Advertisement

കാലൊച്ച കേൾക്കാൻ നാഥൻ ഇനിയില്ല; പൂവച്ചൽ ഖാദർ അരങ്ങൊഴിയുമ്പോൾ…

June 22, 2021
2 minutes Read
article about poovachal khader
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ…

ഒരു തവണയെങ്കിലും ഈ വരികൾ മൂളാത്ത മലയാളി അപൂർവ്വമായിരിക്കും. വാക്കിനോടു വാക്കുചേരുമ്പോൾ അത്യപൂർവവും ഹൃദ്യവുമായ കൽപ്പനകൾ സൃഷ്ടിക്കുന്ന കാവ്യസൗന്ദര്യമാണ് പൂവച്ചൽ ഖാദരിൻറെ വരികൾ.

‘ശരറാന്തൽ തിരിതാഴും മുകിലിൻ കുടിലിൽ’, ‘ചിത്തിരതോണിയിൽ അക്കരെപോകാൻ’ , ‘പൂ മാനമേ’, ‘അനുരാഗിണി ഇതായെൻ കരളിൽ വിരിഞ്ഞ പൂക്കൾ’… 400ലധികം സിനിമകൾക്കായി 1200 റോളം ഗാനങ്ങൾ.. ലളിത ഗാനങ്ങളും നാടകഗാനങ്ങളുമായി വേ​റെയും നൂറുകണക്കിന്. പലതും മലയാളി നെഞ്ചേറ്റിയ അനശ്വരഗാനങ്ങൾ…

തിരുവനന്തപുരം ജില്ലയിലെ പൂവച്ചൽ ഗ്രാമത്തിൽ അബൂബക്കർ പിള്ളയുടെയും റാബിയത്തുൽ അദബിയ ബീവിയുടെയും മകനായി 1948 ഡിസംബർ 25 നാണ് പൂവച്ചൽ ഖാദർ ജനിച്ചത്. ഹൈസ്​കൂൾ പഠനകാലത്ത് നാട്ടിലെ കൈയെഴുത്ത്​ മാസികയിൽ എഴുതിയ ‘ഉണരൂ’ എന്ന കവിത സർഗ്ഗജീവിതത്തിന് ഹരിശ്രീയായി. പോളിടെക്‌നിക്ക് ഡിപ്ലോമയും തിരുവനന്തപുരം എഞ്ചിനീയറിങ്​ കോളജിലെ തുടർപഠനവും കഴിഞ്ഞ് പി.ഡബ്ല്യൂ.ഡിയിൽ ഓവർസിയർ കോഴിക്കോടെത്തിയത് ജീവിതത്തിൽ വഴിത്തിരിവായി. ബാബുരാജ്, ദേവരാജൻ മാഷ്, ജോൺസൺ മാഷ്, രവീന്ദ്രൻ മാഷ്, കാനേഷ് പൂനൂർ, സലാം കാരശ്ശേരി എന്ന് തുടങ്ങി മലയാള സംഗീത-സാംസ്കാരിക രംഗത്തെ അതികായന്മാരോടൊപ്പമുള്ള സൗഹൃദവലയത്തിലേക്ക് വഴിത്തുറന്നത് കോഴിക്കോടെ ഔദ്യോഗികജീവിതമാണ്. അത് മലയാളഗാനലോകത്തേക്കുള്ള രാജകീയാഗമനത്തിനും നിമിത്തമായി. വിജയനിർമല സംവിധാനം ചെയ്​ത്​ അഭിനയിച്ച കവിത എന്ന ചിത്രത്തിന് കവിതയെഴുതിയാണ് സിനിമയിലെ അരങ്ങേറ്റം. 1973 ൽ പുറത്തിറങ്ങിയ കാറ്റ്​ വിതച്ചവൻ എന്ന സിനിമക്ക്​ വേണ്ടി ‘മഴവില്ലിനജ്ഞാതവാസം കഴിഞ്ഞു… എന്ന വരികളെഴുതിയതിൽ പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നില്ല. തുടർച്ചയായി സിനിമകൾ.

ആറു പതിറ്റാണ്ടുനീണ്ട സർഗജീവിതത്തിനിടെ, ചിത്തിരത്തോണി, കളിവീണ, പാടുവാൻ പഠിക്കുവാൻ എന്നീ പുസ്​തകങ്ങളും ആ തുലികയിൽ പിറന്നു. പാട്ടി​ൻറെ പാലാഴി തീർത്ത പാ​ട്ടെഴുത്തുകാരന് അർഹമായ അംഗീകാരം നൽകാനാവാതെ പോയത് മലയാളത്തിൻറെ നീറ്റലായി എന്നുമുണ്ടാകും.

കലിപൂണ്ട കൊവിഡുകാലം പൂവച്ചൽ ഖാദർ എന്ന പ്രതിഭയെ കൂടി കവർന്നെടുക്കുമ്പോൾ കൂടുതൽ അനാഥമായതിൻറെ അമ്പരപ്പിലാണ് മലയാള സാഹിത്യ ലോകം.

Story Highlights: article about poovachal khader

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement