Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (18-12-21)

December 18, 2021
Google News 1 minute Read

യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ യുവാവും മരിച്ചു

കോഴിക്കോട് തിക്കോടിയിൽ യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ യുവാവും മരിച്ചു. തിക്കോടി വലിയ മഠത്തിൽ മോഹനന്റെ മകൻ നന്ദു(31) എന്ന നന്ദുലാലാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ്‌ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്.

കെ-റെയിൽ പദ്ധതിക്കെതിരെ യു ഡി എഫ്; കോട്ടയത്ത് ഇന്ന് പ്രതിഷേധ ജാഥ

കെ റെയിൽ പദ്ധതിക്കെതിരെ കോട്ടയത്ത് ഇന്ന് യു ഡി എഫ് പ്രതിഷേധ ജാഥ. തിരുനക്കര മൈതാനത്തുനിന്ന് തുടങ്ങുന്ന ജാഥ ഉമ്മൻ ചാണ്ടി ഉദ്‌ഘാടനം ചെയ്യും. ഇതിനോടകം തന്നെ കോട്ടയത്ത് വിവിധയിടങ്ങളിൽ കെ റെയിലിനെതിരെ ജനകീയ സമിതികൾ രൂപീകരിച്ചിട്ടുണ്ട്. പ്രതിഷേധം കൂടുതൽ ശക്തമാക്കി സർക്കാരിനെ പ്രതിരോധത്തിലാക്കുകയെന്ന ലക്ഷ്യത്തിലാണ് പ്രതിപക്ഷം.

കടുവ കുറുക്കൻമൂലയിൽ; പുതിയ കാല്പാടുകൾ കണ്ടെത്തി

വയനാട് ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കടുവയുടെ പുതിയ കാൽപ്പാടുകൾ കണ്ടെത്തി. കുറുക്കൻ മൂലയിലാണ് കാൽപ്പാടുകൾ കണ്ടെത്തിയത്. അരമണിക്കൂർ മാത്രം പഴക്കമുള്ള കാൽപ്പാടുകൾ ആണെന്നാണ് നിഗമനം. കാടിനോട് ചേർന്നുള്ള ജനവാസമേഖലയിൽ ആണ് കടുവയുടെ പുതിയ കാൽപ്പാടുകൾ കണ്ടെത്തിയത്.

കൃഷ്ണപ്രിയയെ കൊല്ലുമെന്ന് ഭീഷണി, ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ പാടില്ല; വെളിപ്പെടുത്തലുമായി അയൽവാസി

കോഴിക്കോട് തിക്കോടിയിൽ യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി അയൽവാസി ബിജു കളത്തിൽ . കൃഷ്ണപ്രിയയെ കൊല്ലുമെന്ന് നന്ദകുമാർ ഭീഷണിപ്പെടുത്തിയിരുന്നതായി അയൽവാസി പറഞ്ഞു. കൃഷ്ണപ്രിയയെ ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ നന്ദ കുമാർ അനുവദിച്ചിരുന്നില്ല. ജോലിക്ക് പോകുന്നത് തടയാൻ ശ്രമിച്ചിരുന്നുവെന്നും കൃഷ്ണപ്രിയ നന്ദ കുമാറിൽ നിന്ന് അകലം പാലിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് വർഷം മുൻപാണ് ഇരുവരും തമ്മിലുള്ള പരിചയം തുടങ്ങുന്നതെന്നും ബിജു കളത്തിൽ വ്യക്തമാക്കി.

കെ-റെയിൽ; മുഖ്യമന്ത്രിയുടെ വികസനം ശാപമാകരുത്; സിപിഐഎമ്മിലും എതിർപ്പ്; കെ സുധാകരൻ

കെ-റെയിൽ പദ്ധതി അശാസ്ത്രീയമെന്ന് ആവർത്തിച്ച് കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ എംപി. പദ്ധതി നടപ്പാക്കുന്നതിൽ ജനങ്ങൾക്ക് ആശങ്കയുണ്ട്. പോരായ്മകൾ ഇല്ലെന്ന് സർക്കാർ ജനങ്ങളെ ബോധ്യപ്പെടുത്തണം. പദ്ധതി നടത്തിപ്പുമായി മുന്നോട്ട് പോകുന്നത് വ്യാജ ഡിപിആറിൻ്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വടകര താലൂക്ക് ഓഫിസിന് തീയിട്ടത് തന്നെ; പ്രതിക്ക് മാനസിക വൈകല്യമെന്ന് പൊലീസ്

വടകര താലൂക്ക് ഓഫിസിന് തീയിട്ടത് തന്നെയെന്ന് പൊലീസ്. സംഭവത്തിൽ ആന്ധ്രാപ്രദേശ് സ്വദേശി സതീഷിനെ കസ്റ്റഡിയിലെടുത്തു. താലൂക്ക് ഓഫീസിനു സമീപമുള്ള മറ്റ് സർക്കാർ ഓഫീസുകളിലും ബസ് സ്റ്റാൻഡ് പരിസരത്തെ കെട്ടിടത്തിലും തീയിട്ടത് ഇയാൾ തന്നെയാണെന്ന് പൊലീസ് പറയുന്നു. ഇയാൾക്ക് മാനസിക വൈകല്യമുണ്ടെന്നും പൊലീസ് പറയുന്നു.

സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം മാറ്റിവച്ചു

സംസ്ഥാനത്ത് ചൊവ്വാഴ്ചമുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു. ബസ് ഉടമകളുടെ സംയുക്ത സമര സമിതിയുടേതാണ് തീരുമാനം. ബസ് ചാർജ് വർധനയിൽ സർക്കാരിന്റേത് അനുകൂല നിലപാടെന്ന് ബസ് ഉടമകൾ വ്യക്തമാക്കി. അനിശ്ചിതകാല സമരം 21 മുതൽ ഉണ്ടാകില്ലെന്നും മാറ്റിവച്ചതായും ബസ് ഉടമ സംയുക്ത സമിതി നേതാക്കൾ അറിയിച്ചു.

കൈക്കൂലി കേസ്; എ.എം ഹാരിസിന് സസ്പെൻഷൻ

കൈക്കൂലി കേസിൽ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസർ എ.എം ഹാരിസിന് സസ്പെൻഷൻ. ഹാരിസിനും രണ്ടാം പ്രതി ജോസ്മോനുമെതിരെ കൂടുതൽ അന്വേഷണം നടത്തും. വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദനത്തിൽ വിശദമായ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Story Highlights : Todays Headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here