പൊലീസ് ചോദ്യം ചെയ്യലിൽ ആശിഷ് മിശ്ര നൽകിയത് ഒറ്റ ഉത്തരം മാത്രം

കർഷകർക്ക് നേരെ വാഹനം ഇടിച്ചുകയറ്റിയ സംഭവത്തിലെ നിർണായക ചോദ്യങ്ങൾക്ക് ആശിഷ് മിശ്ര ടേനി നൽകിയത് ഒറ്റ ഉത്തരം മാത്രം. സംഭവ സ്ഥലത്തുണ്ടായിരുന്നില്ല എന്നുമാത്രമാണ് ആശിഷ് മിശ്ര പറഞ്ഞത്. കൂടെയുണ്ടായിരുന്നവരുടെ കൈയിൽ തോക്കുണ്ടായിരുന്നോ എന്നതിലും കൃത്യമായ മറുപടി നൽകിയില്ല. രാഷ്ട്രീയ നേതാവിന്റെ മകനാണെന്ന് ചോദ്യം ചെയ്യലിനിടെ ആശിഷ് അന്വേഷണ സംഘത്തോട് പറഞ്ഞു.
12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ കേന്ദ്രമന്ത്രിയുടെ മകന് പല പ്രാവശ്യം നിയന്ത്രണം വിട്ടു. വാഹനം ഓടിച്ചത് ആരാണ്, എത്ര പേരുണ്ടായിരുന്നു, വാഹനവ്യൂഹത്തിൽ എത്ര വാഹനങ്ങൾ ഉണ്ടായിരുന്നു, ആളുകളെ ഇടിച്ചിട്ടെന്ന് ബോധ്യമായിട്ടും എന്തുക്കൊണ്ട് വാഹനം നിർത്തിയില്ല, റോഡിൽ ആളുകളുടെ തിരക്ക് എന്തുകൊണ്ടായിരുന്നു എന്ന് അറിയാമായിരുന്നോ തുടങ്ങിയ ചോദ്യങ്ങൾക്കും സംഭവ സ്ഥലത്തുണ്ടായിരുന്നില്ല എന്നായിരുന്നു ആശിഷിന്റെ മറുപടി. ചോദ്യം ചെയ്യലുമായി സഹകരിക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് രാഷ്ട്രീയ നേതാവിന്റെ മകനെന്നായിരുന്നു പ്രതികരണം. ക്രിമിനൽ അല്ലെന്നും, എപ്പോൾ വിളിപ്പിച്ചാലും വരാമെന്നും ആശിഷ് അന്വേഷണ സംഘത്തോട് പറഞ്ഞു.
സംഭവം നടക്കുമ്പോൾ അഞ്ച് കിലോമീറ്ററിന് അപ്പുറം ഗുസ്തി മത്സരം നടക്കുന്ന ഇടത്തായിരുന്നുവെന്നാണ് ആശിഷ് മിശ്ര ടേനിയുടെ വാദം. എന്നാൽ, മൊബൈൽ ടവർ ലൊക്കേഷൻ ചൂണ്ടിക്കാട്ടി ആ വാദം യു.പി പൊലീസ് പൊളിച്ചു. ആശിഷ് രണ്ട് മണി മുതൽ നാല് മണി വരെ ഗുസ്തി മത്സരം നടക്കുന്ന സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ നൽകിയ മൊഴി നിർണായകമായി. കർഷകർക്ക് നേരെ പാഞ്ഞുകയറിയ വാഹനം ഓടിച്ചിരുന്നത് ആശിഷിന്റെ ഡ്രൈവറെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
Story Highlights: Ashish Mishra only one reply to all questions