21
Sep 2021
Tuesday

പായസ മധുരമില്ലാതെ എന്ത് ഓണസദ്യ; നാല് വ്യത്യസ്ത പായസ രുചികൾ

Onam special Payasam recipes

ഓണസദ്യ എന്ന് പറഞ്ഞാൽ തന്നെ ഏറ്റവും ഒടുവിൽ വിളമ്പുന്ന പായസത്തിന്റെ മധുരമാണ്. പൊന്നിൻ തിളക്കമുള്ള ഉരുളിയിൽ പാലും പഞ്ചസാരയും നെയ്യും ചേർത്ത് വരട്ടിയെടുത്ത് മേമ്പൊടിക്ക് ഏലത്തരികൾ വിതറി പാകപ്പെടുത്തി എടുക്കുന്ന പായസത്തിന്റെ മണം തന്നെ നമ്മിൽ ഹർഷോന്മാദം പകരും.

തിരുവോണ സദ്യയിൽ പ്രധാനിയും ഏറ്റവും ഒടുവിൽ പാചകം ചെയ്യുന്ന ഒന്നുമാണ് പായസം. പയസ്സ് എന്നാൽ പാൽ എന്നർത്ഥം. പയസ് ചേർത്തത് പായസം. രണ്ട് തരം പാലാണ് പൊതുവെ പായസത്തിൽ ഉപയോഗിക്കുന്നത്. പശുവിൻപാലും തേങ്ങാപ്പാലും. ശർക്കര ചേർത്ത് തയാറാക്കുന്ന പായസത്തിൽ തേങ്ങാപ്പാലും പഞ്ചസാര ചേർത്ത് തയാറാക്കുന്ന പായസത്തിൽ പശുവിൻ പാലുമാണ് ഉപയോഗിക്കുന്നത്.

പായസങ്ങളുടെ മാധുര്യമാണ് സദ്യയുടെ പൂർണതയ്ക്ക് മിഴിവേകുന്നത്. പായസം കുടിച്ച് ചെടിച്ച് പോയാൽ തൊട്ട് നക്കാൻ നാരങ്ങാക്കറിയും ഇഞ്ചിക്കറിയും മാങ്ങാക്കറിയും ഉണ്ട്. പായസങ്ങൾ ഇപ്പോൾ ഒട്ടേറെ തരത്തിലുണ്ട്. പായസത്തിൽ ഒന്നാമനായ അടപ്രഥമന് ഒപ്പം നിൽക്കുന്നതാണ് സേമിയ പായസം.

കേരളത്തിന്റെ തനത് വിഭവമാണ് വിവിധയിനം പായസങ്ങൾ. പായസം ഏറെ ശ്രദ്ധയോടെ വേണം തയാറാക്കാൻ.

Read Also : അത്തപ്പൂക്കളം ഒരുക്കേണ്ടതെങ്ങനെ? അറിയാം അത്തപ്പൂക്കളമൊരുക്കേണ്ടതിന്റെ ചിട്ടവട്ടങ്ങൾ

അടപ്രഥമൻ

ചേരുവകൾ

 • അരി അട – അര കപ്പ്
 • ശർക്കര പാനിയാക്കിയത് – ഒന്നേകാൽ കപ്പ്
 • തേങ്ങാപ്പാൽ – ഒന്നേകാൽ കപ്പ് (കട്ടിയില്ലാത്തത്)
 • തേങ്ങാപ്പാൽ – ഒന്നേകാൽ കപ്പ് (കട്ടിയുള്ളത്)
 • തേങ്ങാക്കൊത്ത് – രണ്ട് ടേബിൾസ്‌പൂൺ
 • കശുവണ്ടി പരിപ്പ് – രണ്ട് ടേബിൾസ്‌പൂൺ
 • ഉണക്കമുന്തിരി – 2-3 ടീ സ്‌പൂൺ
 • ഏലയ്‌ക്കാപ്പൊടി – കാൽ ടീ സ്‌പൂൺ
 • നെയ്യ് – രണ്ടു ടേബിൾ സ്‌പൂൺ

