ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (03-06-2021)
ഇന്ന് 18,853 പേർക്ക് കൊവിഡ്; രോഗമുക്തി നേടിയത് 26,569 പേർ
കേരളത്തിൽ ഇന്ന് 18,853 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 2448, കൊല്ലം 2272, പാലക്കാട് 2201, തിരുവനന്തപുരം 2150, എറണാകുളം 2041, തൃശൂർ 1766, ആലപ്പുഴ 1337, കോഴിക്കോട് 1198, കണ്ണൂർ 856, കോട്ടയം 707, പത്തനംതിട്ട 585, കാസർഗോഡ് 560, ഇടുക്കി 498, വയനാട് 234 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
സാംക്രമിക രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന് ഏകീകൃത നിയമവുമായി കേരളം
സാംക്രമിക രോഗ ബില്‍ നിയമസഭ ഏകകണ്ഠമായി പാസാക്കി. കേന്ദ്ര നിയമത്തിലെ ശിക്ഷാ നടപടികളുമായി വ്യത്യാസമുണ്ടെങ്കില്‍ പിന്നീട് നിയമ ഭേദഗതി കൊണ്ടുവരാമെന്ന് സര്‍ക്കാരിന് സ്പീക്കര്‍ റൂളിംഗ് നല്‍കി. സാംക്രമിക രോഗം തടയാനുള്ള സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചാല്‍ രണ്ടു വര്‍ഷം വരെ തടവും പതിനായിരം രൂപ പിഴയും വ്യവസ്ഥ ചെയ്യുന്നതാണ് നിയമം.
കെഎസ്ആര്‍ടിസിയുടെ മുഖം മിനുക്കാന്‍ പുതിയ പദ്ധതി
കെഎസ്ആര്‍ടിസിയുടെ മുഖം മിനുക്കാന്‍ പുതിയ പദ്ധതിയുമായി സര്‍ക്കാര്‍. തമ്പാനൂര്‍ സോണ്‍ ഓഫീസ് മാറ്റിസ്ഥാപിക്കും. കെഎസ്ആര്‍ടിസി ഡിപ്പോകളിലെ പെട്രോള്‍ പമ്പ് പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കും. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പുമായി സംയോജിച്ചാണ് പദ്ധതി നടപ്പിലാക്കുക.
സംസ്ഥാനത്തിന് ഇരട്ടത്താപ്പ്; കേരള നിയമസഭയുടെ വാക്‌സിന്‍ പ്രമേയത്തെ വിമര്‍ശിച്ച് വി മുരളീധരന്‍
കേരള നിയമഭയുടെ വാക്‌സിന്‍ പ്രമേയത്തെ നിശിതമായി വിമര്‍ശിച്ച് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. വാക്‌സിന്‍ വിഷയത്തില്‍ സംസ്ഥാനത്തിന് ഇരട്ടത്താപ്പെന്ന് വി മുരളീധരന്‍ കുറ്റപ്പെടുത്തി. സൗജന്യമെന്ന് പറഞ്ഞവര്‍ പ്രമേയം കൊണ്ടുവന്നത് എന്തിനാണെന്നും മുരളീധരന്‍ ചോദിച്ചു. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സൗജന്യ വാക്‌സിന്‍ മാത്രമാണ് കേരളത്തിന് നിലവിലുള്ളതെന്നും മുരളീധരന്‍ പറഞ്ഞു.
