Advertisement

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (19-07-2021)

July 19, 2021
Google News 1 minute Read

ബക്രീദ് ഇളവുകള്‍ക്കെതിരായ ഹര്‍ജി; കേരളം ഇന്നുതന്നെ മറുപടി നല്‍കണമെന്ന് സുപ്രിംകോടതി

കേരളത്തില്‍ പെരുന്നാള്‍ ഇളവുകള്‍ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഇന്ന് തന്നെ സംസ്ഥാന സര്‍ക്കാര്‍ മറുപടി സമര്‍പ്പിക്കണമെന്ന് സുപ്രിംകോടതി. ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ സമയം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം സുപ്രിംകോടതി അംഗീകരിച്ചില്ല. ഇന്നുതന്നെ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സ്റ്റാന്റിംഗ് കൗണ്‍സലിന് സുപ്രിംകോടതി നിര്‍ദേശം നല്‍കി. വിശദീകരണത്തിന് കൂടുതല്‍ സമയം വേണമെന്ന കേരളത്തിന്റെ ആവശ്യവും കോടതി പരിഗണിച്ചില്ല. വിഷയം നാളെ ആദ്യകേസായി പരിഗണിക്കുമെന്ന് ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു.

കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ 100 കോടിയുടെ വന്‍ വായ്പ തട്ടിപ്പ്; മുന്‍ ജീവനക്കാര്‍ക്ക് എതിരെ കേസ്

തൃശൂരിലെ കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ വന്‍ വായ്പ തട്ടിപ്പ്. 100 കോടിയുടെ വായ്പ തട്ടിപ്പില്‍ മുന്‍ സഹകരണ ബാങ്ക് ജീവനക്കാര്‍ക്ക് എതിരെ കേസ് എടുത്തു. 2014- 20 കാലഘട്ടത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ആറ് മുന്‍ ജീവനക്കാര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്.

പ്രതിപക്ഷ ബഹളം; ഇരുസഭകളും നിര്‍ത്തിവച്ചു

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റിലെ ഇരുസഭകളും നിര്‍ത്തിവച്ചു. രാജ്യസഭ 12.25 വരെ നിര്‍ത്തിവച്ചു. ലോക്‌സഭ ഉച്ചയ്ക്ക് 2 മണി വരെ പിരിഞ്ഞു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചപ്പോഴും പ്രതിപക്ഷം ബഹളമുണ്ടാക്കിയിരുന്നു.

പത്തനംതിട്ടയില്‍ കൊവിഡ് ഇല്ലാത്തയാളെ ചികിത്സിച്ചു; ഫലം വിലയിരുത്തിയതില്‍ പിഴവെന്ന് ആശാ പ്രവര്‍ത്തക

രോഗബാധ ഇല്ലാത്ത തൊഴിലുറപ്പ് തൊഴിലാളിയെ രണ്ടു ദിവസം കൊവിഡ് കെയര്‍ സെന്ററില്‍ ചികിത്സിച്ചതായി പരാതി. പത്തനംതിട്ട മെഴുവേലി പഞ്ചായത്ത് 13ാം വാര്‍ഡില്‍ നിന്നുള്ള രാജു എന്നയാളാണ് പരാതിക്കാരന്‍. ഈ മാസം 16ന് ഇലവുംതിട്ടയിലെ കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച രാജുവിനെ ഇന്നലെ വൈകുന്നേരമാണ് വിട്ടയച്ചത്.

ഫോണ്‍ ചോര്‍ത്തല്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം; അടിയന്തര പ്രമേയ നോട്ടിസ് നല്‍കി

പെഗാസെസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധത്തില്‍. ഇന്ന് ആരംഭിക്കുന്ന പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം പ്രക്ഷുബ്ധമാകുമെന്നാണ് സൂചന. ഫോണ്‍ ചോര്‍ത്തലിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തത്തി. രാജ്യസഭയിലും ലോക്‌സഭയിലും പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടിസ് നല്‍കി. ലോക്‌സഭയില്‍ അടിയന്തര പ്രമേയ നോട്ടിസ് നല്‍കിയത് എന്‍ കെ പ്രേമചന്ദ്രന്‍ എംപിയാണ്. സഭാനടപടികള്‍ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നും ആവശ്യം. ജനങ്ങളുടെ സ്വകാര്യത സര്‍ക്കാര്‍ അപകടത്തിലാക്കിയെന്നും നോട്ടിസില്‍. കേന്ദ്രം മറുപടി നല്‍കുമെന്നും വിവരം.

