ഇന്നത്തെ പ്രധാന വാർത്തകൾ (05-12-2021)

ഡൽഹിയിലും ഒമിക്രോൺ സ്ഥിരീകരിച്ചു
ഡൽഹിയിലും ഒമിക്രോൺ സ്ഥിരീകരിച്ചു. ടാൻസാനിയയിൽ നിന്ന് ഡൽഹിയിലെത്തിയ ഒരാൾക്കാണ് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിൻ വ്യക്തമാക്കി.
അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. വിവാദങ്ങളല്ല, പ്രവർത്തിച്ച് കാണിക്കലാണ് വേണ്ടതെന്ന് പൊതുമരാമത്ത് മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു. മന്ത്രി മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെ റോഡിലിറങ്ങി ജോലി ചെയ്യണമെന്നും മന്ത്രി പറഞ്ഞു.
മോഫിയയെ സുഹൈൽ തലാക്ക് ചൊല്ലിയിരുന്നു; രേഖകൾ പിടിച്ചെടുത്ത് ക്രൈംബ്രാഞ്ച്; കുടുംബം നിയമനടപടിക്ക്
ആലുവയിൽ നിയമവിദ്യാർത്ഥിനിയെ ഭർത്താവ് സുഹൈൽ തലാക്ക് ചൊല്ലിയതിനെതിരെ കുടുംബം നിയമനടപടിക്ക്. വിഷയത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് വീണ്ടും പരാതി നൽകുമെന്ന് കുടുംബം അറിയിച്ചു. ഇതിനായി സുപ്രിംകോടതി അഭിഭാഷകന്റെ നിയമോപദേശം മോഫിയയുടെ പിതാവ് തേടി.
നാഗാലാൻഡിൽ വെടിവയ്പ്പ്; 11 പ്രദേശവാസികൾ കൊല്ലപ്പെട്ടു; അനുശോചിച്ച് അമിത് ഷാ
നാഗാലാൻഡിലുണ്ടായ വെടിവയ്പ്പിൽ പതിനൊന്ന് പ്രദേശവാസികൾ കൊല്ലപ്പെട്ടു. അസം റൈഫിൾസും നാട്ടുകാരും തമ്മിലാണ് സംഘർഷമുണ്ടായത്. നിരവധി വാഹനങ്ങൾ നാട്ടുകാർ തീവച്ചതായി റിപ്പോർട്ട്. സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കണമെന്ന് നാഗാലാൻഡ് മുഖ്യമന്ത്രി അറിയിച്ചു. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തി നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി.
ട്വന്റിഫോറിന് മൂന്നാം പിറന്നാൾ; രാവിലെ മുതൽ പ്രത്യേക തത്സമയ സംപ്രേഷണം
മൂന്നാം പിറന്നാൾ ആഘോഷത്തിന്റെ നിറവിൽ ട്വന്റിഫോർ. വാർത്താ അവതരണത്തിൽ പുതുമകൾ സമ്മാനിച്ച് ട്വന്റിഫോർ മുന്നോട്ട് കുതിക്കുകയാണ്. ആഘോഷങ്ങൾക്ക് തുടക്കമിട്ട് രാവിലെ മുതൽ പ്രത്യേക തത്സമയ സംപ്രേഷണമാണ് ഒരുക്കുന്നത്.
ട്വന്റിഫോറിന് പിറന്നാൾ സമ്മാനവുമായി യൂസഫലി; 24 നിർദേശിക്കുന്ന അർഹരായ അഞ്ച് പേർക്ക് വീട് നൽകും
ട്വന്റിഫോർ നിർദേശിക്കുന്ന അർഹരായ അഞ്ച് പേർക്ക് വീട് നൽകുമെന്ന് വ്യവസായി എംഎ യൂസഫലി. ട്വന്റിഫോർ ചാനലിനുള്ള പിറന്നാൾ സമ്മാനമായി കണക്കാക്കണമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ അറിയിച്ചു.
24 വാർത്ത തുണയായി; കോഴിക്കോട് അമ്മയ്ക്കും 4 മക്കൾക്കും വീടൊരുങ്ങി; താക്കോൽദാനം നിർവഹിച്ച് മന്ത്രി
ട്വന്റിഫോറിന്റെ മൂന്നാം പിറന്നാളാഘോഷത്തിന് ഇരട്ടി മധുരം പകർന്ന് കോഴിക്കോട് നെല്ലിക്കോട് പൂവങ്ങലിൽ അമ്മയ്ക്കും നാല് മക്കൾക്കും വീടൊരുങ്ങി.
Story Highlights : dec 5 news round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here