കോടതി വിധിയില്‍ ആശ്വാസമെന്ന് ഉത്രയുടെ പിതാവ്; പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് സഹോദരന്‍

ഉത്ര വധക്കേസില്‍ കോടതി വിധിയില്‍ ആശ്വാസമുണ്ടെന്ന് ഉത്രയുടെ പിതാവ് വിജയസേനന്‍. ഇതുവരെയുള്ള കോടതി നടപടികളില്‍ സംതൃപ്തിയുണ്ട്. നിഷ്‌കളങ്കയായ മകളെ ചതിച്ചുകൊലപ്പെടുത്തിയതാണ് സൂരജ് എന്നും വിജയസേനന്‍ പറഞ്ഞു.
പ്രതി സൂരജിന് പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഉത്രയുടെ സഹോദരന്‍ വിഷു പ്രതികരിച്ചു.
കേസ് അന്വേഷണത്തില്‍ സഹകരിച്ച എല്ലാ ഉദ്യോഗസ്ഥരോടും കടപ്പെട്ടിരിക്കുകയാണ്. സൂരജിന് വധശിക്ഷ തന്നെ ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്നും സഹോദരന്‍ പറഞ്ഞു. കോടതി വിധിക്കുശേഷമാണ് ഇരുവരുടെയും പ്രതികരണം.
കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജാണ് കേസില്‍ വിധി പറഞ്ഞത്. മറ്റന്നാള്‍ പ്രതിക്ക് ശിക്ഷവിധിക്കും. ഐപിസി 302, 307, 328, 201 വകുപ്പുകളാണ് പ്രതിക്കുമേല്‍ ചുമത്തിയത്. ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്നും കോടതി വ്യക്തമാക്കി. ഉത്രയുടെ അച്ഛന്‍ വിജയസേനനും സഹോദരന്‍ വിഷുവും കോടതിയില്‍ നേരിട്ടെത്തിയാണ് വിധി കേട്ടത്. കനത്ത സുരക്ഷാവലയത്തിലാണ് ആള്‍ക്കൂട്ടത്തിനിടയിലൂടെ സൂരജിനെ പൊലീസ് സംഘം കോടതിമുറിക്കുള്ളിലെത്തിച്ചത്.
പ്രതിയെ അടുത്ത് വിളിച്ചുവരുത്തി ചെയ്ത കുറ്റകൃത്യങ്ങള്‍ വായിച്ചുകേള്‍പ്പിച്ച കോടതി എന്തെങ്കിലും പറയാനുണ്ടോ എന്ന് സൂരജിനോട് ചോദിച്ചപ്പോള്‍ ഒന്നും പറയാനില്ല എന്നായിരുന്നു മറുപടി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസില്‍ പ്രതിയുടെ നടപടി വിചിത്രവും പൈശാചികവും ദാരുണവുമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യവും പ്രോസിക്യൂഷന്‍ കോടതിക്കുമുന്നില്‍ വെച്ചു. ഭാര്യ വേദന കൊണ്ടുപുളയുമ്പോള്‍ പ്രതി മറ്റൊരു കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. വധശിക്ഷ നല്‍കാവുന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിത് എന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. അതേസമയം ഉത്രയുടെ മരണം കൊലപാതകമല്ലെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് പറയാനാകില്ലെന്നും പ്രതിഭാഗം വാദിച്ചു.
Story Highlights: uthra’s family response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here