Advertisement

എ. രാജയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന പരാതി; എസ്. രാജേന്ദ്രനെതിരെ നടപടിക്ക് സാധ്യത

August 25, 2021
Google News 1 minute Read
Party action against Rajendran

ജാതിയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കി ദേവികുളത്തെ സി.പി.എം. സ്ഥാനാർഥി എ.രാജയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ മുൻ എം.എൽ.എ. എസ്.രാജേന്ദ്രനെതിരെ പാർട്ടി നടപടിക്ക് സാധ്യത.

സംഭവത്തിൽ എസ്. രാജേന്ദ്രൻ മൊഴി രേഖപ്പെടുത്താൻ അന്വേഷണ കമ്മീഷന് മുന്നിൽ ഹാജരായിട്ടുണ്ട്. സി.വി. വർഗീസ്, വി.എൻ. മോഹൻ എന്നിവരാണ് എസ്. രാജേന്ദ്രന്റെ മൊഴിയെടുക്കുന്നത്. എസ്. രാജേന്ദന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കും

എസ്. രാജേന്ദ്രനെതിരെ ഏരിയ കമ്മിറ്റികളിൽ നിന്ന് ഒട്ടേറെ പരാതികൾ ഉയർന്നിരുന്നു. രാജേന്ദ്രൻ കാലുവാരിയതിനാലാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ രാജയ്ക്ക് പ്രതീക്ഷിച്ച ഭൂരിപക്ഷം ലഭിക്കാത്തതെന്നാണ് പ്രവർത്തകരുടെ പരാതി. എതിർസ്ഥാനാർഥിക്ക് പ്രചാരണതന്ത്രങ്ങൾ രഹസ്യമായി പറഞ്ഞുകൊടുത്തെന്ന ആരോപണവും അന്ന് എം.എൽ.എ.യായിരുന്ന രാജേന്ദ്രനെതിരെ ഉയരുന്നുണ്ട്.

Read Also : ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ പാർട്ടിതല അന്വേഷണം

തോട്ടം മേഖലയിൽ ജാതി അടിസ്ഥാനത്തിൽ വേർതിരിവുണ്ടാക്കി വോട്ട് മറിക്കാൻ ശ്രമിച്ചെന്നതാണ് എസ്.രാജേന്ദ്രൻ നേരിടുന്ന പ്രധാന ആരോപണം. ഇക്കുറി താൻ ജയിച്ചാൽ മന്ത്രിയാകുമെന്ന് പ്രചാരണം നടത്തി വീണ്ടും സ്ഥാനാർഥിയാകാൻ നീക്കം നടത്തിയതായും പരാതിയുണ്ട്. മൂന്ന് തവണ എം.എൽ.എ.യായിരുന്ന രാജേന്ദ്രൻ ഇത്തവണ സീറ്റ് കിട്ടാഞ്ഞതോടെ തിരഞ്ഞെടുപ്പുവേദികളിൽ അത്ര സജീവമായിരുന്നില്ലെന്നും പരാതിയുണ്ട്.

2016 വരെയുള്ള മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളിലും പാർട്ടിക്ക് വൻതോതിൽ വോട്ട്‌ ലഭിച്ച രാജേന്ദ്രന്റെ ജന്മസ്ഥലമായ പെരിയവര പുതുക്കാട്, സ്വാധീനമേഖലകളായ ലക്ഷ്മി എസ്റ്റേറ്റ്, വിരിപാറ എന്നിവിടങ്ങളിൽ ഇത്തവണ വോട്ട് കുറഞ്ഞു. ഇവിടങ്ങളിൽ മുൻ തിരഞ്ഞെടുപ്പുകളേക്കാൾ പകുതി വോട്ട് മാത്രമേ രാജയ്ക്ക് ലഭിച്ചുള്ളൂ.

Story Highlights : Party action against Rajendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here