നിപ; കുട്ടിയുടെ സമ്പർക്കപ്പട്ടികയിലുള്ള 54 പേർ ഹൈറിസ്ക് വിഭാഗത്തിൽ; 8 പേരുടെ പരിശോധനാ ഫലം ഇന്ന്

കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 251 പേരിൽ 54 ഹൈറിസ്ക് വിഭാഗത്തിലാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. 38 പേർ ആശുപത്രി ഐസൊലേഷനിലാണ്. പതിനൊന്ന് പേർക്ക് രോഗലക്ഷണങ്ങളുണ്ട്. ഇതിൽ എട്ട് പേരുടെ സാമ്പിളുകൾ എൻഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. ഇവരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. ഹൈറിസ്ക് വിഭാഗത്തിലുള്ള 54 പേരിൽ 30 പേർ ആരോഗ്യപ്രവർത്തകരാണെന്നും മന്ത്രി അറിയിച്ചു. രോഗലക്ഷണങ്ങളുള്ള പതിനൊന്ന് പേരുടേയും ആരോഗ്യ നില തൃപ്തികരമാണെന്നും മന്ത്രി പറഞ്ഞു.
കുട്ടിയുടെ വീടും പരിസരവും മൃസംരക്ഷണ വകുപ്പ് സന്ദർശിച്ചു. വീടിന്റെ പരിസരത്ത് രണ്ട് റമ്പൂട്ടാൻ മരങ്ങൾ കണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. പാതി കടിച്ച റമ്പൂട്ടാനുകൾ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ഓരോ 25 വീടിനും ഒരു സംഘമെന്ന നിലയിൽ പ്രദേശത്ത് വിവരശേഖരണം നടത്തും. നിപ ചികിത്സയ്ക്കായി നേരത്തെ തന്നെ സംസ്ഥാനത്ത് പ്രോട്ടോക്കോൾ ഉണ്ടെന്നും, റെംഡിസീവർ ഉപയോഗിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ഭോപ്പാൽ എൻഐവി സംഘം മറ്റന്നാൾ കോഴിക്കോടെത്തുമെന്നും വീണാ ജോർജ് അറിയിച്ചു.
Read Also : നിപ: വയനാട്ടിലും ജാഗ്രത വേണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
അതിനിടെ, നിപയിൽ വയനാട്ടിലും ജാഗ്രത വേണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചീഫ് സെക്രട്ടറിക്കാണ് കേന്ദ്രം ഇത് സംബന്ധിച്ച നിർദേശം നൽകിയത്. കണ്ണൂർ ,മലപ്പുറം ജില്ലകളിലെ ജാഗ്രതക്കു പുറമേയാണ് വയനാട്ടിലും ജാഗ്രത വേണമെന്ന നിർദേശം നൽകിയത്. കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിക്കുന്നത് ഇന്നലെയാണ്. പന്ത്രണ്ട് വയസുകാരൻ നിപ ബാധിച്ച് മരിച്ചതോടെ കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ പട്ടികയിൽ വയനാട് ജില്ലയെ കൂടി ഉൾപ്പെടുത്തിയിരിക്കുന്നത്.
Story Highlight: Veena George about Nipah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here