കെഎസ്ആർടിസി ശമ്പള പരിഷ്കരണം; പ്രത്യക്ഷ സമര പരിപാടികളിലേക്ക് കടക്കുമെന്ന് പ്രതിപക്ഷ തൊഴിലാളി സംഘടനകൾ

കെഎസ്ആർടിസിയിലെ ശമ്പള പരിഷ്‌കരണ ചർച്ച ഇഴയുന്നതിൽ പ്രതിഷേധിച്ച് പ്രത്യക്ഷ സമര പരിപാടികളിലേക്ക് കടക്കുമെന്ന് പ്രതിപക്ഷ തൊഴിലാളി സംഘടനകളുടെ മുന്നറിയിപ്പ്. ശമ്പള പരിഷ്കരണം മനപൂർവം വൈകിപ്പിക്കുന്നുവെന്നാണ് തൊഴിലാളി സംഘടനകളുടെ ആരോപണം .അതേ സമയം മാനേജ്‌മെന്റും തൊഴിലാളി സംഘടനകളും സർക്കാർ നയം നടപ്പിലാക്കാൻ തയ്യാറാകണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പ്രതികരിച്ചു. (ksrtc salary public protest)
കെഎസ്ആർടിസി ജീവനക്കാർക്ക് ജൂൺ 30ന് പുതുക്കിയ ശമ്പളം കൈയിൽ കിട്ടുമെന്നായിരുന്നു നേരത്തെ മുഖ്യമന്ത്രി നൽകിയ ഉറപ്പ്. എനാൽ, മാസങ്ങൾ കഴിഞ്ഞിട്ടും മാനേജ്‌മെന്റുമായുള്ള പ്രാഥമിക ചർച്ചകൾ പോലും ആരംഭിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് തൊഴിലാളി സംഘടനകൾ ആരോപിക്കുന്നു. 2016 ഫെബ്രുവരി 28നാണ് കെഎസ്ആർടിസി ശമ്പളക്കരാർ അവസാനിച്ചത്. പിന്നീട് പത്താം ശമ്പളപരിഷ്‌കരണ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ അത് പരിഷ്‌കരിക്കേണ്ടതായിരുന്നെങ്കിലും നടന്നില്ല. സംസ്ഥാനത്തെ മറ്റെല്ലാ വകുപ്പുകളിലും പത്തുവർഷത്തിനിടയിൽ രണ്ടുതവണ ശമ്പള പരിഷ്‌കരണം നടന്നെങ്കിലും കെഎസ്ആർടിസി ജീവനക്കാർക്ക് ഇപ്പോഴും ലഭിക്കുന്നത് തുച്ഛമായ തുകയാണ്.
ശമ്പളപരിഷ്‌കരണം നടപ്പാക്കാത്തത് മനഃപൂർവമാണെന്നും, കെ-സ്വിഫ്റ്റിലെ എതിർപ്പ് മറികടക്കാൻ ശമ്പള പരിഷ്കരണം വൈകിപ്പിക്കുന്നുവെന്നും തൊഴിലാളി സംഘടനകൾ ആരോപിക്കുന്നു. സർക്കാർ ഇടപെടൽ ഇനിയും വയ്ക്കുകയാണെങ്കിൽ അനിശ്ചിത കാല സമരത്തിലേക്ക് കടക്കുമെന്നും സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു.
പത്തുവർഷമായി ശമ്പളപരിഷ്‌കരണം നടക്കാത്തതിനാൽ ശമ്പളം, ഡിഎ എന്നീ ഇനങ്ങളിൽ ഒരു ജീവനക്കാരന് ഏഴു ലക്ഷത്തിലധികം രൂപ നഷ്ടമായതായും തൊഴിലാളി സംഘടനകൾ ആരോപിക്കുന്നു.
Story Highlight: ksrtc salary public protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here