Advertisement

ബിഗ് ബാഷ് ലീഗ് കളിക്കുന്ന ആദ്യ ഇന്ത്യൻ പുരുഷ താരം; റെക്കോർഡ് നേട്ടവുമായി ഉന്മുക്ത് ചന്ദ്

November 4, 2021
Google News 2 minutes Read
unmukt chand big bash

ബിഗ് ബാഷ് ലീഗ് കളിക്കുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമെന്ന റെക്കോർഡുമായി ഇന്ത്യയുടെ മുൻ അണ്ടർ 19 ലോകകപ്പ് ക്യാപ്റ്റൻ ഉന്മുക്ത് ചന്ദ്. ഇന്ത്യയിൽ മികച്ച പ്രകടനം നടത്താൻ സാധിക്കാതിരുന്നതിനെ തുടർന്ന് അമേരിക്കയിലേക്ക് കുടിയേറിയ ഉന്മുക്ത് അടുത്തിടെ സമാപിച്ച മൈനർ ലീഗ് ടി-20 ക്രിക്കറ്റ് ടൂർണമെൻ്റിൽ തകർപ്പൻ പ്രകടനം നടത്തിയിരുന്നു. ടൂർണമെൻ്റിൽ 612 റൺസോടെ ഉന്മുക്ത് ആയിരുന്നു ഏറ്റവും റൺസ് നേടിയ താരം. ഈ പ്രകടനത്തിനു പിന്നാലെയാണ് ഉന്മുക്തിന് ബിഗ് ബാഷ് ലീഗിലേക്ക് ക്ഷണം വന്നത്. (unmukt chand big bash)

Read Also: ദി ക്യൂരിയസ് കേസ് ഓഫ് ഉന്മുക്ത് ചന്ദ്

28കാരനായ ഉന്മുക്ത് ആരോൺ ഫിഞ്ച് നായകനായ മെൽബൺ റെനഗേഡ്സുമായാണ് കരാർ ഒപ്പിട്ടിരിക്കുന്നത്. ഷോൺ മാർഷ്, മുഹമ്മദ് നബി, ജെയിംസ് പാറ്റിൻസൺ, കെയിൻ റിച്ചാർഡ്സൺ തുടങ്ങിയവരും റെനഗേഡ്സിൻ്റെ താരങ്ങളാണ്. ഡിസംബർ അഞ്ച് മുതലാണ് ബിഗ് ബാഷ് ലീഗ് ആരംഭിക്കുക. ഏഴാം തീയതിയാണ് മെൽബൺ റെനഗേഡ്സിൻ്റെ ആദ്യ മത്സരം. അഡലെയ്ഡ് സ്ട്രൈക്കേഴ്സാണ് അവരുടെ എതിരാളികൾ.

ഒരുകാലത്ത് ഇന്ത്യൻ ടീമിൻ്റെ ഭാവി വാഗ്ധാനം എന്നറിയപ്പെട്ടിരുന്ന താരമാണ് ഉന്മുക്ത്. ആഭ്യന്തര മത്സരങ്ങളിലെ സ്ഥിരതയാർന്ന പ്രകടനങ്ങൾക്കൊടുവിൽ 2012 അണ്ടർ 19 ലോകകപ്പ് ടീമിനെ നയിച്ച ഉന്മുക്ത് ടീമിനെ ജേതാക്കളാക്കി. ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ തകർപ്പൻ സെഞ്ചുറി നേടിയ ഉന്മുക്തിനെ ഏറെ പ്രതീക്ഷകളോടെയാണ് ക്രിക്കറ്റ് ലോകം കണ്ടത്. കോപ്പിബുക്ക് ഷോട്ടുകളും മികച്ച ടൈമിങുമുള്ള താരം സ്റ്റൈലിഷ് പ്ലേയുടെ വക്താവായിരുന്നു. ലോകകപ്പിലെ മികച്ച പ്രകടനങ്ങൾ ഉന്മുക്തിനെ ഐപിഎലിലെത്തിച്ചു. ഡൽഹി ക്യാപിറ്റൽസ്, മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകൾക്കായി കളിച്ചെങ്കിലും ഒരിക്കൽ പോലും എടുത്തുപറയത്തക്ക പ്രകടനം നടത്താൻ താരത്തിനായില്ല. വൈകാതെ ആഭ്യന്തര മത്സരങ്ങളിലും ഉന്മുക്ത് തുടർച്ചയായി പരാജയപ്പെട്ടു. കഴിഞ്ഞ സീസണിൽ ഡൽഹിയിൽ നിന്ന് ഉത്തരാഖണ്ഡിലേക്ക് മാറിയെങ്കിലും അവിടെയും താരം മോശം പ്രകടനങ്ങളാണ് നടത്തിയത്. ഒടുവിൽ കഴിഞ്ഞ ഓഗസ്റ്റിൽ ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഉന്മുക്ത് അമേരിക്കയിലേക്ക് ചേക്കേറി. അവിടെ സിലിക്കോൺ വാലി സ്ട്രൈക്കേഴ്സിനെ നയിച്ച താരം അവരെ ചാമ്പ്യന്മാരുമാക്കി.

Story Highlights : unmukt chand big bash league

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here