പത്തനംതിട്ട സിപിഐഎമ്മില്‍ കുലംകുത്തികള്‍; വീണാ ജോര്‍ജിനെതിരായ വിമര്‍ശനങ്ങളെ പ്രതിരോധിച്ച് ജില്ലാ സെക്രട്ടറി

പത്തനംതിട്ട സിപിഐഎമ്മില്‍ കുലംകുത്തികളുണ്ടെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി. കുലംകുത്തികള്‍ അടുത്ത സമ്മേളനം കാണില്ലെന്നും ജില്ലാ സെക്രട്ടറി കെ പി ഉദയഭാനും താക്കീത് നല്‍കി. ഏരിയ സമ്മേളന ചര്‍ച്ചകള്‍ക്കുള്ള മറുപടിയിലായിരുന്നു ഈ വിമര്‍ശനം.
ഇന്നലെ നടന്ന ആദ്യദിന ജില്ലാ സമ്മേളനത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ പത്തനംതിട്ടയിലെ ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് ജില്ലാ സെക്രട്ടറിയുടെ വിമര്‍ശനം. ഇത്തരക്കാരെ തിരുത്താന്‍ പാര്‍ട്ടിക്കറിയാം. മന്ത്രിയെ 2016ലും 2021ലും തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാനും വ്യക്തിഹത്യ നടത്താനും ചിലര്‍ ശ്രമിച്ചു. 2021ലും തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നവര്‍ പാര്‍ലമെന്ററി മോഹമുള്ളവരാണെന്നും ജില്ലാ സെക്രട്ടറി കുറ്റപ്പെടുത്തി.
വീണാ ജോര്‍ജ് എംഎല്‍എ ആയപ്പോഴും മന്ത്രിയായപ്പോഴും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തതും ഇന്നലെ വിമര്‍ശനമായി ഉയര്‍ന്നിരുന്നു. വിശ്വാസികള്‍ക്ക് പാര്‍ട്ടി എതിരല്ല എന്നായിരുന്നു ഇക്കാര്യത്തില്‍ ജില്ലാ സെക്രട്ടറി മറുപടി നല്‍കിയത്. വീണാ ജോര്‍ജ് ജനപ്രതിനിധിയായ ശേഷം പാര്‍ട്ടി അംഗത്വത്തിലേക്ക് വന്നയാളാണെന്ന് മുന്‍ ഏരിയ സെക്രട്ടറി സജികുമാറും മറുപടി പറഞ്ഞു.
മന്ത്രിയെ വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ലെന്നും ഇന്നലെ സമ്മേളനത്തില്‍ പരാതി ഉയര്‍ന്നിരുന്നു.തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളാണ് ഫോണ്‍ എടുക്കിന്നില്ലെന്ന വിമര്‍ശനം ഉന്നയിച്ചത്. അത്യാവശ്യ കാര്യങ്ങള്‍ക്ക് വിളിച്ചാല്‍ പോലും മന്ത്രിയെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് വിമര്‍ശനം. നിലവില്‍ പത്തനംതിട്ട ഏരിയ കമ്മിറ്റി അംഗമാണ് വീണാ ജോര്‍ജ്. പല ബൂത്തുകളിലും പാര്‍ട്ടി വോട്ട് ചോരാന്‍ ഇത് കാരണമായെന്നും സമ്മേളനത്തില്‍ റിപ്പോര്‍ട്ട് ചെയ്തു.
Story Highlights : pathanamthitta cpim, veena george
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here