ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (25-06-2021)
രാമനാട്ടുകര സ്വർണക്കവർച്ചാ ശ്രമം; അർജുൻ ആയങ്കി ഉപയോഗിച്ച കാർ ഡിവൈഎഫ്‌ഐ നേതാവിന്റേത്
രാമനാട്ടുകര സ്വർണക്കവർച്ചാ കേസിലെ മുഖ്യ പ്രതി അർജുൻ ആയങ്കി ഉപയോഗിച്ച കാർ ഡിവൈഎഫ്‌ഐ നേതാവിന്റെ പേരിലുള്ളതെന്ന് വിവരം. ഡിവഐഎഫ്‌ഐ ചെമ്പിലോട് മേഖലാ സെക്രട്ടറി സി. സജേഷിന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ. ചാത്തോത്ത് ഹൗസ്, കൊയ്യോട് എന്നുള്ളതാണ് അഡ്രസ്.
വിവാദ പരാമര്‍ശം: എം സി ജോസഫൈന്‍ വനിതാകമ്മീഷൻ അധ്യക്ഷ സ്ഥാനം രാജിവെച്ചു
വിവാദ പരാമര്‍ശവും തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കും ഒടുവിൽ വനിതാകമ്മീഷൻ അധ്യക്ഷ സ്ഥാനം രാജിവെച്ച് എം.സി ജോസഫൈന്‍. ഇന്ന് ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ജോസഫൈനോട് വിശദീകരണം തേടുകയായിരുന്നു.
എം സി ജോസഫൈന്‍ രാജി വയ്‌ക്കേണ്ടതില്ലെന്ന് ഡിവൈഎഫ്‌ഐ
പരാതി പറയാന്‍ വിളിച്ച സ്ത്രീയോട് തട്ടിക്കയറിയ സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷന്‍ എം സി ജോസഫൈന്‍ രാജി വയ്‌ക്കേണ്ടതില്ലെന്ന് ഡിവൈഎഫ്‌ഐ. വീഴ്ചയില്‍ ജോസഫൈന്‍ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് സംസ്ഥാന നേതാവ് എ എ റഹീം വ്യക്തമാക്കി. ഇതോടെ വിവാദം അവസാനിച്ചു. വിവാദം ഉയരുമ്പോള്‍ പൊതുവിഷയത്തില്‍ നിന്ന് ശ്രദ്ധ മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നേതൃമാറ്റം ; അതൃപ്തി അറിയിച്ച് ഉമ്മൻചാണ്ടി
കേരളത്തിൽ നേതൃമാറ്റം നടപ്പാക്കിയ രീതിയിൽ അതൃപ്തി അറിയിച്ച് കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി. നേതൃമാറ്റം നല്ല രീതിയിൽ നടപ്പാക്കാമായിരുന്നു. ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കും. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ പൂർണ്ണ തൃപ്തിയുണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
കൊല്ലത്ത് കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം; പൊലീസ് ചോദ്യം ചെയ്യാൻ വിളിച്ച രണ്ട് സ്ത്രീകളെ കാണാതായി
കൊല്ലം മൂഴായിക്കോട്ട് നവജാത ശിശുവിനെ അമ്മ കരിയിലക്കൂനയിൽ ഉപേക്ഷിച്ച സംഭവത്തിൽ പൊലീസ് ചോദ്യം ചെയ്യാൻ വിളിച്ച രണ്ട് സ്ത്രീകളെ കാണാതായി. അറസ്റ്റിലായ രേഷ്മയുടെ ബന്ധുക്കളെയാണ് കാണാതായത്. ഇന്നലെ വൈകിട്ട് മൂന്നു മണിക്ക് ഹാജരാകാനാണ് പാരിപ്പള്ളി പൊലീസ് ഇവരോട് ആവശ്യപ്പെട്ടിരുന്നത്. യുവതികൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
രാജ്യത്ത് ഇന്ന് 51667 പേർക്ക് കൊവിഡ്; 1329 മരണം
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 51667 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1329 പേർ ഇന്നലെ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകൾ 30,134,445ഉം മരണം 3,93,310ഉം ആയി. 64,527 പേർ ഇന്ന് കൊവിഡ് മുക്തരായി. 29,128,267 പേരാണ് ആകെ രാജ്യത്ത് കൊവിഡ് മുക്തരായത്. 6,12,868 ആക്ടീവ് കേസുകളാണ് നിലവിൽ രാജ്യത്ത് ഉള്ളത്. 17,35,781 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്.
