ഗപ്റ്റിലിനു പരുക്ക്; ഇന്ത്യക്കെതിരെ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്

ന്യൂസീലൻഡ് ഓപ്പണർ മാർട്ടിൻ ഗപ്റ്റിലിനു പരുക്ക്. ഇന്നലെ പാകിസ്താനെതിരെ നടന്ന മത്സരത്തിൽ കാൽവിരലിന് പരുക്കേറ്റ താരം ഇന്ത്യക്കെതിരെ കളിക്കാനിറങ്ങിയേക്കില്ലെന്നാണ് റിപ്പോർട്ട്. മത്സരത്തിനു പിന്നാലെ, ഗപ്റ്റിലിന് ചില ബുദ്ധിമുട്ടുകളുണ്ടെന്നും രണ്ട് മൂന്ന് ദിവസങ്ങൾക്ക് ശേഷമേ എന്തെങ്കിലും പറയാൻ കഴിയൂ എന്നും കിവീസ് പരിശീലകൻ ഗാരി സ്റ്റീഡ് പറഞ്ഞു. (martin guptill injured india)
പാക് പേസർ ഹാരിസ് റൗഫിൻ്റെ പന്ത് ബൂട്ടിൽ ഇടിച്ചാണ് ഗപ്റ്റിലിന് ഇന്നലെ പരുക്കേറ്റത്. 17 റൺസെടുത്ത് പുറത്തായ താരം ഫീൽഡിൽ ഇറങ്ങിയിരുന്നില്ല. ഈ മാസം 31നാണ് ഇന്ത്യ-ന്യൂസീലൻഡ് മത്സരം. ഇന്ത്യയും ന്യൂസീലൻഡും തങ്ങളുടെ ആദ്യ മത്സരങ്ങളിൽ പാകിസ്താനോട് പരാജയപ്പെട്ടതിനാൽ ഇരു ടീമുകൾക്കും ഈ മത്സരം നിർണായകമാണ്.
പേസർ ലോക്കി ഫെർഗൂസനും പരുക്കേറ്റ് പുറത്തായിരുന്നു. കാൽവെണ്ണയ്ക്ക് പരുക്കേറ്റതിനെ തുടർന്ന് താരം ടി-20 ലോകകപ്പിനുള്ള ടീമിൽ നിന്ന് പുറത്തായി. പകരം ആദം മിൽനെയെ ന്യൂസീലൻഡ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരുക്ക് ഭേദപ്പെടാൻ മൂന്ന് മുതൽ നാല് ആഴ്ച വരെ വേണ്ടിവരുമെന്നാണ് വിവരം.
Read Also : രക്ഷകനായി ആസിഫ് അലിയും ഷൊഐബ് മാലിക്കും; പാകിസ്താന് ആവേശജയം
കിവീസിനെ ഇന്നലെ കിവീസിനെ അഞ്ച് വിക്കറ്റിന് പാകിസ്താൻ മറികടന്നു. ന്യൂസീലൻഡ് മുന്നോട്ടുവച്ച 135 റൺസ് വിജയലക്ഷ്യം 18.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി പാകിസ്താൻ മറികടന്നു. 33 റൺസെടുത്ത മുഹമ്മദ് റിസ്‌വാൻ പാകിസ്താൻ്റെ ടോപ്പ് സ്കോററായി. ന്യൂസീലൻഡിനായി ഇഷ് സോധി രണ്ട് വിക്കറ്റ് വീഴ്ത്തി.
ഏഴാം നമ്പറിലെത്തിയ ആസിഫ് അലിയുടെ കൂറ്റൻ ഷോട്ടുകളാണ് പാകിസ്താനെ വിജയത്തിലെത്തിച്ചത്. അവസാന ഓവറുകളിൽ ഷൊഐബ് മാലിക്കും ബൗണ്ടറികൾ കണ്ടെത്തി. ആസിഫ് അലി (27), ഷൊഐബ് മാലിക്ക് (26) എന്നിവർ പുറത്താവാതെ നിന്നു. 48 റൺസിൻ്റെ അപരാജിത കൂട്ടുകെട്ടാണ് ആറാം വിക്കറ്റിൽ ഈ സഖ്യം പടുത്തുയർത്തിയത്.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ന്യൂസീലൻഡ് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 134 റൺസെടുത്തു. 27 റൺസ് വീതം നേടിയ ഡാരിൽ മിച്ചലും ഡെവോൺ കോൺവേയുമാണ് കിവീസിൻ്റെ ടോപ്പ് സ്കോറർമാർ. പാകിസ്താനു വേണ്ടി ഹാരിസ് റൗഫ് 4 വിക്കറ്റ് വീഴ്ത്തി.
Story Highlights : martin guptill injured wont play india