Advertisement

ഭീഷണി സന്ദേശങ്ങൾ; ഗുഡ്ഗാവിലെ കോമഡി ഫെസ്റ്റിവലിൽ നിന്ന് മുനവ്വർ ഫാറൂഖിയെ ഒഴിവാക്കി

December 7, 2021
Google News 2 minutes Read
Munawar Faruqui comedy festival

സ്റ്റാൻഡ് അപ്പ് കൊമേഡിയൻ മുനവ്വർ ഫാറൂഖിയെ ഗുഡ്ഗാവ് കോമഡി ഫെസ്റ്റിവലിൽ നിന്ന് ഒഴിവാക്കി. മുനവ്വറിനെ പരിപാടിയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നിരവധി ഭീഷണി സന്ദേശങ്ങളും കോളുകളും വന്നെന്നും പൊതുജനങ്ങളുടെ ഭീഷണി കണക്കിലെടുത്താണ് തീരുമാനം എടുത്തതെന്നും സംഘാടകർ വ്യക്തമാക്കി. ‘ദി എൻ്റർടെയിന്മെൻ്റ് ഫാക്ടറി’യാണ് ഈ കോമഡി ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. (Munawar Faruqui comedy festival)

ഡിസംബർ 17 മുതൽ 19 വരെ ഐരിയ മാളിൽ വച്ചാണ് പരിപാടി തീരുമാനിച്ചിരുന്നത്. എന്നാൽ, പോസ്റ്റർ പുറത്തുവിട്ടതിനു പിന്നാലെ മുനവ്വറിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നിരവധി കോളുകളും മെസേജുകളും വന്നു. അതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ആരുടെയും വികാരം വ്രണപ്പെടുത്താനോ പൊതുജനത്തെ അപകടത്തിൽ പെടുത്താനോ താത്പര്യമില്ല. അതുകൊണ്ട് ഞങ്ങൾ അദ്ദേഹത്തെ പാനലിൽ നിന്ന് ഒഴിവാക്കി. പോസ്റ്ററിൽ നിന്ന് മുനവ്വറിൻ്റെ പേര് നീക്കം ചെയ്തിട്ടുണ്ട്. ഞങ്ങളെ സംബന്ധിച്ച് കലാകാരന്മാരുടെയും പൊതുജനത്തിൻ്റെയും സുരക്ഷയാണ് പ്രധാനം. ആരാണ് വിളിച്ച് ഭീഷണിപ്പെടുത്തിയത് എന്ന് പറയുന്നില്ല. ആത്യന്തികമായി, ജനങ്ങളെ ചിരിപ്പിക്കുക എന്നതാണ് ജോലി എന്നും എന്റർടെയിൻമെന്റ് ഫാക്ടറി സഹ സ്ഥാപകൻ മുബിൻ ടിസേകർ പറഞ്ഞു.

Read Also : ഭീഷണി സന്ദേശത്തെ തുടർന്ന് ബെംഗളൂരു ഷോ റദ്ദാക്കി; സ്റ്റാൻഡ് അപ്പ് കോമഡി അവസാനിപ്പിക്കുന്നു എന്ന് മുനവ്വർ ഫാറൂഖി

മുനവ്വറിനെതിരെ ബിജെപി ഐടി വിഭാഗം തലവൻ അരുൺ യാദവ് തിങ്കളാഴ്ച പരാതി നൽകിയിരുന്നു. ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നു എന്നും പരിപാടി അവതരിപ്പിക്കുന്നതിൽ നിന്ന് മുനവ്വറിനെ തടയണം എന്നുമായിരുന്നു പരാതി.

സ്റ്റാൻഡ് അപ്പ് കോമഡിക്കിടെ ഹിന്ദു ദൈവങ്ങളെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും അപമാനിച്ചു എന്ന് ആരോപിച്ച് ജനുവരി രണ്ടിനാണ് ബിജെപി എംഎൽഎ മാലിനി ഗൗറിന്റെ മകൻ ഏകലവ്യ സിംഗ് ഗൗറിന്റെ പരാതിയിൽ മുനവർ ഫാറൂഖി ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിലാകുന്നത്. പ്രാദേശിക കോടതി ഇവരെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിടുകയും മദ്ധ്യപ്രദേശ് ഹൈക്കോടതി ജാമ്യം നിഷേധിക്കയും ചെയ്തതോടെയാണ് മുനവ്വർ സുപ്രിംകോടതിയെ സമീപിച്ചത്.

ജാമ്യം ലഭിച്ചതിനു പിന്നാലെ വീണ്ടും മുനവ്വർ സ്റ്റാൻഡ് അപ്പ് കോമഡിയിലേക്ക് തിരിഞ്ഞെങ്കിലും തീവ്ര വലത് സംഘടനകൾ ഇടപെട്ട് രാജ്യത്തിൻ്റെ വിവിധ ഇടങ്ങളിൽ നടത്താനിരുന്ന ഷോകൾ റദ്ദാക്കിയിരുന്നു. ബെംഗളൂരുവിലെ ഷോ റദ്ദാക്കിയതിനു പിന്നാലെ കോമഡി വിടുകയാണെന്ന് മുനവ്വർ പറഞ്ഞുവെങ്കിലും പിന്നീട് ഇത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Story Highlights : Munawar Faruqui dropped Gurgaon comedy festival

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here