ആരോപണം നിഷേധിച്ച് സുരേന്ദ്രൻ; കൊടകര കുഴൽപ്പണവുമായി ബിജെപിക്ക് ബന്ധമില്ല; നടക്കുന്നത് കുപ്രചരണങ്ങൾ
കൊടകര കുഴൽപ്പണകേസുമായി ബിജെപിക്ക് ബന്ധമുണ്ടെന്ന ആരോപണം നിഷേധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കുഴൽപ്പണം ബിജെപിയുടേതാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന കുപ്രചരണങ്ങൾ. ആസൂത്രിതമായി വലിയൊരു പുകമറ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. സി കെ ജാനുവിനെ പറ്റിയുള്ള ആരോപണങ്ങൾ പാർട്ടിയിൽ തന്നെ ഉയർന്ന ആരോപണങ്ങളാണെന്നും താൻ പണം നൽകിയിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
ഇസ്രയേലിൽ ഭരണമാറ്റം: നെതന്യാഹു പുറത്തേക്ക്; മന്ത്രിസഭ ഉണ്ടാക്കാൻ പ്രതിപക്ഷം
പത്തുവർഷത്തിലേറെയായി ബെന്യമിൻ നെതന്യാഹു ഭരണത്തിലിരിക്കുന്ന ഇസ്രയേലിൽ ഭരണമാറ്റം. പ്രതിപക്ഷത്തിന് സഭ ഉണ്ടാക്കാൻ പ്രസിഡന്റ് കൊടുത്തിരുന്ന സമയം അവശേഷിക്കാൻ 38 മിനിറ്റ് ബാക്കിനിൽക്കെയാണ് വിവിധ പാർട്ടികൾ തമ്മിൽ അന്തിമ ധാരണയായതും പ്രതിപക്ഷം മന്ത്രിസഭ ഉണ്ടാക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയതും. മന്ത്രിസഭ രൂപീകരിക്കാൻ ആവശ്യമായ പിന്തുണ ലഭിച്ചതായി യേർ ലാപിഡ് പ്രസിഡന്റായ റൂവൻ റിവ്‌ലിനെ അറിയിച്ചു. യേർ ലാപിഡ് പ്രധാന മന്ത്രിയാകുമെന്നാണ് നിലവിലെ സൂചനകൾ.
കുണ്ടറയിലെ പെട്രോൾ ബോംബാക്രമണം; ദല്ലാൾ നന്ദകുമാർ ഇന്ന് ഹാജരാകില്ല
കുണ്ടറയിലെ പെട്രോൾ ബോംബാക്രമണത്തിൽ ദല്ലാൾ നന്ദകുമാർ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. ചോദ്യം ചെയ്യലിന് തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്നാണ് വിശദീകരണം. രണ്ടുദിവസമായി കൊച്ചിയിലുണ്ടായിരുന്ന നന്ദകുമാർ ഡൽഹിയിലേക്ക് മടങ്ങി. ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് വീണ്ടും നോട്ടീസ് നൽകും. നിയമസഭാ തെരഞ്ഞെടുപ്പിൽ ദല്ലാൾ നന്ദകുമാർ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാനുള്ള കാരണവും പൊലീസ് പരിശോധിക്കുകയാണ്.
പട്ടികജാതി, പട്ടിക വര്‍ഗക്കാര്‍ക്കുള്ള പെട്രോള്‍ പമ്പുകളും ഗ്യാസ് ഏജന്‍സികളും തട്ടിയെടുക്കുന്നതില്‍ സ ര്‍ക്കാര്‍ ഇടപെടല്‍. പമ്പ് തട്ടിയെടുക്കുന്നവരില്‍ ബിനാമികളുണ്ടെന്ന് പട്ടികജാതി, പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. പമ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട ട്വന്റിഫോര്‍ വാര്‍ത്തയെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇടപെടല്‍.
കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസ്; രവി പൂജാരിയെ ചോദ്യം ചെയ്യുന്നു
കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസില്‍ അധോലോക കുറ്റവാളി രവി പൂജാരിയെ ചോദ്യം ചെയ്യുന്നു. ആന്റി ടെററിസ്റ്റ് സ്‌ക്വാഡിന്റെ നെടുമ്പാശ്ശേരിയിലെ ഓഫിസിലാണ് അന്വേഷണ സംഘം രവി പൂജാരിയെ ചോദ്യം ചെയ്യുന്നത്
കൊടകര കുഴല്‍പ്പണക്കേസില്‍ കൂടുതല്‍ പേരെ ഇന്ന് ചോദ്യം ചെയ്യും. ബിജെപി മധ്യമേഖലാ സംഘടനാ സെക്രട്ടറി എല്‍. പത്മകുമാറിനെ ഉള്‍പ്പെടെയാണ് ചോദ്യം ചെയ്യുന്നത്. പൊലീസ് ക്ലബ്ലില്‍ എത്തണമെന്ന് ചൂണ്ടിക്കാട്ടി പത്മകുമാറിന് പൊലീസ് നോട്ടിസ് നല്‍കിയിരുന്നു. കുഴല്‍പ്പണക്കേസ് പ്രതികളുമായി ബന്ധമുള്ളവരേയും ഇന്ന് ചോദ്യം ചെയ്യും.
Story Highlights : Paris 2024 opening ceremony Olympic article
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here