ഇന്നത്തെ പ്രധാന വാർത്തകൾ (30-11-2021)
ഒമിക്രോൺ: ആർടിപിസിആർ, ആന്റിജൻ പരിശോധനകളിൽ സാന്നിധ്യം തിരിച്ചറിയാമെന്ന് കേന്ദ്രം ( nov 30 news headlines )
കൊവിഡ് വകഭേദമായ ഒമിക്രോൺ വിവിധ രാജ്യങ്ങളിൽ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മുന്നൊരുക്കങ്ങൾ ശക്തമാക്കി ഇന്ത്യയും. ആർടിപിസിആർ, ആന്റിജൻ പരിശോധനകളിൽ ഒമിക്രോൺ സാന്നിധ്യം തിരിച്ചറിയാമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. അതുകൊണ്ട് തന്നെ കൊവിഡ് പരിശോധന കൂട്ടാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. വാക്‌സിനേഷൻ ശക്തിപ്പെടുത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ വീടുകൾതോറുമുള്ള വാക്‌സിനേഷൻ ക്യാമ്പയിൻ ഡിസംബർ 31 വരെ നീട്ടിയിട്ടുണ്ട്.
തൃശൂരിൽ നാല് പേർക്ക് കൂടി നോറോ വൈറസ്; ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 60 ആയി
തൃശൂരിൽ നാല് പേർക്ക് കൂടി നോറോ വൈറസ് സ്ഥിരീകരിച്ചു. സെന്റ് മേരിസ് കോളജിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 60 ആയി. ക്ലാസുകൾ ഓൺലൈൻ ആക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി.
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 142 അടി പിന്നിട്ടതോടെ ഒൻപത് സ്പിൽവേ ഷട്ടറുകളിലൂടെ കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കി വിടുന്നു.
നാവികസേനയുടെ തലപ്പത്ത് മലയാളി; ആർ ഹരികുമാർ ചുമതലയേറ്റു
നാവികസേനാ മേധാവിയായി വൈസ് അഡ്‌മിറൽ ആർ ഹരികുമാർ ചുമതലയേറ്റു. ഇന്ത്യൻ നാവികസേനാ മേധാവിയാകുന്ന ആദ്യ മലയാളിയാണ് ആർ ഹരികുമാർ. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിൽ നടന്ന ചടങ്ങിൽ സ്ഥാനമൊഴിയുന്ന അഡ്മിറൽ കരംബീര്‍ സിംഗിൽ നിന്ന് നാവികസേനാ മേധാവിയുടെ ചുമതല വൈസ് അഡ്മിറൽ ആര്‍ ഹരികുമാര്‍ ഏറ്റെടുത്തു.
ഇടപ്പള്ളിയിലെ തീപിടുത്തം; ഫയർഫോഴ്‌സ് തീയണച്ചു; 9 പേർ ആശുപത്രിയിൽ
എറണാകുളം ഇടപ്പള്ളി കുന്നുംപുറത്തെ മൂന്നുനില കെട്ടിടത്തിലെ തീയണച്ചു. ഫയർ ഫോഴ്‌സിന്റെ രണ്ട് യൂണിറ്റ് എത്തിയാണ് തീ അണച്ചത്.
മോഡലുകളുടെ മരണം : സൈജു തങ്കച്ചനെതിരെ കൂടുതൽ കണ്ടെത്തലുകൾ
കൊച്ചിയിൽ മോഡലുകളുടെ മരണത്തിൽ സൈജു തങ്കച്ചനെതിരെ കൂടുതൽ കണ്ടെത്തലുകൾ. ഡിജെ പാർട്ടികളിൽ സൈജു തങ്കച്ചൻ എംഡിഎം ഉൾപ്പടെയുള്ള ലഹരിമരുന്നുകൾ എത്തിച്ചിരുന്നെന്നാണ് പുതിയ കണ്ടെത്തൽ. മാരരികുളത്ത് നടന്ന പാർട്ടിയിലെ ലഹരി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട ഇൻസ്റ്റാഗ്രാം ചാറ്റുകൾ പൊലീസിന് ലഭിച്ചു.
ബലോൻ ദ് ഓർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ചരിത്ര നേട്ടവുമായി ലയണൽ മെസി
ബലോൻ ദ് ഓർ പുരസ്‌കാരം ലയണൽ മെസിക്ക്. ഏഴാം തവണയും ബലോൻ ദ് ഓർ സ്വന്തമാക്കിയാണ് മെസി ചരിത്രം രചിച്ചത്. ഇന്ന് പുലർച്ചെ പാരീസിൽ നടന്ന ചടങ്ങിലാണ് ഫുട്ബോളിലെ വിഖ്യാത പുരസ്കാരത്തിന് അർജന്റീനയുടെയും പിഎസ്ജിയുടെയും താരമായ മെസി അർഹനായത്. നേരത്തെ, 2009, 2010, 2011, 2012, 2015, 2019 എന്നീ വർഷങ്ങളിൽ മെസി ബലോൻ ദ് ഓർ നേട്ടം പേരിലെഴുതിയിരുന്നു.
Story Highlights : nov 30 news headlines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here