിയമം ബാധകം. ഇന്ത്യയില്‍ ട്വിറ്റര്‍, ഫേസ്ബുക്ക്, യൂട്യൂബ്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം എന്നിവക്കാണ് പ്രധാനമായും ബാധകമാകുന്നത്. താത്കാലിക പരാതി പരിഹാര ഓഫീസറെയാണ് ട്വിറ്റര്‍ ഇപ്പോള്‍ നിയമിച്ചിരിക്കുന്നത്. അതേസമയം സമൂഹ മാധ്യമങ്ങള്‍ നിയമം അനുശാസിക്കുന്ന സ്ഥിര പരാതിപരിഹാര ഓഫീസര്‍മാരെ നിയമിച്ചുകഴിഞ്ഞു.

Story Highlights: twitter, it act

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here