കനിമൊഴിയുടെ ആത്മഹത്യ; സ്ത്രീധനത്തെച്ചൊല്ലി ഭർത്താവ് മകളെ മർദ്ദിച്ചിരുന്നു എന്ന് മാതാപിതാക്കൾ
എറണാകുളം വാതുരുത്തിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് കാർത്തിനെതിരെ ഗുരുതര ആരോപണങ്ങൾ. സ്ത്രീധനത്തെച്ചൊല്ലി മകൾക്ക് നിരന്തരം മർദ്ദനം ഏൽക്കേണ്ടിവന്നിരുന്നു എന്ന് മരിച്ച കനിമൊഴിയുടെ മാതാപിതാക്കൾ പറഞ്ഞു. മകളെ ഭർത്താവ് വീട്ടിൽ നിന്ന് ഇറക്കിവിട്ടിരുന്നു. സംഭവത്തിൽ കാർത്തികിൻ്റെ മാതാപിതാക്കൾ ഇടപെട്ടില്ലെന്നും കുടുംബം 24നോട് പറഞ്ഞു.
മാവേലിക്കരയിൽ ഡോക്ടറെ മർദിച്ച സംഭവം ; ക്രൈംബ്രാഞ്ച് അന്വേഷിക്കും
മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ജോലിക്കിടെ ഡോക്ടറെ മര്‍ദിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ചെങ്ങന്നൂർ ഡിവൈഎസ്പി , മാവേലിക്കര എസ്എച്ച്ഒ എന്നിവർ ക്രൈംബ്രാഞ്ച് സംഘത്തിൽ ഉണ്ടാകും. കഴിഞ്ഞ മാസം 14 നാണ് സിവിൽ പൊലീസ് ഓഫീസർ അഭിലാഷ് ഡോ.രാഹുൽ മാത്യുവിനെ മർദിച്ചത്. ഡോക്ടറെ മർദിച്ച പൊലീസ് ഉദ്യോഗസ്ഥൻ ഇപ്പോഴും ഒളിവിലാണ്.
ലക്ഷദ്വീപിൽ വീണ്ടും വിവാദ നടപടിയുമായി ഭരണകൂടം. ചെറിയം ദ്വീപിലെ ഷെഡ്ഡുകൾ പൊളിച്ചു മാറ്റണമെന്നാണ് ഭരണകൂടത്തിന്‍റെ പുതിയ ഉത്തരവ്. കൽപ്പേനി ബ്ലോക്ക് ഉദ്യോഗസ്ഥനാണ് നോട്ടിസ് നൽകിയത്. മത്സ്യതൊഴിലാളികൾ നിർമിച്ച ഷെഡ് ഏഴ് ദിവസത്തിനകം പൊളിച്ച് മാറ്റണമെന്ന് ഉത്തരവിൽ പറയുന്നു.
മുട്ടിൽ മരം മുറി കേസ്: പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് വീണ്ടും ഹൈക്കോടതിയിൽ
വയനാട് മുട്ടിൽ മരം മുറി കേസിലെ പ്രതികൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വനം വകുപ്പിന്‍റെയടക്കം അനുമതിയോടെയാണ് മരങ്ങൾ മുറിച്ചതെന്നും അതിനാൽ കേസ് നിലനിൽക്കില്ലെന്നുമാണ് പ്രതികളുടെ വാദം. റവന്യൂ വനം വകുപ്പുകൾ തമ്മിലുള്ള പോരിൽ താൻ ബലിയാടായതാണെന്ന് പ്രതികളിലൊരാളായ റോജി അഗസ്റ്റിൻ കഴിഞ്ഞ ദിവസം കോടതിയിൽ വ്യക്തമാക്കിയിരുന്നു.
എം സി ജോസഫൈന്റെ വിവാദ പരാമര്‍ശം; സിപിഐഎം സെക്രട്ടറിയേറ്റ് ഇന്ന് ചർച്ചചെയ്യും
പരാതി പറഞ്ഞ സ്ത്രീയോട് തട്ടിക്കയറിയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്റെ പരാമര്‍ശത്തില്‍ ഇന്ന് സംസ്ഥാന സിപിഐഎം സെക്രട്ടേറിയേറ്റ് വിഷയം ചര്‍ച്ച ചെയ്യും. വിശദീകരണം കേട്ട ശേഷം മാത്രമായിരിക്കും പ്രതികരണം.
Story Highlights: todays headlines, news round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here