‘പരാതിയിൽ ഉറച്ച് നിൽക്കുന്നു’; വനിതാ കമ്മിഷന് മൊഴി നൽകി ഹരിത മുൻ ഭാരവാഹികൾ

എംഎസ്എഫ് നേതാക്കൾക്കെതിരായ ലൈംഗിക അധിക്ഷേപ പരാതിയിൽ ഹരിത മുൻ ഭാരവാഹികൾ വനിതാ കമ്മിഷന് മൊഴി നൽകി. ഹരിത മുൻ സംസ്ഥാന പ്രസിഡന്റ് മുഫീദ തസ്നി, മുൻ ജനറൽ സെക്കട്ടറി നജ്മ തബ്ഷീറ എന്നിവരാണ് വനിതാ കമ്മിഷന്റെ കോഴിക്കോട്ടെ അദാലത്തിലെത്തി മൊഴി നൽകിയത്.
വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവിയുടെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്. പരാതിയിൽ പറഞ്ഞതിനേക്കാൾ കൂടുതൽ വിവരങ്ങൾ കമ്മിഷന് നൽകിയതായി നേതാക്കൾ പറഞ്ഞു. പൊലീസ് നടപടികൾക്ക് വേഗം പോരെന്ന പരാതിയും വനിതാ കമ്മിഷനെ ധരിപ്പിച്ചു. പൊലീസ് അന്വേഷണം വൈകാതിരിക്കാൻ നടപടിയെടുക്കുമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ പി. സതീദേവി പറഞ്ഞു.
ഇതാദ്യമായാണ് ഹരിത നേതാക്കൾ വനിതാ കമ്മിഷന് മൊഴി നൽകുന്നത്. ആരോപണവിധേയരായ എംഎസ്എഫ് നേതാക്കൾക്ക് നോട്ടിസ് നൽകിയെങ്കിലും ഹാജരായില്ല. വനിതാ കമ്മിഷന് നൽകിയ പരാതി പിൻവലിക്കണമെന്ന് ലീഗ് നേതൃത്വം ആവശ്യപ്പെട്ടിരുന്നെങ്കിലും വനിതാ നേതാക്കൾ തയ്യാറായിട്ടില്ല.
Story Highlights: haritha former leaders give statement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here