മുട്ടില്‍ മരം മുറിക്കല്‍; ഓഫിസുമായി ആരെങ്കിലും ബന്ധപ്പെട്ടോ എന്നതില്‍ ധാരണയില്ല: മുന്‍ വനംമന്ത്രി കെ രാജു

മുട്ടില്‍ മരംമുറിക്കലില്‍ ഓഫിസുമായി ബന്ധപ്പെട്ട സംഭവം അറിയില്ലെന്ന് മുന്‍വനം മന്ത്രി കെ രാജു. മുറിച്ച മരം തിരിച്ചുപിടിക്കാനാണ് നിര്‍ദേശം നല്‍കിയത്. തനിക്ക് ഇക്കാര്യത്തില്‍ ബന്ധമില്ല. ഓഫീസുമായി ആരെങ്കിലും ബന്ധപ്പെട്ടോ എന്ന് ധാരണയില്ല. ആര്‍ക്കെങ്കിലും ഓഫീസില്‍ നിന്ന് മറുപടി കൊടുത്തിട്ടുണ്ടോ എന്ന് അറിയില്ല. അത് പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ശ്രീകുമാറിനെ അറിയൂവെന്നും മന്ത്രി.
അതേസമയം പ്രതികള്‍ തന്നെ ഫോണില്‍ വിളിച്ചിരുന്നുവെന്നും നേരിട്ട് വന്നു കണ്ടുവെന്നും മുന്‍ വനം മന്ത്രി കെ രാജുവിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ജി ശ്രീകുമാര്‍ പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പാസ് കൊടുക്കുന്നില്ലെന്നും ഡിഎഫ്ഒയെ മാറ്റണമെന്ന് പ്രതികള്‍ പരാതിപ്പെട്ടെന്നും ശ്രീകുമാര്‍ ട്വന്റിഫോറിനോട് പറഞ്ഞു. സ്വന്തം തോട്ടത്തിലെ മരം മുറിച്ചപ്പോള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തടസം നില്‍ക്കുന്നുവെന്നും സഹായിക്കണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍ നിയമപരമായി നീങ്ങണമെന്ന് മറുപടി നല്‍കിയതായി ജി ശ്രീകുമാര്‍ വ്യക്തമാക്കി. പ്രതികള്‍ക്ക് ഒരു സഹായവും ചെയ്തു നല്‍കിയിട്ടില്ല. മിസ്ഡ് കോള്‍ കണ്ട് തിരിച്ച് വിളിച്ചതല്ലാതെ ഒരിക്കല്‍ പോലും പ്രതികളെ അങ്ങോട്ട് വിളിക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ലെന്നും ശ്രീകുമാര്‍. പ്രതികളുടെ കോള്‍ വിശദാംശങ്ങളില്‍ മുന്‍മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാംഫ് അംഗത്തിന്റെ നമ്പറും ഉള്‍പ്പട്ടെ സാഹചര്യത്തിലാണ് ജി ശ്രീകുമാറിന്റെ വിശദീകരണം.
അതേസമയം വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധ പരിപാടികള്‍ സജീവമാക്കി. സംസ്ഥാനത്ത് 1000 കേന്ദ്രങ്ങളില്‍ പ്രതിഷേധ ധര്‍ണ നടത്തി. സെക്രട്ടറിയറ്റിന് മുന്നിലെ ധര്‍ണ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു.
Story Highlights: k raju, muttil wood robbery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here