തയാറാക്കുന്ന വിധം

ആദ്യമായി അരി അട ചൂടാക്കിയ വെള്ളത്തിലേക്ക് ഇടുക. കുറച്ചുനേരം ചൂടാക്കിയശേഷം തീ ഓഫാക്കി അരമണിക്കൂറോളം അട വെള്ളത്തിൽ തന്നെ ഇടുക. അതിനുശേഷം പച്ചവെള്ളത്തിൽ അട നന്നായി കഴുകി എടുക്കുക. അതിന്റെ പശപ്പ് മാറുന്നതുവരെ കഴുകണം. വെള്ളമൂറ്റി അട ഒരു പാത്രത്തിലാക്കി സൂക്ഷിക്കുക. ശർക്കര പാനി അര കപ്പ് വെള്ളത്തിലിട്ട് ചൂടാക്കുക. അത് നല്ല കടുംനിറമാകുന്നതുവരെ ചൂടാക്കണം. കരടുകൾ മാറ്റി ശർക്കര പാനി ചൂടാക്കിയത് മറ്റൊരു പത്രത്തിലാക്കി സൂക്ഷിക്കുക.

ഒരു ഫ്രൈയിംഗ് പാനിൽ രണ്ട് ടീസ്‌പൂൺ നെയ്യ് എടുത്ത് ചൂടാക്കുക. അതിലേക്ക് കശുവണ്ടി പരിപ്പ്, ഉണക്കമുന്തിരി, തേങ്ങാക്കൊത്ത്, എന്നിവ ഇട്ട് വറുത്തെടുക്കുക. മുരിയുന്ന പരുവമാകുമ്പോൾ തീ കുറച്ച് വേവിച്ചശേഷം ഇറക്കി ഒരു പാത്രത്തിൽ സൂക്ഷിക്കുക.

ഇതേ ഫ്രൈയിംഗ് പാനിൽ കുറച്ച് നെയ്യ് എടുത്ത് ചൂടാക്കി, അതിലേക്ക് അരി അട ഇട്ടു ഇളക്കി വേവിക്കുക. ചെറിയ തീയിൽ അഞ്ചുമിനിട്ടോളം ഇളക്കി വേവിക്കണം. ഇതിലേക്ക് ശർക്കര പാനി ഒഴിച്ച് ഇളംതീയിൽ ചൂടാക്കുക. ഇത് കുറുകിവരുമ്പോൾ അതിലേക്ക് ഒന്നേകാൽ കപ്പ് കട്ടി കുറഞ്ഞ തേങ്ങാപ്പാൽ ഒഴിക്കുക. ഇത് ഏകദേശം നന്നായി കുറുകി വരുമ്പോൾ, ഒന്നേകാൽ കപ്പ് കട്ടി കൂടിയ തേങ്ങാപ്പാൽ ഒഴിക്കുക. ഇതിനുശേഷം തീ ഓഫാക്കണം. അതിലേക്ക് വറുത്ത കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, തേങ്ങാക്കൊത്ത്, ഏലയ്‌ക്കാപ്പൊടി എന്നിവ ചേർക്കുക. ഇപ്പോൾ ഏറ്റവും സ്വാദിഷ്‌ഠമായ അട പ്രഥമൻ തയ്യാറായിട്ടുണ്ട്. ഇത് ചൂടാടോ കഴിക്കുന്നതാണ് ഏറെ രുചികരം.

സേമിയ പായസം

ചേരുവകൾ

 • പാൽ -1 ലിറ്റർ
 • സേമിയ – അരകപ്പ്‌
 • പഞ്ചസാര – അര കപ്പ്‌
 • അണ്ടിപരിപ്പ് -10 എണ്ണം
 • ഉണക്കമുന്തിരി -10 എണ്ണം
 • നെയ്യ്
 • ഏലയ്ക്ക

