Advertisement

സ്മൃതി മന്ദനക്ക് പിന്നാലെ വനിതാ ഐപിഎലിനെ പിന്തുണച്ച് ജമീമ റോഡ്രിഗസും

August 21, 2021
Google News 2 minutes Read
Jemimah Rodrigues Women’s IPL

വനിതാ ഐപിഎൽ നടത്തണമെന്ന അഭിപ്രായവുമായി ഇന്ത്യൻ വനിതാ താരം ജമീമ റോഡ്രിഗസ്. ആഭ്യന്തര ക്രിക്കറ്റിൽ നിരവധി പ്രതിഭകളുണ്ടെന്നും അതുകൊണ്ട് തന്നെ ഐപിഎൽ നടത്തുക ബുദ്ധിമുട്ടല്ലെന്നും ജമീമ പറഞ്ഞു. കഴിഞ്ഞ ദിവസം മറ്റൊരു ഇന്ത്യൻ താരം സ്മൃതി മന്ദനയും വനിതാ ഐപിഎൽ നടത്തണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. (Jemimah Rodrigues Women’s IPL)

“ശരി, ഇതാണ് മാനദണ്ഡം. അപ്പോൾ ഇങ്ങനെയൊക്കെയാണ് ഞാൻ കളിക്കേണ്ടത്’ എന്ന് ആഭ്യന്തര താരങ്ങൾക്ക് മനസ്സിലായാൽ അതിനനുസരിച്ച് അവർ കഠിനാധ്വാനം ചെയ്യും. രാജ്യാന്തര ടീമും ആഭ്യന്തര ടീമുകളുമായി ഇന്ത്യയിൽ വലിയ അന്തരമുണ്ട്. അതുകൊണ്ട് വനിതാ ഐപിഎൽ നടത്തുക വളരെ സുപ്രധാനമാണ്. രാജ്യത്തെ എല്ലാ തെരുവുകളിലും പുരുഷ, വനിതാ താരങ്ങൾ ക്രിക്കറ്റ് കളിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയിൽ പ്രതിഭകൾക്ക് പഞ്ഞമില്ല. ഇതാണ് വനിതാ ഐപിഎൽ നടത്താനുള്ള കൃത്യ സമയം. ബിഗ് ബാഷ് ലീഗ്, കിയ സൂപ്പർ ലീഗ്, ദി ഹണ്ട്രഡ് എന്നീ ടൂർണമെൻ്റുകളിലൊക്കെ വനിതാ ടീമുകൾ കളിക്കുന്നുണ്ട്. ഞങ്ങളൊക്കെ വനിതാ ഐപിഎൽ എപ്പോഴാണെന്നാണ് ചിന്തിക്കുന്നത്. അത് നമ്മുടെ വനിതാ ക്രിക്കറ്റ് വളർത്തുകയേ ഉള്ളൂ. രാജ്യാന്തര താരങ്ങൾക്കൊപ്പം നമ്മുടെ ആഭ്യന്തര താരങ്ങൾ ഡ്രസിംഗ് റൂം പങ്കിടുന്നത് ആലോചിച്ചുനോക്കൂ. എത്ര വലിയ അനുഭവമായിരിക്കും ഇത്.”- ജമീമ റോഡ്രിഗസ് വ്യക്തമാക്കി.

Read Also : വനിതാ ഐപിഎൽ ആരംഭിക്കണം: സ്മൃതി മന്ദന

ദി ഹണ്ട്രഡിൽ നോർത്തേൺ സൂപ്പർചാർജേഴ്സിൻ്റെ താരമായ ജമീമ തകർപ്പൻ പ്രകടനമാണ് കാഴ്ചവച്ചത്. 7 മത്സരങ്ങൾ കളിച്ച ജമീമ 249 റൺസുമായി പട്ടികയിൽ രണ്ടാമതാണ്.

5-6 ടീമിനുള്ള താരങ്ങൾ ഇന്ത്യയിൽ തന്നെ ഉണ്ടെന്നും വിദേശ താരങ്ങൾ കൂടി എത്തുമ്പോൾ ഐപിഎൽ നടത്താനുള്ള സാഹചര്യം കൃത്യമാകുമെന്നുമാണ് സ്മൃതി പറഞ്ഞത്. ഇന്ത്യൻ പുരുഷ ക്രിക്കറ്റ് താരം ആർ അശ്വിൻ്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുന്നതിനിടെയാണ് മന്ദനയുടെ അഭിപ്രായപ്രകടനം

“പുരുഷ ഐപിഎൽ ആരംഭിച്ചപ്പോൾ, പുരുഷ ടീമിൻ്റെ അതേ എണ്ണം ജില്ലാ ടീമുകൾ ഉണ്ടായിരുന്നു. ഐപിഎൽ കളിച്ച താരങ്ങളുടെ മികവ് വർധിച്ചു. 10, 11 വർഷങ്ങൾക്ക് മുൻപുണ്ടായിരുന്ന ഐപിഎൽ അല്ല ഇപ്പോൾ. അത് തന്നെയാണ് വനിതാ ക്രിക്കറ്റിലും എന്നാണ് ഞാൻ കരുതുന്നത്. 5-6 ടീമുകൾക്കുള്ള താരങ്ങൾ സംസ്ഥാനത്തുണ്ട്. സാവധാനത്തിൽ 8 ടീമുള്ള ഒരു ടൂർണമെൻ്റായി നമുക്ക് അത് മാറ്റാം.”- മന്ദന പറഞ്ഞു.

Story Highlight: Jemimah Rodrigues Women’s IPL

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here