Advertisement

‘ഞാനുയര്‍ത്തിയ സന്ദേശം നിലനില്‍ക്കുക തന്നെ ചെയ്യും’

June 6, 2021
Google News 1 minute Read

..

ഷംസുദ്ധീന്‍ അല്ലിപ്പാറ

റിസർച്ച് അസോസിയേറ്റ്, 24

വനിതാ ടെന്നീസിലെ രണ്ടാം നമ്പര്‍ താരം നവോമി ഒസാക ഫ്രഞ്ച് ഓപ്പണിന്റെ ആദ്യ റൗണ്ടിന് ശേഷം ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയത് കായികലോകത്തെ ആകെ ഞെട്ടിക്കുന്നതായിരുന്നു. മത്സരത്തിന് ശേഷമുള്ള പ്രസ് മീറ്റ് മാനസിക ആരോഗ്യത്തെ ബാധിക്കുന്നതിനാല്‍ ഒഴിവാക്കുമെന്ന് ഒസാക നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആദ്യ റൗണ്ട് മത്സര ശേഷം പ്രസ് മീറ്റ് അറ്റന്‍ഡ് ചെയ്യാത്തതിന് ഫ്രഞ്ച് ഓപ്പണ്‍ അധികൃതര്‍ ഒസാക്കക്ക് പിഴ ചുമത്തി. തെറ്റ് ആവര്‍ത്തിച്ചാല്‍ കടുത്ത നടപടികളിലേക്ക് പോകുമെന്ന മുന്നറിയിപ്പും. ഇതോടെയാണ് ആ കടുത്ത തീരുമാനം നവോമി പ്രഖ്യാപിച്ചത്.

അമേരിക്കയും യൂറോപ്പും ഓസ്‌ട്രേലിയയുമെല്ലാം കൊടികുത്തിവാഴുന്ന വനിതാ ടെന്നീസ് ലോകം.

2018 യുഎസ് ഓപ്പണില്‍ സാക്ഷാല്‍ സെറീന വില്യംസിനെ തോല്‍പ്പിച്ച് 21കാരിയായ ഒരു ജപ്പാനീസ് പെണ്‍കുട്ടി ആ ലോകത്തേക്ക് കടന്നുവന്നു. അതൊരു വണ്‍ സ്ലാം വണ്ടറെന്ന് പലരും നെറ്റിചുളിച്ചു. നവോമി ഒസാകയ്ക്ക് പക്ഷേ, അതൊരു തുടക്കം മാത്രമായിരുന്നു. 2019 ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, 2020 ല്‍ യുഎസ് ഓപ്പണ്‍, 2021 ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, പ്രായം 24 തികയും മുമ്പേ നാല് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍, വനിതാ ടെന്നീസ് ലോക റാങ്കില്‍ ഒന്നാമത്തെത്തിയ ആദ്യ ഏഷ്യക്കാരി, ലോകത്തെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന വനിതാകായികതാരം, നവോമി ഒസാക എന്ന പേരിന് ഇന്ന് ലോക ടെന്നീസോളം കീര്‍ത്തിയുണ്ട്.

ഫ്രഞ്ച് ഓപ്പണ്‍ തുടങ്ങുന്നതിന്റെ രണ്ടു ദിവസം മുമ്പാണ് മത്സരങ്ങള്‍ക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കില്ലെന്ന നിലപാട് നവോമി ഒസാക വ്യക്തമാക്കിയത്. താന്‍ വിഷാദരോഗിയാണെന്നും പത്രസമ്മേളനങ്ങള്‍ കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നുവെന്നുമായിരുന്നു വിശദീകരണം. ഗ്രാന്‍ഡ്സ്ലാം ടെന്നീസുകളുടെ നിയമമനുസരിച്ച്, താരങ്ങള്‍ മത്സരശേഷം മാധ്യമങ്ങളുമായി സംസാരിക്കണം. അല്ലെങ്കില്‍ 20,000 ഡോളര്‍വരെ പിഴ ചുമത്തും. പിഴവ് ആവര്‍ത്തിച്ചാല്‍ പുറത്താക്കപ്പെടും. ആധികാരികമായിരുന്നു നവോമിയുടെ ആദ്യ റൗണ്ട് വിജയം. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് റൊമാനിയന്‍ താരം പാട്രിക്ക മരിയ ടിഗിനെ മറികടന്നത്. സ്‌കോര്‍: 6-4, 7-6 (4).

