സിംഗുവിൽ കൊല്ലപ്പെട്ട ലഖ്ബീറിന്റെ ശരീരത്തിൽ 37 മുറിവുകൾ ഉണ്ടായിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

സിംഗു അതിർത്തിയിൽ കൊല്ലപ്പെട്ട ലഖ്ബീർ സിംഗിന്റെ ശരീരത്തിൽ മാരകമായ 37 മുറിവുകൾ ഉണ്ടായിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മാരകമായ മുറിവുകളിലൂടെ രക്തം വാർന്നാണ് ലഖ്ബീർ മരിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
നിലവിൽ ഏഴു ദിവസത്തെ റിമാൻഡിലുള്ള സറബ് ജിത് സിംഗാണ് സംഭവത്തിലെ മുഖ്യപ്രതി എന്നാണ് പൊലീസിന്റെ നിഗമനം. കൊലപാതകത്തിന്റെ പൂർണ ഉത്തരവാദിത്തം ഇയാൾ ഏറ്റെടുത്തു. കേസിൽ ബാബ നാരായിൻ സിംഗ് ഉൾപ്പെടെ നിഹാങ്ങ് സിഖ് വിഭാഗത്തിൽ നിന്നുള്ള 4 പേരെ അറസ്റ്റ് ചെയ്തു. ലഖ്ബീറിന്റെ കാലു വെട്ടിയത് താനാണെന്ന് ബാബ നാരായിൻ സിംഗ് സമ്മതിച്ചിട്ടുണ്ട്. ഹീനമായ കൊലപാതകത്തിൽ പ്രതികൾ ആരും കുറ്റബോധം രേഖപ്പെടുത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. കേസിൽ ഇനിയും ആറ് പേർ അറസ്റ്റിലാകാനുണ്ടെന്നാണ് വിവരം.
അതേസമയം, കൊല്ലപ്പെട്ട ലഖ്ബീർ സിംഗിന്റെ മൃതദേഹം സംസ്‌കരിക്കുന്നത് വിലക്കിയ നാട്ടുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര പട്ടികജാതി കമ്മിഷൻ അധ്യക്ഷൻ വിജയ് സാമ്പ്‌ല പഞ്ചാബ് ഡിജിപിയോട് ആവശ്യപ്പെട്ടു. നാട്ടുകാർ വിലക്കിയതിനെ തുടർന്ന് ഭാര്യയും മക്കളും ഉൾപ്പെടെ 12പേരുടെ മാത്രം സാന്നിധ്യത്തിലാണ് ലഖ്ബീർ സിംഗിന്റെ സംസ്‌കാര ചടങ്ങുകൾ നടന്നത്.
Story Highlights : lakhbir singh postmortem report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here