Advertisement

കാസർഗോഡ് നിന്ന് കന്യാകുമാരി വരെ ‘നടത്തം’; ലക്ഷ്യം നിർധനരായ കുട്ടികൾക്ക് വേണ്ടിയുള്ള ധനസമാഹരണം

June 30, 2021
Google News 2 minutes Read
two men run from kasargod to kanyakumari for fundraiser

അസ്ലം ടിപി/ ബിന്ദിയ മുഹമ്മദ്‌

കൊവിഡ് കാലത്ത് ജീവിതവും ജീവനോപാധിയും വഴിമുട്ടിയവരാണ് ഭൂരിഭാഗവും. അക്കൂട്ടത്തിലായിരുന്നു കാസർഗോഡ് സ്വദേശി അസ്ലം ടിപി എന്ന നാൽപ്പതുകാരനും. എന്നാൽ മഹാമാരി വിതച്ച ദുരിതത്തിൽ തന്നേക്കാൾ കഷ്ടതകൾ അനുഭവിക്കുന്ന സഹജീവികളുടെ കാര്യമാണ് അസ്ലമിന്റെ മനസിലേക്ക് ഓടിയെത്തിയത്. പ്രത്യേകിച്ച് കുട്ടികളുടെ മുഖങ്ങൾ…

ഈ ദുരിതകാലത്ത് അവർക്ക് കൈത്താങ്ങാകാൻ തന്നാലാകും വിധം പ്രയത്‌നിക്കുകയാണ് അസ്ലമും ഉറ്റ സുഹൃത്ത് മുജീബ് റഹ്മാനും. കാസർഗോഡ് മുതൽ കന്യാകുമാരി വരെയുള്ള 650 കിമി ഓടി, കുഞ്ഞുങ്ങൾക്കായി പണം സ്വരൂപിക്കുകയാണ് ഇവർ. ആദ്യ ഏഴ് ദിവസം പിന്നിട്ടപ്പോൾ തന്നെ ഇവർ സമാഹരിച്ചത് ഏഴ് ലക്ഷം രൂപ !

അസ്ലം എന്ന സംരംഭകൻ

ബംഗളൂരുവിലെ പ്രമുഖ ഐടി കമ്പനിയായ ഡെല്ലിലെ ജീവനക്കാരനായിരുന്നു അസ്ലം. എന്നാൽ കോർപറേറ്റ് ജീവിതം മടുത്ത അസ്ലം ഇന്തോനേഷ്യയിലെ ബാലിയിൽ ‘യുവർ ഫിറ്റ് ട്രിപ്’ എന്ന അഡ്വഞ്ചർ ടൂറിസം സംരംഭം ആരംഭിച്ചു. ആദ്യം നല്ല രീതിയിൽ പോയിരുന്ന സ്ഥാപനം കൊവിഡും പിന്നാലെ വന്ന ലോക്ക്ഡൗണും കാരണം അടച്ചിടേണ്ടി വന്നു. അന്ന് പക്ഷേ താൻ അനുഭവിച്ച കഷ്ടതകളായിരുന്നില്ല അസ്ലമിന്റെ മനസിൽ. മറിച്ച് തന്നേക്കാൾ താഴെക്കിടയിൽ ജീവിക്കുന്നവരെ കൊവിഡും ലോക്ക്ഡൗണും എത്ര ഭീകരമായി ബാധിച്ചിരിക്കാമെന്നായിരുന്നു. പ്രത്യേകിച്ച് കുഞ്ഞുങ്ങളെ. അവർക്ക് വേണ്ട ആഹാരം, ഭക്ഷണം, ഓൺലൈൻ വിദ്യാഭ്യാസ കാലത്തെ ഫോൺ/ടിവി/ഡേറ്റ മറ്റ് ചെലവുകൾ…അങ്ങനെ അസ്ലമിന്റെ മനസിൽ ചോദ്യങ്ങളേറെയായിരുന്നു. അങ്ങനെയാണ് ബാലിയിൽ നിന്ന് തന്റെ സ്വദേശമായ കാസർഗോട്ടേക്ക് അസ്ലം തിരിച്ചെത്തുന്നത്.

ആശയം പിറവി കൊള്ളുന്നു

കഴിഞ്ഞ വർഷം ഒക്ടോബറിൽ ബാലി ചിൽഡ്രൻസ് ഫൗണ്ടേഷന് വേണ്ടി 397 കിമി സൈക്കിൾ ഓടിച്ച് 45 കുട്ടികൾക്ക് വേണ്ടി 6000 ഡോളർ സമാഹരിച്ചിരുന്നു അസ്ലം. ഈ മാതൃക തന്നെ കേരളത്തിലും ആവർത്തിച്ച് ധനസാഹരണം നടത്താനായിരുന്നു പദ്ധതി.

നാട്ടിൽ തിരിച്ചെത്തിയ അസ്ലം, കുട്ടികൾക്ക് വേണ്ടി ധനസമാഹരണം എന്ന ആശയം ഉറ്റ സുഹൃത്ത് മുജീബ് റഹ്മാനുമായി പങ്കുവച്ചു. മുജീബിന് ഭാര്യയും കുട്ടികളുമുണ്ട്. അസ്ലമിന്റെ ആശയം കേട്ടപ്പോൾ സ്വന്തം മക്കളുടെ മുഖമാണ് മുജീബിന്റെ മനസിലേക്ക് ഓടിയെത്തിയത്. അവരെ പോലെ തന്നെയല്ലേ മറ്റ് കുട്ടികളും ? അവർക്ക് വേണ്ടി തുനിഞ്ഞിറങ്ങാൻ താനല്ലാതെ വേറെ ആര് എന്ന ചിന്ത വന്നു. അങ്ങനെ ഉദ്യമത്തിനായി ഇറങ്ങി തിരിച്ചു. ഇരുവരും കായികാഭ്യാസികളായതുകൊണ്ട് തന്നെ ദീർഘദൂരം ഓടുക എന്നത് മറ്റുള്ളവരെ അപേക്ഷിച്ച് ഇവർക്ക് ശ്രമകരമായിരുന്നില്ല.

