ഡാനിഷിന്റെ മൃതദേഹം വൈകിട്ടോടെ ഡൽഹിയിൽ; അന്ത്യവിശ്രമം ജാമിയ മില്ലിയ സർവകലാശാലയ്ക്കുള്ളിലെ ഖബറിസ്ഥാനിൽ

അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം ഇന്ന് വൈകിട്ടോടെ ഡൽഹിയിലെത്തും. എയർ ഇന്ത്യ വിമാനത്തിൽ വൈകിട്ട് 5.50 ഓടെയാകും മൃതദേഹം എത്തിക്കുക. ഡാനിഷിന്റെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ മൃതദേഹം ഏറ്റുവാങ്ങും.
ഡൽഹി ജാമിയ മില്ലിയ സർവകലാശാലയ്ക്കുള്ളിലെ ഖബറിസ്ഥാനിലാണ് ഡാനിഷിന്റെ മൃതദേഹം സംസ്‌കരിക്കുക. ഇവിടെ സംസ്‌കരിക്കണമെന്ന ഡാനിഷിന്റെ ബന്ധുക്കളുടെ ആവശ്യം സർവകലാശാല അധികൃതർ അംഗീകരിക്കുകയായിരുന്നു.
ജാമിയയുമായി ഡാനിഷിന്റെ കുടുംബത്തിന് വർഷങ്ങളായുള്ള ബന്ധമാണുള്ളത്. ഡാനിഷിന്റെ പിതാവ് മുഹമ്മദ് അഖ്തർ സിദ്ദിഖി ജാമിയ ഫാക്വൽടി ഓഫ് എഡ്യുക്കേഷനിൽ പ്രൊഫസർ ആയിരുന്നു. ജാമിയയിലായിരുന്നു ഡാനിഷിന്റെ പ്രാഥമിക വിദ്യാഭ്യാസം.
വെള്ളിയാഴ്ചയാണ് അഫ്ഗാനിസ്ഥാനിൽ ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത്. താലിബാനും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ഡാനിഷിന് വെടിയേൽക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
Story Highlights: Danish siddiqui
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here