നവോമി ഒസാകയെ അറിയുന്നവര്‍ക്ക് അറിയാം, പറഞ്ഞത് വിഴുങ്ങാന്‍ ഒസാകയെ കിട്ടില്ല. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കാന്‍ ഒസാക എത്തിയില്ല. പ്രതീക്ഷിച്ചത് പോലെ ഫ്രഞ്ച് ടെന്നീസ് ഫെഡറേഷന്‍ ഒസാകയ്ക്ക് 15,000 ഡോളര്‍ പിഴ ചുമത്തി. തെറ്റ് ആവര്‍ത്തിച്ചാല്‍ കടുത്ത നടപടികളിലേക്ക് പോകുന്നമെന്ന മുന്നറിയിപ്പും. രണ്ടാം റൗണ്ട് മത്സരത്തിന് മുമ്പേ കായിക ലോകത്തെ ഞെട്ടിച്ച് നവോമി ഒസാക തന്റെ നിലപാട് പ്രഖ്യാപിച്ചു.

‘എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍, ഇതിനു മുന്‍പ് ട്വീറ്റ് ചെയ്യുമ്പോള്‍ എന്റെ മനസ്സില്‍ പോലുമില്ലാതിരുന്ന സവിശേഷ സാഹചര്യമാണിത്. ടൂര്‍ണമെന്റിന്റെ നടത്തിപ്പിനും മറ്റു താരങ്ങളുടെ ക്ഷേമത്തിനും എന്റെ തന്നെ നന്മയ്ക്കും പാരിസില്‍ പുരോഗമിക്കുന്ന ഫ്രഞ്ച് ഓപ്പണില്‍ നിന്ന് ഞാന്‍ തത്ക്കാലം പിന്‍മാറുന്നു.
2018ലെ യുഎസ് ഓപ്പണ്‍ മുതല്‍ വിഷാദം അനുഭവിക്കുന്നുണ്ട്. അധികമൊന്നും സംസാരിക്കാത്ത പ്രത്യേക തരക്കാരിയാണ് ഞാന്‍. മാധ്യമ ലോകം എന്നോട് വളരെ ദയയോടെയാണ് എന്നും പെരുമാറിയിട്ടുള്ളത്. എന്റെ പ്രവര്‍ത്തി വേദനിപ്പിച്ച എല്ലാ മാധ്യമപ്രവര്‍ത്തകരോടും ക്ഷമ ചോദിക്കുന്നു. ഓരോ തവണ മാധ്യമങ്ങളെ കാണുമ്പോഴും എനിക്ക് വല്ലാത്ത ആശങ്കയാണ്. മിക്കപ്പോഴും അത് വലിയ ആധിയായി എന്നെ കീഴ്‌പ്പെടുത്തുന്നു. ഓരോ കായികതാരത്തിന്റെയും മാനസികാരോഗ്യവും പ്രധാനപ്പെട്ടതാണെന്നാണ് എന്റെ വിശ്വാസം. നവോമി ഒസാക ട്വീറ്റില്‍ കുറിച്ചു.

നവോ എന്ന ജാപ്പനീസ് വാക്കിന് സത്യസന്ധത എന്നാണര്‍ത്ഥം. മി എന്നാല്‍ സൗന്ദര്യമെന്നും. ലോകം കൈയടിക്കുന്ന നവോമിയിലേക്കുള്ള നവോമി ഒസാകയുടെ വളര്‍ച്ച അത്ര എളുപ്പമായിരുന്നില്ല. ഹെയ്ത്തി വംശജനായ ലിയോനാര്‍ഡ് ഫ്രാങ്കോയിസിന്റെയും ജപ്പാന്‍കാരി തമാകി ഒസാകയുടെയും മകളായി 1997 ഒക്ടോബര്‍ 16 നാണ് നവോമി ജനിച്ചത്. മാരി ഒസാക മൂത്ത സഹോദരിയാണ്. കറുത്തവനായ ലിയനാഡ് ഫ്രാങ്കോയുമായുള്ള ബന്ധത്തിന്റെ പേരില്‍ തമാകിയുടെ ബന്ധുകളുടെ അതൃപ്തി പരിധി വിട്ടതോടെ കുടുംബം അമേരിക്കയിലേക്ക് കുടിയേറി. മൂന്ന് വയസാണ് അന്ന് നവോമിയുടെ പ്രായം. തന്റെ പെണ്‍മക്കളെ വില്യംസ് സഹോദരിമാരെപോലെ മികച്ച താരങ്ങളാക്കണമെന്നാഗ്രഹിച്ച ലിയനാഡ്, വില്യംസ് സഹോദരിമാരുടെ അച്ഛന്‍ റിച്ചാര്‍ഡ് വില്യംസിന്റെ വഴി തന്നെ തെരഞ്ഞെടുത്തു. മുന്‍പരിചയമില്ലാത്ത ടെന്നീസ് പഠിച്ചെടുത്ത് മക്കളെ പരിശീലിപ്പിക്കാന്‍ തുടങ്ങി.