ഇതിന്റെ ആദ്യ പടിയായി കാസർഗോഡ് തന്നെ പ്രവർത്തിക്കുന്ന ‘നജാത്ത് എജ്യുക്കേഷണൽ ആന്റ് ചാരിറ്റബിൾ സൊസൈറ്റി’ യുടെ പ്രവർത്തനത്തിൽ പങ്കാളികളായി. തങ്ങൾ സമാഹരിക്കുന്ന ധനം ഈ സൊസൈറ്റിക്ക് നൽകും. ഇവർ അർഹരായവർക്ക് വിതരണം ചെയ്യും.

ലക്ഷം മറികടന്നത് 7 ദിവസം കൊണ്ട് !

ജൂൺ 24ന് കാസർഗോഡ് രാവിലെ 7 മണിക്ക് മുജീബും അസ്ലമും നടത്തം ആരംഭിച്ചു. കാസർഗോട്ടെ തെരുവത്ത് സ്‌പോർട്ട്‌സ് ക്ലബ് ബാരവാഹികളും, നാട്ടുകാരും ചേർന്നാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്.

പ്രതിദിനം 30 മുതൽ 40 കിമി വരെയാണ് ഇരുവരും ഓടുന്നത്. ഓടിയെത്തുന്ന നാട്ടിലെ സുഹൃത്തക്കൾ നൽകുന്ന സ്ഥലത്തോ, അല്ലെങ്കിൽ ഹോട്ടലുകൾ ബുക്ക് ചെയ്‌തോ ആ രാത്രി കഴിച്ചുകൂട്ടം. അടുത്ത ദിവസം വീണ്ടും രാവിലെ എഴുനേറ്റ് നടത്തം തുടരും. ലോക്ക്ഡൗൺ ആയതുകൊണ്ട് തന്നെ വഴിയിൽ കൃത്യമായ ഭക്ഷണമോ വെള്ളമോ ലഭിക്കുന്നതിൽ ബുദ്ധിമുട്ടുണ്ട്. പക്ഷേ, വരുമാനമാർഗം നിലച്ച് ഭക്ഷണത്തിന് വഴിയില്ലാതെ ബുദ്ധിമുട്ടുന്നവരുടെ കാര്യം നോക്കുമ്പോൾ, തങ്ങളുടേത് ഒരു കഷ്ടപ്പാടേ അല്ലെന്ന് ഇരുവരും ഒരേ സ്വരത്തിൽ പറയുന്നു.

‘മിലാപ്’ എന്ന ആപ്പിലൂടെയാണ് ധനസമാഹരണം. അതിൽ ഒരു ഫണ്ട്‌റെയ്‌സർ രൂപീകരിച്ചിട്ടുണ്ട്. ഇത് വഴിയാണ് ജനങ്ങൾ പണം നൽകുന്നത്. ഏഴ് ലക്ഷം രൂപയാണ് ഇരുവരും ലക്ഷമിട്ടിരുന്നതെങ്കിലും നടത്തം ആരംഭിച്ച ആദ്യ അഞ്ച് ദിവസം കഴിഞ്ഞപ്പോൾ തന്നെ ഇരുവർക്കുമായി ഏഴ് ലക്ഷം രൂപ ലഭിച്ചു. പക്ഷേ, തങ്ങളേറ്റെടുത്ത ദൗത്യം അവിടെ അവസാനിപ്പിച്ചില്ല ഈ യുവാക്കൾ. തങ്ങളാൽ കഴിയുന്നത്ര പണം നജാത്ത് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്കായി നൽകാനാണ് ഇവർ ഇപ്പോൾ ലക്ഷ്യം വയ്ക്കുന്നത്.

ഇതാദ്യമായല്ല ജീവകാരുണ്യ പ്രവർത്തനത്തിനായി അസ്ലമും മുജീബും മുന്നിട്ടിറങ്ങുന്നത്. മുൻപ് പ്രളയത്തിന്റെ സമയത്തും ഭക്ഷണം, മരുന്ന്, പുനരധിവാസം എന്നിങ്ങനെ പലരീതിയിൽ തങ്ങളാൽ കഴിയുന്ന സഹായങ്ങൾ ഇരുവരും ചെയ്തിട്ടുണ്ട്.
അസ്ലമിനെ പോലുള്ളവരാണ് ഈ കൊവിഡ് കാലത്തെ നമ്മുടെ പ്രതീക്ഷ. ആരുമില്ലാത്തവർക്ക് ഇങ്ങനെ ആരെങ്കിലുമൊക്കെ സഹായത്തിന് വേണ്ടി ‘ഓടി’യെത്തും എന്ന ശുഭപ്രതീക്ഷ മാത്രമാണ് ഈ കെട്ടകാലത്ത് നമുക്ക് വേണ്ടതും.

Story Highlights: v d satheesan, gold smuggling

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here