Advertisement

പേരാവൂരിലെ ചിട്ടി തട്ടിപ്പ്; സഹകരണ വകുപ്പിന്റെ മുന്നറിയിപ്പ് അവഗണിച്ചെന്ന് രേഖകള്‍; 24 എക്‌സ്‌ക്ലൂസിവ്

October 7, 2021
Google News 2 minutes Read
peravoor chit fraud

കണ്ണൂര്‍ പേരാവൂര്‍ കോ-ഓപറേറ്റിവ് ഹൗസ് ബില്‍ഡിംഗ് സൊസൈറ്റിയിലെ വിവാദ ചിട്ടി നടത്തിപ്പ് സഹകരണ വകുപ്പ് മുന്നറിയിപ്പ് അവഗണിച്ചാണെന്ന് രേഖകള്‍. 2017-18ലെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചിട്ടി അവസാനിപ്പിക്കാന്‍ സഹകരണ സംഘത്തിന് വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. നിയമവിരുദ്ധ നിക്ഷേപ പദ്ധതികള്‍ സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. peravoor chit fraud റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു.

2017ലാണ് പേരാവൂര്‍ സഹകരണ ഹൗസ് ബില്‍ഡിംഗ് സൊസൈറ്റി ധനതരംഗ് എന്ന പേരില്‍ ചിട്ടി ആരംഭിക്കുന്നത്. ഒരു ലക്ഷം രൂപയുടെ ചിട്ടിയില്‍ 800ല്‍പ്പരം ആളുകളെ നിക്ഷേപകരാക്കി. മാസം 2000 രൂപ തവണ വ്യവസ്ഥയിലുള്ള ചിട്ടിയില്‍ നറുക്ക് കിട്ടിയവര്‍ പിന്നെ തുക അടയ്‌ക്കേണ്ട. എന്നാല്‍ ഇത്തരം ചിട്ടികള്‍ക്ക് സഹകരണ വകുപ്പ് അനുമതി നല്‍കിയിട്ടില്ല.

പലതവണ ചിട്ടി നിര്‍ത്താനാവശ്യപ്പെട്ട് സൊസൈറ്റി സെക്രട്ടറി, പ്രസിഡന്റ് എന്നിവര്‍ക്ക് നോട്ടിസ് അയച്ചെങ്കിലും പക്ഷേ സൊസൈറ്റി മറുപടി നല്‍കിയില്ല. 2017-18കാലത്തെ സഹകരണ വകുപ്പിന്റെ ഓഡിറ്റിംഗില്‍ ചിട്ടി അവസാനിപ്പിക്കാനും പിരിച്ചെടുത്ത തുക തിരികെ നല്‍കാനും നിര്‍ദേശം നല്‍കിയിരുന്നു. നിയമവിരുദ്ധ ചിട്ടി വകുപ്പിനെ വെല്ലുവിളിച്ച് നടത്തിക്കൊണ്ടുപോകുന്നത് ചട്ടലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

നിലവില്‍ 1 കോടി എഴുപത് ലക്ഷത്തില്‍പ്പരം രൂപ ചിട്ടിയിനത്തില്‍ മാത്രം ബാധ്യതയുള്ള സൊസൈറ്റിയില്‍ തുക വകമാറ്റി ചിലവഴിച്ചെന്ന കണ്ടെത്തലും സഹകരണവകുപ്പ് ഓഡിറ്റിംഗിലുണ്ട്. പിരിഞ്ഞുകിട്ടിയ തുക വകമാറ്റി ചിലവഴിച്ച ജീവനക്കാര്‍ക്ക് ശമ്പളം നല്‍കരുതെന്ന 2013ലെസഹകരണ വകുപ്പ് സര്‍ക്കുലറും സംഘത്തിന്റെ മുതല്‍ സൂക്ഷിക്കാത്തതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഭരണസമിതിക്കായിരിക്കുമെന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശവും തള്ളിക്കളഞ്ഞാണ് സംഘം പ്രവര്‍ത്തിച്ചത്.

Read Also : പേരാവൂരില്‍ ചിട്ടിയുടെ പേരില്‍ വന്‍ തട്ടിപ്പ്; കാലാവധി കഴിഞ്ഞിട്ടും പണം നല്‍കിയില്ലെന്ന് നിക്ഷേപകര്‍

ഈ മാസം 15നകം അസിസ്റ്റന്റ് രജിസ്ട്രാര്‍ ജോയിന്റ് രജിസ്ട്രാര്‍ക്ക് പരിശോധനാ റിപ്പോര്‍ട്ട് നല്‍കും. തുടര്‍ന്ന് ഉത്തരവാദിത്തപ്പെട്ടവരുടെ സ്വത്ത് കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളിലേക്ക് വകുപ്പ് കടക്കും. സിപിഐഎം നിയന്ത്രണത്തിലുള്ളതാണ് പേരാവൂര്‍ കോ-ഓപറേറ്റിവ് ഹൗസ് ബില്‍ഡിംഗ് സൊസൈറ്റി.

Story Highlights: peravoor chit fraud

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here