Advertisement

ട്രാവന്‍കൂര്‍ ഷുഗേഴ്‌സില്‍ ജവാന്‍ റം ഉത്പാദനം പുനരാരംഭിച്ചു

July 6, 2021
Google News 1 minute Read
travancore sugars

പത്തനംതിട്ട പുളിക്കീഴ് ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ഫാക്ടറിയിലെ സ്പിരിറ്റ് കണക്കെടുപ്പ് പൂര്‍ത്തിയായതോടെ ജവാന്‍ റമ്മിന്റെ ഉത്പാദനം പുനരാരംഭിച്ചു. ഈ ബ്രാന്‍ഡ് റം നിര്‍മാണത്തിനായി ജോര്‍ജ് ഫിലിപ്പിനെ ഫാക്ടറിയില്‍ താത്കാലികമായി നിയമിച്ചു. എട്ട് വര്‍ഷം ഈ രംഗത്ത് മുന്‍പരിചയമുള്ള ആളാണ് ഇദ്ദേഹം.

അതേസമയം ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് സ്പിരിറ്റ് തട്ടിപ്പില്‍ അന്വേഷണ പുരോഗതി വിലയിരുത്തിയ പത്തനംതിട്ട എസ് പി ആര്‍.നിശാന്തിനി പ്രത്യേക സംഘത്തിന് രൂപം നല്‍കി. തിരുവല്ല ഡിവൈഎസ്പി ആര്‍ രാജപ്പന്‍, പുളിക്കീഴ് സിഐ ഇ ഡി ബിജു, ഒപ്പം സ്ഥലം മാറിയ മുന്‍ സിഐ ബിജു വി നായരും അന്വേഷണ സംഘത്തില്‍ ഉണ്ടാവും. തിരുവല്ല, എറണാകുളം, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ മൂന്നു സംഘങ്ങളായാകും അന്വേഷണം.

റിമാന്‍ഡിലുള്ള ടാങ്കര്‍ ലോറി ഡ്രൈവര്‍മാര്‍ക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിഐ സ്ഥലം മാറിയതിനാല്‍ ആണ് അപേക്ഷ വൈകിയത്. സ്പിരിറ്റ് മറിച്ചുവിറ്റ മധ്യപ്രദേശില്‍ എത്തിച്ച് തെളിവെടുക്കാന്‍ 10 ദിവസം ആണ് പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സ്പിരിറ്റ് വില്‍പനയ്ക്ക് സഹായിച്ച അബു എന്ന ഏഴാം പ്രതിയെയും മറിച്ചുവിറ്റ 20,386 ലിറ്റര്‍ സ്പിരിറ്റും കണ്ടെത്തേണ്ടതുണ്ട്. നാല് ദിവസമായി ഒളിവില്‍ കഴിയുന്ന പ്രതിപ്പട്ടികയിലുള്ള ജനറല്‍ മാനേജര്‍ അലക്‌സ് പി എബ്രഹാം, പേഴ്‌സണല്‍ മാനേജര്‍ ഹാഷിം, പ്രൊഡക്ഷന്‍ മാനേജര്‍ മേഘ മുരളി എന്നിവരെ ചോദ്യം ചെയ്യാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

സ്പിരിറ്റ് പരിശോധനയില്‍ വീഴ്ച വരുത്തിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിക്കും കേസില്‍ പ്രതിചേര്‍ക്കാനും സാധ്യതയുണ്ട്. ഇന്നലെ പുനരാരംഭിച്ച റം ഉല്‍പാദനം നിര്‍ത്തി വച്ച് ലീഗല്‍ മെട്രോളജി -എക്‌സൈസ് – പൊലീസ് വകുപ്പുകള്‍ സംയുക്തമായി ഫാക്ടറിയിലെ സ്പിരിറ്റ് സ്റ്റോക്കിന്റെ അളവെടുത്തിട്ടുണ്ട്.

Story Highlights: travancore sugars, spirit

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here