ബിച്ചു തിരുമലയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

കവിയും പ്രശസ്ത ഗാനരചയിതാവുമായ ബിച്ചു തിരുമലയുടെ ( bichu thirumala ) നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ( pinarayi vijayan ) അനുശോചിച്ചു. ചലച്ചിത്ര ഗാനകലയെ ആസ്വാദക പക്ഷത്തേക്ക് കൂടുതലായി അടുപ്പിക്കുകയും ജനകീയവൽക്കരിക്കുകയും ചെയ്ത ഗാന രചയിതാവാണ് ബിച്ചു തിരുമലയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അസാധാരണമായ പദ സ്വാധീനം കൊണ്ടും സംഗീതാത്മകമായ ഭാഷാ പ്രയോഗം കൊണ്ടും അദ്ദേഹത്തിന്റെ ഗാനങ്ങൾ ആസ്വാദക മനസ്സിനോട് ചേർന്നു നിന്നു. സിനിമാ ഗാനങ്ങളും ഭക്തി ഗാനങ്ങളുമടക്കം അയ്യായിരത്തിലേറെ ഗാനങ്ങൾ അദ്ദേഹത്തിന്റേതായി വന്നു. എൺപതുകളിലും തൊണ്ണൂറുകളിലും കേരളത്തിൽ മുഴങ്ങിക്കേട്ട നിരവധി ഹിറ്റ് ഗാനങ്ങൾ ബിച്ചുവിന്റെ തൂലികയിൽ പിറന്നതായിരുന്നു. മലയാളത്തിലെ എണ്ണപ്പെട്ട ചലച്ചിത്ര ഗാനങ്ങൾക്ക് വരികൾ എഴുതിയതിലൂടെ ശ്രദ്ധേയനായിരുന്നു ബിച്ചു തിരുമലയെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
Read Also : വിടവാങ്ങുന്നത് പാട്ടാസ്വാദകരുടെ മനസിൽ വ്യത്യസ്ത വികാരങ്ങളുടെ മാരിവില്ല് വിരിയിച്ച ഗാനരചയിതാവ്
ഇന്ന് രാവിലെയാണ് ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചത്. 80 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Story Highlights : pinarayi vijayan bichu thirumala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here