ലഖിംപൂർ സംഭവം : ആശിഷ് മിശ്ര ടേനി ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ലഖിംപൂർ സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്ര ടേനിയുടെ മകൻ ആശിഷ് മിശ്ര ടേനി ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. രാവിലെ പതിനൊന്ന് മണി വരെയാണ് ഉത്തർപ്രദേശ് പൊലീസ്, മന്ത്രിയുടെ മകന് സമയം നൽകിയിരിക്കുന്നത്. ആശിഷ് മിശ്ര ടേനി ലഖിംപൂർ ഖേരിയിലെ വീട്ടിൽ തന്നെയുണ്ടെന്നും, ഇന്ന് ഹാജരാകുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ അർധരാത്രിയോടെ കേന്ദ്രമന്ത്രി ലഖിംപൂർ ഖേരിയിലെ വീട്ടിലെത്തി. ( ashish mishra lakhimpur )
ലഖിംപൂർഖേരിയിൽ കർഷകരടക്കം 9 പേർ കൊല്ലപ്പെട്ട സംഭവത്തിൽ ആശിഷ് മിശ്ര ടേനിയോട് ഇന്നലെ പത്ത് മണിക്ക് ഹാജരാകാനാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ആശിഷ് മിശ്ര ഹാജരായില്ല. ആശിഷിനെ സംരക്ഷിക്കാൻ യുപി പൊലീസ് സർക്കാർ ശ്രമിക്കുന്നുവെന്ന് സംയുക്തി കിസാൻ മോർച്ച ആരോപിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി അജയ് കുമാർ മിശ്രയുടെ വീടിനുപുറത്തും നോട്ടിസ് പതിച്ചിരുന്നു.
കേന്ദ്രമന്ത്രി അജയ് മിശ്രയുടെ ലഖിംപൂർ സന്ദർശനത്തിൽ പ്രതിഷേധിക്കാനെത്തിയ കർഷകരുടെ നേർക്ക് മകൻ ആശിഷ് മിശ്ര വാഹനം ഓടിച്ചു കയറ്റിയതാണ് കേസ്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് കേന്ദ്രമന്ത്രിയുടെ മകനെ പൊലീസ് ചോദ്യം ചെയ്യാനൊരുങ്ങുന്നത്. സംഭവത്തിൽ നാല് കർഷകർ ഉൾപ്പെടെ 9 പേർക്കാണ് ജീവൻ നഷ്ടമായത്. ആശിഷ് അടക്കമുള്ള കുറ്റവാളികൾക്ക് ഉചിതമായ ശിക്ഷ ലഭിക്കണമെന്ന് കൊല്ലപ്പെട്ട കർഷകൻ ലവ് പ്രീത് സിംഗിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.
Read Also : ലഖിംപൂർ ഖേരിയിൽ ഇന്റർനെറ്റ് ബന്ധം പുനഃസ്ഥാപിച്ചു
അതേസമയം, കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് പി.സി.സി അധ്യക്ഷൻ നവജോത് സിംഗ് സിദ്ദു നിരാഹാര സമരം തുടരുകയാണ്. കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ രമൺ കശ്യപിന്റെ വീട്ടിലാണ് സിദ്ദു നിരാഹാരമിരിക്കുന്നത്. ഇതിനിടെ, ഇന്നലെ രാത്രി ലഖിംപൂർ ഖേരി മേഖലയിലെ ഇന്റർനെറ്റ് വീണ്ടും വിച്ഛേദിച്ചു. സംഭവത്തിൽ മരിച്ച രണ്ട് ബിജെപി പ്രവർത്തകരുടെയും വാഹന ഡ്രൈവറുടെയും കുടുംബത്തിന് യു.പി സർക്കാർ 45 ലക്ഷം രൂപ വീതം കൈമാറി.
Story Highlights: ashish mishra lakhimpur