ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായി ലക്ഷ്മണെ നിയമിച്ചേക്കും

ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായി മുൻ ഇന്ത്യൻ താരം വിവിഎസ് ലക്ഷ്മണെ നിയമിക്കാൻ സാധ്യത. രാഹുൽ ദ്രാവിഡിൻ്റെ ഒഴിവിലാണ് ലക്ഷ്മണെ നിയമിക്കാനൊരുങ്ങുന്നത്. ലക്ഷ്മണെ സ്ഥാനം ഏല്പിക്കാൻ ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലിയ്ക്ക് താത്പര്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ. (vvs laxman nca chief)
“സൗരവ് ഗാംഗുലിയും ജയ് ഷായും ലക്ഷ്മണെ എൻസിഎ തലവനാക്കാൻ താത്പര്യപ്പെടുന്നു. പക്ഷേ, തീരുമാനം പൂർണമായും ലക്ഷ്മണ് തന്നെ എടുക്കാം. അദ്ദേഹമാണ് ഈ സ്ഥാനത്തേക്ക് മുൻപന്തിയിൽ നിൽക്കുന്നത്. മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡുമായി ലക്ഷ്മണ് പ്രത്യേക ബന്ധവുമുണ്ട്. ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ടുനയിക്കാൻ ഇരുവരും ചേർന്ന് പ്രവർത്തിച്ചാൽ വളരെ നന്നാവും.”- ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് ടൈംസ് നൗ റിപ്പോർട്ട് ചെയ്തു.
അതേസമയം, ഇന്ത്യയുടെ ടി-20 ടീം ക്യാപ്റ്റനായി ജസ്പ്രീത് ബുംറയെ നിയോഗിക്കണമെന്ന് മുൻ ദേശീയ താരം ആശിഷ് നെഹ്റ ആവശ്യപ്പെട്ടു. രോഹിതിനു ശേഷം ഋഷഭ് പന്തിനെയും ലോകേഷ് രാഹുലിനെയുമൊക്കെയാണ് ആളുകൾ പറയുന്നതെന്നും ബൗളർമാർ ക്യാപ്റ്റനാവുന്നതിൽ എന്താണ് തെറ്റെന്നും നെഹ്റ ചോദിച്ചു. ക്രിക്ക്‌ബസിൽ നടന്ന ചർച്ചക്കിടെയായിരുന്നു നെഹ്റയുടെ പരാമർശം.
Read Also : ‘ബൗളർമാർ എന്തുകൊണ്ട് ക്യാപ്റ്റനായിക്കൂടാ?’; ബുംറയെ ടി-20 ക്യാപ്റ്റൻ ആക്കണമെന്ന് നെഹ്റ
ടി-20 ലോകകപ്പിനു ശേഷം നടക്കുന്ന ന്യൂസീലൻഡ് പര്യടനം മുതൽ ദ്രാവിഡ് പരിശീലക സ്ഥാനം ഏറ്റെടുക്കും. ടി-20 ലോകകപ്പിന് ശേഷം രണ്ട് ടെസ്റ്റും മൂന്ന് ടി20യുമാണ് കിവീസിനെതിരെ ഇന്ത്യ കളിക്കുക. ഈ പരമ്പര മുതൽ 2023 ഏകദിന ലോകകപ്പ് വരെ ദ്രാവിഡ് ഇന്ത്യൻ ടീം പരിശീലകനായി തുടരും.
നേരത്തെ ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യൻ ടീമിനെ രാഹുൽ ദ്രാവിഡ് പരിശീലിപ്പിച്ചിരുന്നു. ഇന്ത്യ എ, അണ്ടർ 19 ടീമുകളേയും ദ്രാവിഡ് പരിശീലിപ്പിച്ചിട്ടുണ്ട്. ഐപിഎൽ ടീമുകളുടെ ഉപദേശകനുമായിരുന്നു.
ലോകകപ്പിന് ശേഷം ആരംഭിക്കുന്ന ഇന്ത്യ- ന്യൂസിലാൻഡ് ടി-20 പരമ്പരയിൽ സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. മൂന്ന് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ യുവ താരങ്ങൾക്ക് അവസരം നൽകുമെന്നാണ് സൂചന. ഐപിഎല്ലിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് യുവ നിരയെ തിരഞ്ഞെടുക്കുന്നത്. ടി-20 ലോകകപ്പോടെ കോലി ടി-20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്നതിനാൽ രോഹിത് ആവും ടീം ക്യാപ്റ്റൻ. രോഹിതിനും വിശ്രമം അനുവദിക്കുമോ എന്നതിൽ വ്യക്തതയില്ല.
Story Highlights : vvs laxman nca chief bcci
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here