ആശിഷ് മിശ്രയ്ക്ക് ഉചിതമായ ശിക്ഷ നൽകണം; നീതി ലഭിക്കണമെന്ന് ലഖിംപൂരിൽ കൊല്ലപ്പെട്ട കർഷകന്റെ കുടുംബം

ലഖിംപൂർ സംഭവത്തിലെ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് മരിച്ച കർഷകൻ ലവ് പ്രീത് സിംഗിന്റെ കുടുംബം. കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിഷ് മിശ്ര അടക്കം കുറ്റവാളികൾക്ക് ഉചിതമായ ശിക്ഷ ലഭിക്കണം. തങ്ങൾക്ക് വേണ്ടത് നീതിയാണെന്നും ലവ് പ്രീത് സിംഗിന്റെ കുടുംബം ട്വന്റിഫോറിനോട് പറഞ്ഞു.
പത്തൊൻപത് വയസ് മാത്രമാണ് മരിച്ച ലവ് പ്രീത് സിംഗിനുണ്ടായിരുന്നത്. ലഖിംപൂർ ഖേരിയിൽ പ്രതിഷേധിച്ച ലവ് പ്രീത് ഉൾപ്പെടെയുള്ളവർക്ക് നേരെ അജയ് കുമാർ മിശ്രയുടെ മകൻ വാഹനം ഇടിച്ചു കയറ്റുകയായിരുന്നു. ലവ് പ്രീത് ഉൾപ്പെടെ ഒൻപത് പേർക്കാണ് ജീവൻ നഷ്ടമായത്. മന്ത്രിയുടെ അകമ്പടി വാഹനങ്ങളിലൊന്നാണ് പ്രതിഷേധിച്ചവർക്ക് നേരെ ഓടിച്ചു കയറ്റിയത്. ആശിഷ് മിശ്രയ്‌ക്കെതിരെ കൊലക്കുറ്റത്തിന് യു.പി. പൊലീസ് കേസ് എടുത്തിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ലഖിംപൂരിലെ ലവ് പ്രീതിന്റെ വീട്ടിലെത്തിയ രാഹുൽ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും അടക്കം നേതാക്കൾ കുടുംബത്തിന് പിന്തുണ അറിയിച്ചിരുന്നു.
Story Highlights: luv preeth singh family want justice