20
Sep 2021
Monday

ഡെലിവറി ബോയിയെ കൊന്നുവെന്ന ആരോപണം വാസ്തവവിരുദ്ധം; തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളോട് പ്രതികരിച്ച്‌ നടി യാഷിക ആനന്ദ്

അടുത്തിടെയാണ് അമിത വേഗതയില്‍ സഞ്ചരിച്ച്‌ ആനന്ദും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടത്. അപകടത്തില്‍ താരത്തിന്റെ അടുത്ത സുഹൃത്തായ ഭവാനി മരണപ്പെടുകയും ഗുരുതരമായി പരിക്കേറ്റ താരം ഒരാഴ്ചയോളം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുമായിരുന്നു. കഴിഞ്ഞദിവസം ഉറ്റസുഹൃത്തിന്റെ വേര്‍പാടില്‍ മനംനൊന്ത് യാഷിക ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. തൊട്ടുപിന്നാലെ മറ്റൊരാള്‍ സാമൂഹിക മാധ്യമങ്ങളില്‍ യാഷികയ്ക്കെതിരേ മറ്റൊരു ആരോപണവുമായി രംഗത്തെത്തി.

യാഷിക നിരുത്തരവാദിത്തത്തോടെ വണ്ടിയോടിക്കുന്ന ഒരാളാണെന്നും നേരത്തേ ഒരു ഡെലിവറി ബോയിയെ വണ്ടിയിടിച്ചു കൊന്നുവെന്നുമായിരുന്നു ആയാളുടെ ആരോപണം. ഇതിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍ യാഷിക.

‘ഞാന്‍ എന്റെ സുഹൃത്തിന്റെ ജീവന്‍ എടുത്തു. അത് മനഃപൂര്‍വമായിരുന്നില്ല. പക്ഷേ നിങ്ങള്‍ക്ക് കിട്ടുന്ന വിവരങ്ങള്‍ സത്യമാണോ എന്ന് അന്വേഷിക്കൂ സാര്‍. ഡെലിവറി ബോയിയെ കൊന്നുവെന്ന ആരോപണം വാസ്തവവിരുദ്ധമാണ്. പ്രിയദര്‍ശിനി മൊബൈല്‍ കടയുടെ ഉടമസ്ഥനാണ് വാഹനം ഇടിച്ചത്. ബാലകൃഷ്ണനായിരുന്നു അന്ന് അയാള്‍ക്കൊപ്പമുണ്ടായിരുന്നത്. ഞാന്‍ ആ കാറില്‍ ഉണ്ടായിരുന്നത് പോലുമില്ല. ടി നഗര്‍ പൊലീസ് സ്റ്റേഷനില്‍ തിരക്കൂ. അല്ലെങ്കില്‍ സിസിടിവി പരിശോധിക്കൂ. മറ്റൊരാളുടെ പേര് കളങ്കപ്പെടുത്തുന്നതിന് മുന്‍പ് യഥാര്‍ഥ വിവരങ്ങള്‍ അന്വേഷിക്കൂ’- യാഷിക കുറിച്ചു.

കൂട്ടുകാരിയുടെ മരണത്തിന് അറിഞ്ഞുകൊണ്ടല്ലെങ്കിലും താനാണ് ഉത്തരവാദിയെന്നും ഇപ്പോള്‍ ജീവിച്ചിരിക്കുന്നതില്‍ കുറ്റബോധം തോന്നുന്നുവെന്നും യാഷിക കുറിപ്പില്‍ പങ്കുവച്ചിരുന്നു. മനപൂര്‍വം താന്‍ കൊന്നതാണെന്ന തരത്തില്‍ പലരും സന്ദേശങ്ങള്‍ അയച്ചു. അതില്‍ തന്നെ വേദനിപ്പിക്കുന്ന സന്ദേശങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ കുറിപ്പ്.

യാഷികയുടെ വാക്കുകള്‍

ഞാന്‍ ഇപ്പോള്‍ കടന്നുപോകുന്ന അവസ്ഥയെക്കുറിച്ച്‌ എങ്ങനെ പറയണമെന്ന് അറിയില്ല. ജീവിച്ചിരിക്കുന്നതില്‍ എനിക്കെന്നും കുറ്റബോധമുണ്ടാകും. ആ ദുരന്തത്തില്‍ നിന്ന് എന്നെ രക്ഷിച്ചതിന് ഞാന്‍ ദൈവത്തോട് നന്ദി പറയണോ അതോ എന്റെ ഏറ്റവും നല്ല സുഹൃത്തിനെ എന്നില്‍ നിന്ന് അകറ്റിയതിന് എന്റെ ജീവിതകാലം മുഴുവന്‍ ദൈവത്തെ കുറ്റപ്പെടുത്തണോ എന്ന് എനിക്കറിയില്ല.

ഓരോ നിമിഷവും ഞാന്‍ നിന്നെ മിസ് ചെയ്യുന്നു പവനി. എനിക്കറിയാം ഒരിക്കലും നീ എന്നോട് ക്ഷമിക്കില്ല. നിന്റെ കുടുംബത്തെ ഇത്രയും ഭീകരമായ അവസ്ഥയില്‍ കൊണ്ടെത്തിച്ചത് ഞാനാണ്. മാപ്പ്.. ജീവിച്ചിരിക്കുന്നതില്‍ ഓരോ നിമിഷവും ഞാന്‍ കുറ്റബോധം കൊണ്ട് ഉരുകുകയാണ്.

നിന്റെ ആത്മാവിന് നിത്യശാന്തി കിട്ടിയെന്ന് ഞാന്‍ വിശ്വസിക്കുന്നു. നീ എന്നിലേയ്ക്ക് തിരിച്ചുവരാന്‍ പ്രാര്‍ഥിക്കുന്നു. ഒരിക്കല്‍ നിന്റെ കുടുംബവും എന്നോട് ക്ഷമിക്കുമായിരിക്കും. നിന്നോടൊപ്പമുള്ള ഓരോ നിമിഷവും ഞാന്‍ എന്നും ഓര്‍ക്കും. ഇന്ന് നീ ഞങ്ങളോടൊപ്പമില്ലാതിരിക്കാന്‍ ഞാന്‍ കാരണമാകുമെന്ന് എന്റെ ജീവിതത്തില്‍ ഒരിക്കലും കരുതിയിരുന്നില്ല… നിന്നെ ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു. യാഷിക കുറിക്കുന്നു.
ജൂലൈ 24-ന് പുലര്‍ച്ചെയായിരുന്നു മഹാബലിപുരത്ത് വച്ച്‌ അപകടം സംഭവിച്ചത്. യാഷിക ആനന്ദിനെതിരേ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. അമിതവേഗം മൂലമാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് പറയുന്നു. യാഷികയ്ക്കും ഭവാനിക്കും പുറമേ രണ്ട് സുഹൃത്തുക്കള്‍ കൂടി കാറിലുണ്ടായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറില്‍നിന്ന് തെറിച്ച്‌ വീണ പവനി തല കോണ്‍ഗ്രീറ്റ് പാളിയില്‍ തട്ടിയാണ് മരിച്ചത്.

Story Highlights :

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top