അടിമാലിയിൽ ബേക്കറി കട ഉടമ കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

ഇടുക്കി അടിമാലിയിൽ ബേക്കറി കട ഉടമയെ കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടബാധ്യതയിൽ മനംനൊന്താണ് ആത്മഹത്യ എന്നാണ് കുടുംബം പറയുന്നത്. അടിമാലി ഇരുമ്പുപാലത്ത് ബേക്കറി നടത്തുന്ന വിനോദാണ് തൂങ്ങിമരിച്ചത്. വിനോദിന് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പൊലീസിനു മൊഴിനൽകി.

കൊവിഡ് വാക്‌സിന്‍ നിര്‍മാണം; താത്പര്യ പത്രത്തിന്റെ കരട് ഇന്ന് സമര്‍പ്പിക്കും

കൊവിഡ് വാക്‌സിന്‍ നിര്‍മാണത്തില്‍ തുടര്‍നടപടികളിലേക്ക് സര്‍ക്കാര്‍. താത്പര്യ പത്രത്തിന്റെ കരട് ഇന്ന് സര്‍ക്കാരിന് സമര്‍പ്പിക്കും. ചര്‍ച്ചകള്‍ക്കായി നിയോഗിച്ച സംഘമാണ് താത്പര്യ പത്രത്തിന്റെ കരട് തയാറാക്കിയിരിക്കുന്നത്. പ്രൊജക്ട് ഡയറക്ടര്‍ എസ് ചിത്രയാണ്.

പെഗാസെസ് ചോര്‍ത്തിയത് കേന്ദ്ര സര്‍ക്കാരിന് എതിരെ സുപ്രധാന വിവരങ്ങള്‍ പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ കോളുകള്‍

ഇസ്രായേല്‍ ചാരസോഫ്റ്റ് വെയറായ പെഗാസെസ് ചോര്‍ത്തിയത് കേന്ദ്രസര്‍ക്കാരിനെതിരെ സുപ്രധാന വാര്‍ത്തകള്‍ പുറത്ത് കൊണ്ട് വന്ന മാധ്യമപ്രവര്‍ത്തകരുടെ ഫോണുകള്‍. മലയാളികളുടെ പേരും ലിസ്റ്റിലുണ്ട്. 40 മാധ്യമപ്രവര്‍ത്തകരെ കൂടാതെ കേന്ദ്രമന്ത്രിമാരുടെയും പ്രതിപക്ഷനേതാക്കളുടെയും, സുപ്രിം കോടതി ജഡ്ജിമാരുടെയും, ആര്‍എസ്എസ് നേതാക്കളുടെയും ഫോണും പെഗാസെസ് ചോര്‍ത്തി. അതേസമയം ഫോണ്‍ചോര്‍ത്തല്‍ കേന്ദ്രസര്‍ക്കാര്‍ അറിവോടെ ആണെന്ന വാര്‍ത്ത കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചു.

കരിപ്പൂർ സ്വർണക്കടത്ത് കേസ്; ആകാശ് തില്ലങ്കേരിയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും

കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ അർജുൻ ആയങ്കിയുടെ സുഹൃത്ത് ആകാശ് തില്ലങ്കേരിയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. അർജുൻ ഉൾപ്പെട്ട കണ്ണൂർ സ്വർണ്ണക്കടത്ത് സംഘത്തിൽ ആകാശിന് പങ്ക് ഉണ്ടെന്ന മൊഴികളുടെ അടിസ്ഥാനത്തിൽ ആണ് ചോദ്യം ചെയ്യൽ.

Story Highlights: news round up, todays headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here