കൊവിഡ് : മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകനയോഗം

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി ഇന്ന് അവലോകനയോഗം ചേരും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉച്ചയ്ക്ക് 3.30നാണ് യോഗം ചേരുക.
നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകണമോ എന്ന അടക്കമുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും. സ്കൂളുകൾ തുറക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്യും. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കണമെന്ന് നേരത്തെ ഹോട്ടൽ ഉടമകൾ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിലും ഇന്നു ചേരുന്ന അവലോകന യോഗത്തിൽ തീരുമാനം ഉണ്ടാകും.
സംസ്ഥാനത്തെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി വ്യാപാര സ്ഥാപനങ്ങളെല്ലാം തുറന്ന് പ്രവർത്തിച്ച സാഹചര്യത്തിൽ ഹോട്ടലുകളിൽ ഇരുന്ന ഭക്ഷണം കഴിക്കാൻ അനുമതി നൽകണമെന്നും ആവശ്യങ്ങൾ ഉയർന്നിരുന്നു. എന്നാല് കഴിഞ്ഞ കൊവിഡ് അവലോകന യോഗത്തിലും നിയന്ത്രണങ്ങൾ തുടരാനായിരുന്നു തീരുമാനം. ഇതോടെ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനും ബാറുകളില്‍ ഇരുന്ന് മദ്യപിക്കാനും അനുമതിയില്ലെന്നായി.
ഹോട്ടലുകളില്‍ നിയന്ത്രണങ്ങള്‍ പാലിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കുമെന്ന സൂചനകളുണ്ടായിരുന്നെങ്കിലും അവലോകന യോഗത്തില്‍ ആരോഗ്യ വകുപ്പ് എതിര്‍പ്പറിയിച്ചു. അനുമതി നല്‍കിയാല്‍ കൊവിഡ് വ്യാപനത്തിന് ഇടയാക്കുമെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടി. ബാറുകളിലും പാഴ്‌സല്‍ സംവിധാനം തുടരാനാണ് തീരുമാനം.
Story Highlights: covid review meeting today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here