കർണാടകയിൽ തീയറ്ററുകൾ തുറന്നതിന് പിന്നാലെ സംഘർഷം; കിച്ച സുദീപിന്റെ ആരാധകർ തീയറ്റർ ആക്രമിച്ചു

കർണാടകയിൽ തീയറ്ററുകൾ തുറന്നതിന് പിന്നാലെ സംഘർഷം. കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചതിന് ശേഷം ഇന്നാണ് തീയറ്ററുകൾ തുറക്കുന്നത്. ടിക്കറ്റ് കിട്ടാതായതോടെ താരങ്ങളുടെ ആരാധകർ അക്രമാസക്തരായി.
നടൻ കിച്ച സുദീപിന്റെ കൊടിഗൊപ്പ 3 എന്ന സിനിമ പ്രദർശിപ്പിച്ച വിജയപുരയിലെ ഡ്രീംലാൻഡ് തീയറ്ററിലാണ് വ്യാപക അക്രമമുണ്ടായത്. ടിക്കറ്റ് വിൽപന പൂർത്തിയായ സമയം ഗെയ്റ്റുകൾ അടച്ചതോടെ കിച്ച സുദീപിന്റെ ആരാധകർ പ്രകോപിതരായി. ഗെയ്റ്റ് തകർക്കുകയും തീയറ്ററിന് നേരെ കല്ലെറിയുകയും ചെയ്തു. തീയറ്റർ ഉടമകൾക്ക് നേരെയും ആക്രമണമുണ്ടായി. തുടർന്ന് പൊലീസ് എത്തുകയും ലാത്തി വീശുകയും ചെയ്തു. ഇതോടെയാണ് ആരാധകർ പിരിഞ്ഞുപോയത്.
ഏഴ് മാസങ്ങൾക്ക് ശേഷമാണ് കർണാടക ഉൾപ്പെടെ ആറിടങ്ങളിൽ തീയറ്ററുകൾ തുറന്നത്. മിക്ക ഇടങ്ങളിലും ആളുകൾ തീയറ്ററിലേക്ക് എത്താൻ വിമുത കാണിക്കുന്നുണ്ട്. പലയിടങ്ങളിലും ആളൊഴിഞ്ഞ തീയറ്ററിലാണ് പ്രദർശനം നടത്തിയത്. തീയറ്ററുകൾ തുറക്കുന്നതിന് മുന്നോടിയായി കേന്ദ്രമന്ത്രാലയം വ്യക്തമായ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. സീറ്റിംഗ് കപ്പാസിറ്റിയുടെ അമ്പത് ശതമാനം മാത്രമാണ് ആളുകൾക്ക് അനുവദിച്ചിട്ടുള്ളത്. ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കാൻ ഷോ സമയക്രമങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. തീയറ്ററിൽ പ്രവേശിക്കാൻ മാസ്‌കും സാനിറ്റൈസറും നിർബന്ധമാണ്. സാമൂഹ്യ അകലം കർശനമായി പാലിക്കണമെന്നും നിർദേശമുണ്ട്.
Story Highlights : Kichcha Sudeep fans vandalise theatres
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here