ഇന്നത്തെ പ്രധാന വാർത്തകൾ (10-12-2021)
ധീര സൈനികർക്ക് വിട; റാവത്തിനും മധുലികയ്ക്കും ഇന്ന് യാത്രാമൊഴി ( dec 10 news round up )
സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തുൾപ്പെടെ ഉള്ളവർക്ക് ആദരമർപ്പിച്ച് രാജ്യം. ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും മൃതദേഹം പൊതുദർശനത്തിന് ശേഷം ഉച്ചകഴിഞ്ഞ് ഡൽഹി കാന്‍റിലെ ശ്മശാനത്തിൽ സംസ്കരിക്കും. ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മറ്റ് സൈനികരുടെ മൃതദേഹങ്ങൾ ജന്മനാടുകളിലേക്ക് കൊണ്ടുപോകും.
ധീരസൈനികന് നാടിന്റെ അന്ത്യാഞ്ജലി; ബ്രിഗേഡിയർ എസ് എൽ ലിഡ്ഡറിന്റെ ഭൗതികശരീരം സംസ്‌കരിച്ചു
ധീരസൈനികന് അന്ത്യാഞ്ജലി അർപ്പിച്ച് രാജ്യം. ബ്രിഗേഡിയർ എസ്എൽ ലിഡ്ഡറിന്റെ ഭൗതികശരീരം സംസ്‌കരിച്ചു. ഡൽഹിയിലെ ബ്രാർ സ്‌ക്വയർ ശ്മശാനത്തിലായിരുന്നു ചടങ്ങുകൾ. ( india pays homage brigadier ls lidder )
കൂനൂരിലെ സൈനിക ഹെലികോപ്റ്റർ അപകടം ; മലയാളി ജവാൻ എ. പ്രദീപിൻ്റെ മൃതദേഹം നാട്ടിലെത്തിക്കാൻ വൈകിയേക്കും
കൂനൂരിൽ സൈനിക ഹെലികോപ്‌റ്റർ അപകടത്തിൽ ജീവൻ നഷ്ടമായ മലയാളി വ്യോമസേന വാറൻ്റ് ഓഫീസർ എ. പ്രദീപിൻ്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകിയേക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ മൂന്ന് ദിവസം വരെ വൈകിയേക്കുമെന്ന് കുടുംബത്തിന് വിവരം കിട്ടിയെന്ന് സഹോദരൻ പ്രസാദ് പറഞ്ഞു. മൃതദേഹം കൊണ്ടുവരുന്നതിന് ഒരുദിവസം മുൻപ് അറിയിക്കാമെന്നാണ് പറഞ്ഞതെന്നും സഹോദരൻ വ്യക്തമാക്കി. മൃതദേഹം വിമാന മാർഗം കൊച്ചിയിലെത്തിച്ച് റോഡ് മാർഗം തൃശൂരിലെത്തിക്കുമെന്നാണ് വിവരം.
സൈനിക ഹെലികോപ്റ്റർ അപകടം; തമിഴ്നാട് പൊലീസ് അന്വേഷിക്കും
കൂനൂരിലെ സൈനിക ഹെലികോപ്റ്റർ അപകടം തമിഴ്നാട് പൊലീസ് അന്വേഷിക്കുമെന്ന് ഡി ജിപി ശൈലേന്ദ്രബാബു അറിയിച്ചു. ഊട്ടി എഡി എസ്പി മുത്തുമാണിക്യത്തിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തെ നിയോഗിച്ചു. പ്രദേശവാസികളിൽ നിന്ന് മൊഴിയെടുത്തെന്നും അന്വേഷണ വിവരങ്ങൾ സംയുക്തസേനാ സംഘത്തിന് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗാർഹിക പീഡന പരാതികളിൽ ഉടൻ അന്വേഷണം നടത്തണം : ഡിജിപി
ഗാർഹിക പീഡന പരാതികളിൽ ഉടൻ അന്വേഷണം നടത്തണമെന്ന് ഡിജിപി അനിൽകാന്ത്. പൊലീസ് യോഗത്തിലാണ് ഡി.ജി.പിയുടെ നിർദേശം. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾ, സ്ത്രീകൾ, കുട്ടികൾ എന്നിവർക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ പ്രത്യേക ജാഗ്രതവേണമെന്നും പോക്‌സോ കേസുകളിൽ സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കണമെന്നും ഡിജിപി കർശന നിർദേശം നൽകി.
പാർട്ടി അംഗങ്ങൾക്ക് വീണ്ടും മുന്നറിയിപ്പുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാനഭരണം ലഭിച്ചതുകൊണ്ട് ഇനി അഹങ്കരിച്ചുകളയാം എന്നുകരുതരുത്. സാധാരണ പൗരന്മാരുടെയോ മറ്റുള്ളവരുടെയോ മെക്കിട്ട്കയറാമെന്ന് ഏതെങ്കിലും നേതാവോ പ്രവർത്തകനോ കരുതിയാൽ അവർക്ക് സ്ഥാനം പാർട്ടിക്ക് പുറത്താണെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.
കർഷകർ ഇന്ന് ശ്രദ്ധാഞ്ജലി ദിനം ആചരിക്കും
കേന്ദ്ര സർക്കാറിന്റെ ഉറപ്പുകളെ തുടർന്ന് പ്രക്ഷോപം അവസാനിപ്പിച്ച കർഷകർ ഡൽഹി അതിർത്തികളിൽ ഇന്ന് ശ്രദ്ധാഞ്ജലി ദിനം ആചരിക്കും. കർഷകർ നാളെയാണ് വിജയദിവസം ആഘോഷിക്കുന്നത്. ഡൽഹി അതിർത്തികളിൽ നിന്ന് കർഷകർ നാളെ വീടുകളിലേക്ക് മടങ്ങും.
Story Highlights : dec 10 news round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here