അസീം റഫീഖിനെതിരായ വംശീയാധിക്ഷേപം; പരിശീലക സംഘത്തെയാകെ പുറത്താക്കി യോർക്‌ഷെയർ

അസീം റഫീഖിനെതിരായ വംശീയാധിക്ഷേപ വെളിപ്പെടുത്തലിനു പിന്നാലെ പരിശീലക സംഘത്തെയാകെ പുറത്താക്കി ഇംഗ്ലണ്ട് കൗണ്ടി ക്ലബ് യോർക്‌ഷെയർ. ഡയറക്ടർ മാർട്ടിൻ മോക്സോൺ, മുഖ്യ പരിശീലകൻ ആൻഡ്രൂ ഗെയിൽ ഉൾപ്പെടെയുള്ളവരെ പുറത്താക്കി. മോക്സോൺ ജോലിയിൽ നിന്ന് നേരത്തെ അവധിയെടുത്തിരുന്നു. അസീം റഫീഖിൻ്റെ വെളിപ്പെടുത്തലിനു പിന്നാലെ കഴിഞ്ഞ നവംബർ മുതൽ ഗെയിലിലെ അന്വേഷണവിധേയമായി ക്ലബ് സസ്പൻഡ് ചെയ്തിരുന്നു. (Yorkshire Azeem Rafiq racism)
വംശീയ വെറിയെ നേരിടാൻ 12 ഇന കർമപരിപാടികളുമായി ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് രംഗത്തെത്തിയിരുന്നു. എംസിസി, പിസിഎ എന്നിവർക്കൊപ്പം ചേർന്നാണ് ക്രിക്കറ്റ് ബോർഡ് കർമ പരിപാടികൾ ആസൂത്രണം ചെയ്തത്. തനിക്ക് നേരിട്ട വംശീയാധിക്ഷേപങ്ങളെപ്പറ്റി മുൻ യോർക്‌ഷെയർ ക്രിക്കറ്റർ അസീം റഫീഖിൻ്റെ വെളിപ്പെടുത്തലിനു പിന്നാലെയാണ് ഇസിബി 12 ഇന കർമപരിപാടികളുമായി രംഗത്തുവന്നത്.
Read Also : വംശീയ വെറിയെ നേരിടാൻ 12 ഇന കർമപരിപാടികളുമായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്
ഡ്രസിംഗ് റൂമിലെ സംസ്കാരം മാറേണ്ടതുണ്ടെന്നതാണ് കർമപരിപാടികളിലെ പ്രധാന നിർദ്ദേശം. വംശീയ വെറിയുമായി ബന്ധപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാനും അന്വേഷിക്കാനും തുറന്നുപറയാനും താരങ്ങളെയും അമ്പയർമാരെയും മറ്റ് സ്റ്റാഫുകളെയുമൊക്കെ പ്രേരിപ്പിക്കും. അതിനു വേണ്ട പരിശീലനവും ബോധവത്കരണവും നൽകും. ദക്ഷിണേഷ്യൻ താരങ്ങളെയും കറുത്ത വംശജരെയും പ്രൊഫഷണൽ ടീമുകളിൽ ഉൾപ്പെടുത്താൻ ക്രിയാത്മക നിലപാട് സ്വീകരിക്കും.
ക്ലബിൽ കളിച്ചുകൊണ്ടിരുന്ന സമയത്ത് വംശീയവെറി നേരിടേണ്ടി വന്നു എന്ന വെളിപ്പെടുത്തലിനു പിന്നാലെ ബ്രിട്ടീഷ് പാർലമെൻ്റിൻ്റെ സ്പോർട്സ് കമ്മറ്റി നടത്തിയ ഹിയറിങ്ങിൽ അസീം കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തി. പലപ്പോഴും വികാരധീനനായാണ് അസീം സംസാരിച്ചത്. മുൻ ഇംഗ്ലണ്ട് ക്യാപ്റ്റനും കമൻ്റേറ്ററുമായ മൈക്കൽ വോൺ, യോർക്‌ഷെയർ മുൻ ക്യാപ്റ്റനും ഇംഗ്ലണ്ട് താരവുമായ ഗാരി ബല്ലൻസ്, നിലവിലെ ഇംഗ്ലണ്ട് താരം അലക്സ് ഹെയിൽസ് എന്നിവർക്കെതിരെയൊക്കെ അസീം വംശീയാധിക്ഷേപ പരാതി ഉന്നയിച്ചു. ഇതിനു പിന്നാലെ മൈക്കൽ വോണിനെ ബിബിസി കമൻ്ററി പാനലിൽ നിന്നും ആഷസിനുള്ള ബിടി സ്പോർട്സ് കമൻ്ററി പാനലിൽ നിന്നും പുറത്താക്കിയിരുന്നു. അതേസമയം, താൻ വംശീയാധിക്ഷേപം നടത്തിയിട്ടില്ലെന്നാണ് വോൺ പറയുന്നത്. എന്നാൽ, ഇംഗ്ലണ്ട് സ്പിനർ ആദിൽ റഷീദ് അസീമിൻ്റെ വംശീയാധിക്ഷേപ വെളിപ്പെടുത്തലുകൾ ശരിവച്ചിരുന്നു.
Story Highlights : Yorkshire sack coaching staff Azeem Rafiq racism
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here