തയാറാക്കുന്ന വിധം

ഒരു പാൻ ചൂടാക്കി നെയ്യ് ഒഴിച്ച് സേമിയ ബ്രൌൺ നിറം ആകുന്നതുവരെ വറക്കുക. 1 ലിറ്റർ പാലിൽ 2 കപ്പ്‌ വെള്ളംചേർത്ത് നന്നായി തിളപ്പിക്കുക. പാൽ തിളച്ച ശേഷം അതിലേക്കു സേമിയ ചേർക്കുക. സേമിയ പകുതി വേവായാൽ ആവശ്യത്തിന് പഞ്ചസാര ചേർത്ത് വീണ്ടും വേവിച്ചു കുറുകുമ്പോൾ ഏലക്ക പൊടിച്ചത് ചേർത്ത് അടുപ്പിൽ നിന്നും വാങ്ങുക. അൽപ്പം നെയ്യിൽ അണ്ടിപരിപ്പും ഉണക്കമുന്തിരിയും ചേർത്ത് അലങ്കരിക്കാം.

പാൽപ്പായസം

ചേരുവകൾ

 • ഉണക്കലരി – 1 ലിറ്റർ
 • പാൽ – 2 ലിറ്റർ
 • പഞ്ചസാര – 500 ഗ്രാം
 • നെയ്യ് – 200 ഗ്രാം
 • കിസ്മസ് – 10 ഗ്രാം
 • അണ്ടിപ്പരിപ്പ് – 10 ഗ്രാം
 • ഏലക്കായ – 5 ഗ്രാം
 • കുങ്കുമപ്പൂവ് – 5 ഗ്രാം

തയാറാക്കുന്ന വിധം

ഉണക്കലരി കഴുകി വൃത്തിയാക്കുക. അണ്ടിപ്പരിപ്പ് പൊട്ടിച്ച് ചെറുകഷണങ്ങളാക്കുക. കിസ്മസിന്റെ കാമ്പ് കളഞ്ഞ് കഴുകി എടുക്കണം. ഏലക്കായ തൊലി കളഞ്ഞ് പൊട്ടിച്ചെടുത്ത് വെക്കുക. പാൽ നല്ലത് പോലെ തിളപ്പിച്ച ശേഷം കഴുകി വൃത്തിയാക്കിയ ഉണക്കലരി അതിലിട്ട് വേവിക്കുക. പഞ്ചസാരയും നെയ്യും കുറച്ച് വീതം അതിലിട്ട് ഇളക്കണം. പാൽ കുറുകണം. അരി വെന്ത് കഴിഞ്ഞാൽ അണ്ടിപരിപ്പും കിസ്മസും കുങ്കുമപ്പൂവും ഏലക്കായും ഈ മിശ്രിതത്തിൽ ഇട്ട് ഇളക്കിവച്ച് 10 മിനിറ്റ് അടച്ച് വക്കണം.

ചേന പായസം

ചേരുവകൾ

 • ചേന – 250 ഗ്രാം
 • ശർക്കര – 1/2 കിലോ
 • തേങ്ങാപ്പാൽ – 2 തേങ്ങയുടെ ഒന്നാം പാൽ, രണ്ടാം പാൽ
 • ഏലയ്ക്കാപ്പൊടി – 1/2 ടീ സ്പൂൺ
 • ചുക്ക്പൊടി – 1/2 ടീ സ്പൂൺ
 • നെയ്യ് – 50 ഗ്രാം

തയാറാക്കുന്ന വിധം

ചേന കഴുകി വൃത്തിയാക്കി ചെറുതായി മുറിക്കുക. ഒരു ലിറ്റർ വെള്ളത്തിൽ അൽപ്പം മഞ്ഞൾപ്പൊടിയും നെയ്യും ഒഴിച്ച് ചേന വേവിച്ച് എടുക്കുക. ഇതിലേക്ക് ശർക്കര പാനി ചേർത്ത് നന്നായി കുറുക്കുക. തുടർന്ന് രണ്ടാം പാൽ ചേർക്കാം. ഇത് യോജിച്ച് കുറുകുമ്പോൾ ഒന്നാം പാൽ ചേർക്കാം. ശേഷം ഏലക്കായ പൊടിയും ചുക്ക് പൊടിയും ചേർക്കുക. അണ്ടിപ്പരിപ്പോ തേങ്ങാക്കൊത്തോ നെയ്യിൽ വറുത്ത് ചേർക്കാം.

Story Highlight: Onam special Payasam recipes

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top