സ്വർണക്കടത്ത് കേസ്: സരിത്തിന് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്ന് എൻ.ഐ.എ. കോടതി

തിരുവനന്തപുരം സ്വർണ കടത്ത് കേസിൽ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ ആവശ്യമെങ്കിൽ പ്രതി സരിത്തിന് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്ന് എൻ.ഐ.എ. കോടതി. പൂജപ്പുര സെൻട്രൽ ജയിൽ അധികൃതർ ഭീഷണിപ്പെടുത്തിയെന്ന സരിത്തിന്റെ പരാതിയിലാണ് കോടതിയുടെ ഇടപെടൽ. വിഷയം എൻ.ഐ.എ. കോടതിയുടെ അധികാര പരിധിയിൽ വരില്ലെന്നും ജഡ്ജി വ്യക്തമാക്കി. സരിത്തിന് നിലവിൽ ജീവൻ ഭീഷണിയില്ലായെന്നാണ് എൻ.ഐ.എ. കോടതിയുടെ നിരീക്ഷണം.
Read Also: തിരുവനന്തപുരം സ്വര്‍ണക്കടത്ത്; എന്‍ഐഎ കേസില്‍ ജാമ്യം തേടി സരിത്ത് കോടതിയില്‍
പൂജപ്പുര ജയിൽ സൂപ്രണ്ട് അടക്കം മൂന്ന് പേർക്കെതിരെയാണ് സരിത്ത് പരാതി നൽകിയിരുന്നത്. രാത്രി ഉറങ്ങാൻ അനുവദിക്കുന്നില്ല, ഉറക്കത്തിൽ നിരന്തരം വിളിച്ചുണർത്തുകയും മറ്റും ചെയ്‌തെന്നാണ് സരിത്ത് പരാതി പറഞ്ഞത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി., കോൺഗ്രസ് നേതാക്കളുടെ പേരുപറയാൻ സമ്മർദമുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതി സരിത്ത് എൻ.ഐ.എ. കോടതിയിൽ പരാതി നൽകിയിരുന്നു. ഇതിനിടെ സരിത്തിനും കേസിലെ മറ്റൊരു പ്രതി റമീസിനുമെതിരെ ജയിൽ സൂപ്രണ്ടും രംഗത്തെത്തി. പ്രതികൾ ജയിൽ നിയമങ്ങൾ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ജയിൽ സൂപ്രണ്ട് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.
Read Also: ജയിൽ സൂപ്രണ്ട് അടക്കം മൂന്ന് പേർ പീഡിപ്പിച്ചെന്ന് സരിത്ത്; സംരക്ഷണമൊരുക്കണമെന്ന് നിർദേശിച്ച് കോടതി
സ്വർണ്ണക്കടത്തു കേസിലെ പ്രതികളായ സരിത്തും കെ.ടി. റമീസും ചട്ടങ്ങൾ പാലിയ്ക്കാൻ തയ്യാറാവുന്നില്ലെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം. പുറത്തുനിന്നുള്ള ഭക്ഷണം ആവശ്യപ്പെട്ട് പ്രതികൾ നിരന്തം ബഹളമുണ്ടാക്കുന്നു.ഇരുവരും ലഹരി ഉപയോഗിയ്ക്കുന്നതായി സി.സി.ടി.വി ദൃശ്യങ്ങളിൽ തെളിഞ്ഞതിനേത്തുടർന്ന് പരിശോധനയ്‌ക്കെത്തിയപ്പോൾ സരിത്ത് ബഹളം വെയ്ക്കുകയായിരുന്നു. റമീസിന്റെ പേരിൽ സൗന്ദര്യ വർദ്ധക സാമഗ്രികൾ ഉൾക്കൊള്ളുന്ന നിരവധി പാഴ്‌സലുകൾ എത്താറുണ്ട്. ജയിൽ ചട്ടങ്ങൾക്ക് വിരുദ്ധമായതിനാൽ ഇത് കൈമാറാറില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയും പ്രതികൾ ജയിലിൽ ബഹളം ഉണ്ടാക്കാറുണ്ട്.കഴിഞ്ഞ ഏഴിനായിരുന്നു ഇക്കാര്യമുൾക്കൊള്ളുന്ന റിപ്പോർട്ട് ജയിൽ വകുപ്പ് കോടതിയിൽ സമർപ്പിച്ചത്. ഇതിന് പിന്നാലെയാണ് ജയിൽ ഉദ്യോഗസ്ഥർക്കെതിരെ പരാതിയുമായി സരിത്ത് രംഗത്തെത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here