Advertisement

പിഎസ്‌സി ലിസ്റ്റ് കാലാവധി നീട്ടണം; റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷനുകള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ആരംഭിച്ചു

July 23, 2021
Google News 2 minutes Read
PSC list extension Rank Holders Associations began strike in front Secretariat

വിവിധ റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കാന്‍ രണ്ടാഴ്ച മാത്രം (PSC list extension) ശേഷിക്കെ റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷനുകള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം തുടങ്ങി. വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍, എല്‍ഡിസി, അധ്യാപക റാങ്ക് ലിസ്റ്റിലുള്ളവരാണ് സമരം തുടങ്ങിയത്. എന്നാല്‍ റാങ്ക് ലിസ്റ്റ് നീട്ടാനാകില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.

2020 ഓഗസ്റ്റ് നാലിനാണ് വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റ് നിലവില്‍വന്നത്. എന്നാല്‍ ഇതിനിടയില്‍ തെരഞ്ഞെടുപ്പും രണ്ട് ലോക്ക്ഡൗണുകളും കാരണം ചുരുക്കം ഒഴിവുകളിലേക്ക് മാത്രമേ നിയമനം നടന്നിട്ടുള്ളൂ. പൊലീസ് സേനയിലെ വനിതാ പ്രാതിനിധ്യം 15 ശതമാനമായി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതനുസരിച്ചുള്ള ഒഴിവുകള്‍ ഇതുവരേയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മാത്രമല്ല റാങ്ക് ലിസ്റ്റിന്റെ കാലാവധി ഓഗസ്റ്റ് നാലിനു അവസാനിക്കുകയും ചെയ്യും.

തെരഞ്ഞെടുപ്പ് പ്രഖ്യാപന കാലത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടതായിരുന്നു എല്‍.ഡി ക്ലര്‍ക്ക് റാങ്ക് ലിസ്റ്റിലുള്ളവരുടെ സമരം. എന്നാല്‍ പൂര്‍ണമായ തോതില്‍ ഒഴിവുകള്‍ വിവിധ വകുപ്പുകളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യാനുണ്ടെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്. ഇവരുടെ റാങ്ക് ലിസ്റ്റിന്റെ കാലാവധി സര്‍ക്കാര്‍ നീട്ടി നല്‍കിയിരുന്നെങ്കിലും ഓഗസ്റ്റ് നാലിനു ഇതും അവസാനിക്കും.

Read Also: പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുമായി ഡിവൈഎഫ്‌ഐ ഇന്ന് ചര്‍ച്ച നടത്തിയേക്കും

വിവിധ അധ്യാപക റാങ്ക് ലിസ്റ്റുകളുടെ കാലാവധി സെപ്റ്റംബര്‍ 17 മുതല്‍ അവസാനിക്കുകയാണ്. പ്രൊമോഷന്‍, ഹൈസ്‌കൂളില്‍ നിന്നും ഹയര്‍ സെക്കന്ററിയിലേക്കുള്ള ബൈട്രാന്‍സ്ഫര്‍, തസ്തിക നിര്‍ണയം എന്നിവയിലൂടെയുള്ള ഒഴിവുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയതിട്ടില്ലെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ആരോപണം.

എന്നാല്‍ കാലാവധി നീട്ടി നല്‍കിയ റാങ്ക് ലിസ്റ്റുകള്‍ ഇനിയും നീട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പരാമവധി ഒഴിവുകളില്‍ നിയമനം നടത്താനാണ് തീരുമാനമെന്നും പുതിയ അപേക്ഷകര്‍ക്കും അവസരം നല്‍കണമെന്നുമാണ് സര്‍ക്കാര്‍ നിലപാട്.

കൊവിഡ് വ്യാപനത്തെ തുടർന്ന് യഥാസമയം മത്സര പരീക്ഷകൾ നടത്താൻ പി.എസ്.സി.ക്ക് കഴിയാത്ത സാഹചര്യമുണ്ടായി. എന്നാൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിനെയും നിയമന ശുപാർശ നൽകുന്നതിനെയും ഇത് ബാധിക്കുന്നില്ല. മാത്രവുമല്ല, 05.02.2021നും 03.08.2021നുമിടയിൽ കാലാവധി പൂർത്തിയാക്കുന്ന വിവിധ റാങ്ക് ലിസ്റ്റുകളുടെ കാലാവധി 04.08.2021 വരെ ദീർഘിപ്പിച്ചിരുന്നു.

റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആഗസ്റ്റ് 4ന് അവസാനിക്കുന്നത് കണക്കിലെടുത്ത് അതുവരെയുള്ള മുഴവൻ ഒഴിവുകളും നിയമനാധികാരികൾ പി.എസ്സി.ക്ക് റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഇതിനായി സെക്രട്ടറിമാരുടെ യോഗം വിളിച്ച് ചുമതലപ്പെടുത്തണമെന്നും മന്ത്രിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഒഴിവുകൾ റിപ്പോർട്ടുചെയ്യുന്നതിൽ വീഴ്ചവരുത്തുന്ന വകുപ്പു മേധാവികൾക്കും നിയമനാധികാരികൾക്കും എതിരെ കർശന നടപടി സ്വീകരിക്കും. ഇതിനാവശ്യമായ സത്വര നടപടികൾ സർക്കാരും നിയമനാധികാരികളും പബ്ലിക് സർവ്വീസ് കമ്മീഷനും സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. കാലാവധി നീട്ടണമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സബ്മിഷന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

Story Highlights: PSC list extension Rank Holders Associations began strike in front Secretariat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here