ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (10-06-2021)

വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് മുഴുവന്‍ പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ സമയബന്ധിത പദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിജിറ്റല്‍ വിദ്യാഭ്യാസ രംഗത്തെ കണക്ടിവിറ്റി അടക്കമുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് മുഖ്യമന്ത്രി ഇന്ന് ഇന്റെര്‍നെറ്റ് സേവനദാതാക്കളുടെ യോഗം വിളിച്ചത്. ആദിവാസി ഊരുകളില്‍ ഉള്‍പ്പെടെ എല്ലായിടത്തും ഇന്റര്‍നെറ്റ് എത്തിക്കുക, വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ നിരക്കിലോ സൗജന്യമായോ ഇന്റര്‍നെറ്റ് ലഭ്യമാക്കുക തുടങ്ങിയ കാര്യങ്ങളാണ് യോഗത്തില്‍ ചര്‍ച്ചയായത്.
മുട്ടില്‍ മരംമുറി കേസില്‍ ഇടപെട്ട് കേന്ദ്രം. കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് തേടി. കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടി ഉണ്ടാകുമെന്ന് പ്രകാശ് ജാവദേക്കര്‍ അറിയിച്ചതായി കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു.
സംസ്ഥാനത്തെ വാക്‌സിന്‍ വിതരണത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി. വാക്‌സിനേഷന്‍ സ്ലോട്ട് ലഭിക്കുന്നതില്‍ ബുദ്ധിമുട്ടുകളുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സംസ്ഥാനത്തെ വാക്‌സിന്‍ വിതരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് വിമര്‍ശനം.
കൊടകര കള്ളപ്പണ ഇടപാട്; കേസ് ഏറ്റെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
കൊടകര കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസ്് ഏറ്റെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സംഭവത്തില്‍ ഇ.ഡി കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായുള്ള ഇസിഐആര്‍ ആണ് രജിസ്റ്റര്‍ ചെയ്തത്.
അഭിമുഖ പരീക്ഷയ്ക്ക് 1000ലേറെ പേര്‍; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം. മെഡിക്കല്‍ കോളജില്‍ നടന്ന അഭിമുഖ പരീക്ഷയില്‍ ആയിരത്തിലേറെ പേരാണ് പങ്കെടുത്തത്.
രാജ്യത്ത് മരണസംഖ്യ ഏറ്റവും ഉയർന്ന ദിനം; 6,148 കൊവിഡ് മരണം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 6,148 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന മരണനിരക്കാണിത്. കൊവിഡ് മരണത്തിന്റെ കണക്കുകൾ ബിഹാർ പരിഷ്കരിച്ചതിനു പിന്നാലെയാണ് മരണനിരക്ക് വലിയ തോതിൽ ഉയരുന്നത്. ഇതോടെ കൊവിഡ് ബാധിച്ച് രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 3,59,676 ആയി.
വാക്സിൻ സ്റ്റോക്ക് വിവരം പരസ്യപ്പെടുത്തരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട്
വാക്സിൻ സ്റ്റോക്ക് വിവരം പരസ്യപ്പെടുത്തരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഇവിന്‍ സംവിധാനത്തിലെ വിവരം പുറത്ത് വിടരുതെന്നും വിവരം കേന്ദ്രത്തിന്‍റെ അധികാര പരിധിയില്‍ വരുന്നതെന്നും ആരോഗ്യമന്ത്രാലയത്തിന്‍റെ അറിയിപ്പ്. സെപ്റ്റംബറോടെ രാജ്യത്തെ 80 ശതമാനം പേർക്ക് വാക്സിൻ നല്‍കണമെന്നും അറിയിച്ചു.
മുട്ടില്‍ മരം കൊള്ള; എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണം
മുട്ടില്‍ മരം കൊള്ള എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷിക്കും. മരം കടത്തിയവരും ഉദ്യോഗസ്ഥരും തമ്മില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് അന്വേഷിക്കുക. പ്രാഥമിക അന്വേഷണത്തില്‍ തെളിവുകള്‍ ലഭിച്ചാല്‍ മാത്രമാണ് അന്വേഷണവുമായി മുന്നോട്ടുപോവുക.കോഴിക്കോട് യൂണിറ്റ് ആണ് പ്രാഥമിക അന്വേഷണം നടത്തുന്നത്.
കൊച്ചി ഫ്ലാറ്റ് പീഡനക്കേസ്; പ്രതി മാര്‍ട്ടിന്‍ ജോസഫിനെ സഹായിച്ച മൂന്നുപേര്‍ പിടിയില്‍
കൊച്ചി ഫ്ലാറ്റ് പീഡനക്കേസില്‍ പ്രതിയെ സഹായിച്ച മൂന്നുപേര്‍ പിടിയില്‍. പ്രതി മാര്‍ട്ടിന്‍ ജോസഫിന് തൃശ്ശൂരില്‍ ഒളിത്താവളം ഒരുക്കിയവരാണ് പിടിയിലായത്. കേസിലെ പ്രതി തൃശൂര്‍ സ്വദേശി മാര്‍ട്ടിന്‍ ജോസഫിന്റെ സഹോദരനും സുഹൃത്തുക്കളുമാണ് പോലീസ് പിടിയിലായത്. ഇവര്‍ ഉപയോഗിച്ച വാഹനങ്ങളും പിടിച്ചെടുത്തു. മാര്‍ട്ടിന്‍ ജോസഫിന്‍ ഉടന്‍ പിടിയിലാവുമെന്നും പൊലീസ് പറഞ്ഞു.
വിദ്യാര്‍ഥികള്‍ക്ക് ഇന്റര്നെറ്റ് ലഭ്യത ഉറപ്പാക്കുന്നത് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന് ചേരും. രാവിലെ 11.30 നാണ് സര്‍വീസ് പ്രൊവൈഡര്‍മാരുടെ യോഗം മുഖ്യമന്ത്രി വിളിച്ചിരിക്കുന്നത്.കൊവിഡിന്റെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം. ആദിവാസി ഊരുകള്‍ ഉള്‍പ്പെടെ പല പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് ലഭ്യത പ്രശ്‌നമാവുന്നത് കുട്ടികളുടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെ ബാധിക്കുന്നതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.
കനത്ത മഴ; മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് ഒന്‍പതുപേര്‍ മരിച്ചു
കനത്ത മഴയില്‍ മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് ഒന്‍പതുപേര്‍ മരിച്ചു. എട്ടുപേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലാഡിന് സമീപം പന്ത്രണ്ടുമണിയോടെയാണ് അപകടം. ഇരുനില കെട്ടിടം നിലംപതിക്കുകയായിരുന്നു.
Story Highlights: todays headlines, news round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here