Advertisement

യുഎസ് ഓപ്പൺ: നയോമിക്കും സിറ്റ്സിപാസിനും പരാജയം; ആർതർ ആഷെയിൽ 18 വയസ്സുകാരുടെ അട്ടിമറി

September 4, 2021
Google News 3 minutes Read
naomi osaka stefanos tsitsipas

യുഎസ് ഓപ്പണിൽ ഇന്ന് അട്ടിമറിയുടെ ദിനം. പുരുഷന്മാരുടെ മൂന്നാം റൗണ്ടിൽ മൂന്നാം സീഡ് സ്റ്റെഫാനോസ് സിറ്റ്സിപാസിനും വനിതകളുടെ മൂന്നാം റൗണ്ടിൽ മൂന്നാം സീഡും നിലവിലെ ജേതാവുമായ നയോമി ഒസാക്കയ്ക്കുമാണ് അട്ടിമറി നേരിടേണ്ടിവന്നത്. ആർതർ ആഷെ സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങളിൽ ഇരുവരെയും കീഴടക്കിയത് 18 വയസ്സുകാരായ യുവ താരങ്ങളാണ്. (naomi osaka stefanos tsitsipas)

കാനഡയുടെ 18കാരി ലെയ്ല ആനി ഫെർണാണ്ടസ് ആണ് നയോമിയെ അട്ടിമറിച്ചത്. ടൈ ബ്രേക്കറും കടുത്ത പോരാട്ടവും കണ്ട മത്സരത്തിൽ ആദ്യ സെറ്റ് കൈവിട്ടതിനു ശേഷം കനേഡിയൻ താരം തിരിച്ചുവരികയായിരുന്നു. മൂന്ന് സെറ്റുകളാണ് കളി നീണ്ടുനിന്നത്. സ്കോർ 5-7, 7-6, 6-4. വാശിയേറിയ പോരാട്ടത്തിനൊടുവിൽ ആദ്യ സെറ്റ് കൈവിട്ടെങ്കിലും അതേ പോരാട്ടവീര്യം തുടർച്ച ലെയ്ല രണ്ട്രാം സെറ്റ് ടൈബ്രേക്കറിൽ സ്വന്തമാക്കി. മൂന്നാം സെറ്റ് കനേഡിയൻ താരം ആധികാരികമായാണ് സ്വന്തമാക്കിയത്. മത്സരത്തിനു ശേഷം താൻ കുറച്ചുകാലം ടെന്നിസിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ഒസാക്ക വ്യക്തമാക്കി. നേരത്തെ, ടോക്യോ ഒളിമ്പിക്സ് മൂന്നാം റൗണ്ടിലും ഒസാക്ക അട്ടിമറിക്കപ്പെട്ടിരുന്നു.

Read Also : ടോക്യോ ഒളിമ്പിക്സ്: നയോമി ഒസാക്കയെ അട്ടിമറിച്ച് ചെക്ക് താരം

പുരുഷന്മാരുടെ മൂന്നാം റൗണ്ടിൽ ഗ്രീക്ക് താരം സിറ്റ്സിപാസിനെ സ്പാനിഷ് യുവതാരം കാർലോസ് അൽകാരസ് ഗാർഫിയ ആണ് ഞെട്ടിച്ചത്. 5 സെറ്റ് നീണ്ട മാരത്തൺ പോരാട്ടത്തിൽ അസാമാന്യ പോരാട്ട വീര്യവും സ്റ്റാമിനയും പ്രകടിപ്പിച്ച താരം സിറ്റ്സിപാസിനെ ഞെട്ടിക്കുകയായിരുന്നു. രണ്ട് ടൈബ്രേക്ക്കറുകൾ കണ്ട മത്സരത്തിനൊടുവിലാണ് 18കാരൻ ആർതർ ആഷെയിൽ വിജയക്കൊടി നാട്ടിയത്. സ്കോർ 6-3, 4-6, 7-6, 0-6, 6-7.

ആദ്യ സെറ്റ് തന്നെ അനായാസം സ്വന്തമാക്കിയ കാർലോസ് സിറ്റ്സിപാസിനെ സമ്മർദ്ദത്തിലാക്കി. രണ്ടാം സെറ്റിൽ സിറ്റ്സിപാസ് തിരിച്ചടിച്ചു. മൂന്നാം സെറ്റിൽ 2-5നു പിന്നിൽ നിന്ന കാർലോസ് സെറ്റ് ടൈബ്രേക്കറിലേക്കും വിജയത്തിലേക്കും നീട്ടി. നാലാം സെറ്റിൽ സിറ്റ്സിപാസ് യുവതാരത്തെ വാരിക്കളഞ്ഞു. ഒരു ഗെയിം പോലും യുവതാരത്തിനു നൽകാതെയായിരുന്നു ഗ്രീക്ക് താരത്തിൻ്റെ ജയം. ഈ പരാജയം കുടഞ്ഞെറിഞ്ഞ സ്പാനിഷ് താരം അഞ്ചാം സെറ്റിൽ കടുത്ത പോരാട്ടം കാഴ്ചവച്ചു. ടൈബ്രേക്കറിലേക്ക് നീണ്ട സെറ്റ് സ്വന്തമാക്കി യുവതാരം അവിസ്മരണീയ ജയം കുറിക്കുകയായിരുന്നു.

Story Highlight: us open naomi osaka stefanos tsitsipas lost

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here