തൊലിനിറം കറുത്ത ഒസാക സഹോദരിമാരോട് അത്ര അനുഭാവപൂര്‍വമായിരുന്നില്ല, യുഎസ് ടെന്നിസ് അസോസിയേഷന്റെ പെരുമാറ്റം. എല്ലാ വെറുപ്പിനെതിരെയും റാക്കറ്റ് ആയുധമാക്കി അവര്‍ മുന്നേറി. പ്രതിഭാശാലിയായ നവോമി ഒസാക ലോക ടെന്നിസോളം വളര്‍ന്നു. അമേരിക്കയിലും ജപ്പാനിലും പൗരത്വമുള്ള നവോമി ജന്മനാടായ ജപ്പാനെയാണ് കോര്‍ട്ടില്‍ പ്രതിനിധീകരിക്കാന്‍ തെരഞ്ഞെടുത്തത്. ആ തെരഞ്ഞെടുപ്പിന് അമേരിക്കയില്‍ നേരിട്ട വര്‍ണവെറിയുടെയും ജന്മാനാടിനോടുള്ള സ്‌നേഹത്തിന്റെയും കലര്‍പ്പുകളുണ്ട്.

ഏറെ നാണം കുണുങ്ങിയായ പെണ്‍കുട്ടിയാണ് നവോമി, വളരെ കുറച്ചു മാത്രം സംസാരിക്കുന്ന, ആള്‍ക്കൂട്ടം അത്ര ആഘോഷമല്ലാത്ത പെണ്‍കുട്ടി. എന്നാല്‍ നിലപാടുകളിലെന്നും കരുത്തയാണവള്‍. നീതികേടുകളെ എതിര്‍ക്കാന്‍ ആരെയും കൂസാറില്ല. അമേരിക്കയില്‍ വെള്ളക്കാരുടെ ക്രൂരതയ്ക്കിരയായി ജീവന്‍ വെടിഞ്ഞ കറുത്ത വര്‍ഗക്കാരുടെ പേരുകളെഴുതിയ മാസ്‌ക്കുകള്‍ അണിഞ്ഞാണ്, കഴിഞ്ഞ വര്‍ഷത്തെ യുഎസ് ഓപ്പണിലെ ഓരോ മത്സരത്തിലും നവോമി ഇറങ്ങിയത്. ജോര്‍ജ് ഫ്ളോയ്ഡിന്റെ കൊലപാതകത്തോടെ ശക്തപ്പെട്ട ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രക്ഷോഭത്തിലും നവോമിയുണ്ടായിരുന്നു. ഫ്രഞ്ച് ഓപ്പണ്‍ വേദിയായ റൊളാങ് ഗാരോസിലെ കളിമണ്‍ കോര്‍ട്ടുകളെ സാക്ഷിയാക്കി നിലപാടില്‍ വെള്ളം ചേര്‍ക്കാത്ത ആ പോരാളി മറ്റൊരു സാമൂഹ്യയാഥാര്‍ത്ഥ്യം കൂടി ഏറ്റു പറയുന്നു.

മാനസികാരോഗ്യത്തെ നിസാരമായി കാണാന്‍ കഴിയില്ല. ഞാനുയര്‍ത്തിയ സന്ദേശം നിലനില്‍ക്കുക തന്നെ ചെയ്യും.

Story Highlights: naomi osaka special story

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here