Advertisement

ടൂറിസം മാപ്പിൽ തൃത്താല; ഫേസ്ബുക്ക് കുറിപ്പുമായി എംബി രാജേഷ്

June 4, 2021
Google News 1 minute Read
mb rajesh facebook post

കേരള ബജറ്റിൽ തൻ്റെ മണ്ഡലമായ തൃത്താല കൂടി ഉൾപ്പെട്ടതിൻ്റെ സന്തോഷം പങ്കുവച്ച് സ്പീക്കർ എംബി രാജേഷ്. തൃത്താല ഇതാദ്യമായി കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ ഇടം പിടിക്കുകയാണ് എന്ന് രാജേഷ് പറഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ അവതരിപ്പിച്ച പ്രധാന വാഗ്ദാനങ്ങളിൽ ഒന്നാണ് ഇതെന്നും അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

എംബി രാജേഷിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

ടൂറിസം മാപ്പിൽ തൃത്താല

തൃത്താല ഇതാദ്യമായി കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ ഇടം പിടിക്കുകയാണ്. ഇന്നവതരിപ്പിച്ചത് പുതുക്കിയ ബജറ്റായതിനാൽ ആരോഗ്യ മേഖലക്ക് മാത്രമാണ് ഊന്നൽ. അതിന് പുറമെ കൂട്ടിച്ചേർത്ത വിരലിലെണ്ണാവുന്ന പദ്ധതികളിലൊന്ന് ബേപ്പൂർ- പൊന്നാനി -തൃത്താല -തസ്രാക്ക് മലബാർ ലിറ്റററി സർക്യൂട്ട് ആണ്.
ഞാൻ തൃത്താലയിൽ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ജനങളുടെ മുന്നിൽ അവതരിപ്പിച്ച പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു സമഗ്രമായ സാംസ്കാരിക പൈതൃക ടൂറിസം പദ്ധതി. രണ്ടുമാസത്തിനുള്ളിൽ തന്നെ അതിൽ ആദ്യത്തെ ചുവട് വയ്പ് നടത്തിയിരിക്കുകയാണ്. മലയാള സാഹിത്യത്തിലെ സുൽത്താൻ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ബേപ്പൂർ, ഭാഷാ പിതാവ് തുഞ്ചത്തെഴുത്തച്ഛന്റെ സ്മരണ നിറഞ്ഞ തിരൂർ തുഞ്ചൻ പറമ്പ്, രണ്ടു ജ്ഞാനപീഠങ്ങളുടെ തിളക്കം തൃത്താലക്ക് സമ്മാനിച്ച മഹാകവി അക്കിത്തത്തിന്റെ കുമരനല്ലൂരും എം. ടി യുടെ കൂടല്ലൂരും, നവോത്ഥാന ചരിത്രത്തിൽ നിർണ്ണായക സ്ഥാനമുള്ള വി ടി ഭട്ടതിരിപ്പാടിന്റെ രസിക സദനവും, ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രം തുടിക്കുന്ന ആനക്കര വടക്കത്തു തറവാടും, പറയിപെറ്റ പന്തിരുകുലത്തിന്റെ ഐതിഹ്യത്താൽ പുകൾപെറ്റ ഈരാറ്റുങ്കൽ ക്ഷേത്രവും, ആമക്കാവിനടുത്തുള്ള ടിപ്പുവിന്റെ കോട്ടയുടെ അവശിഷ്ടങ്ങളും, കട്ടിൽ മാടത്തെ ജൈന വിഹാരവും, തൃത്താല കേശവ പൊതുവാളിന്റെയും ഛത്രവും ചാമരവും എഴുതിയ എം. പി ശങ്കുണ്ണി നായരുടെയും സ്മരണകളും, വാദ്യകലയുടെ മഹിമയേറിയ പെരിങ്ങോടും തൃത്താലയുടെ ആയുർവേദ മികവിന്റെ കേന്ദ്രങ്ങൾക്കും പുറമേ 25കി. മീ. ദൈർഘ്യമുള്ള നിളാതീരവും സ്പർശിച്ചു കൊണ്ടുള്ള സമഗ്ര പദ്ധതിയുടെ ഭാഗമാണ് ലിറ്റററി സർക്യൂട്ട്. ഇതിനൊപ്പം വെള്ളിയാങ്കല്ലിനെ ടൂറിസ്റ്റു കേന്ദ്രമായി വികസിപ്പിക്കാനും പദ്ധതിയുണ്ടാകും.
തൃത്താലയിലെ ജനങ്ങൾക്ക് കൊടുത്ത ഒന്നാമത്തെ വാഗ്ദാനം സമഗ്ര കുടിവെള്ള പദ്ധതിയായിരുന്നു. അതിന്റെ നടപടികൾ അതിവേഗത്തിൽ നീങ്ങിക്കൊണ്ടിരിക്കുന്നു. വിശദ വിവരങ്ങൾ പിന്നീട് പങ്കു വക്കാം.

Story Highlights: mb rajesh facebook post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here