വിടവാങ്ങിയത് മലയാള സിനിമയുടെ മറ്റൊരു തലം മലയാളികൾക്ക് മുന്നിൽ തുറന്നിട്ട സംവിധായകനെന്ന് കമൽ

അന്തരിച്ച സംവിധായകൻ സേതുമാധവനെ കുറിച്ച് സംവിധായകൻ കമൽ ട്വന്റിഫോറിനോട്. കമൽ അഞ്ച് വർഷം അദ്ദേഹത്തിന്റെ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. ഗുരുനാഥനെന്ന രീതിയിൽ അദ്ദേഹം പകർന്ന് തന്ന അറിവ് വിലമതിക്കാനാവാത്തതാണെന്ന് കമൽ പറയുന്നു. ( kamal about sethumadhavan )
പ്രേംനസീറിന്റെ സിനിമകൾ ഇഷ്ടപ്പെട്ടിരുന്ന ജനസമൂഹത്തെ അതിന് പുറത്തും സിനിമകളുണ്ടെന്ന് അദ്ദേഹം കാണിച്ച് തന്നു. യക്ഷി, കടൽപ്പാലം പോലുള്ള സത്യൻ സിനിമകളിലൂടെ അദ്ദേഹം മലയാള സിനിമയുടെ മറ്റൊരു തലം മലയാളികൾക്ക് മുന്നിൽ തുറന്നിട്ടു. സേതുമാധവന്റെ സിനിമകളിലൂടെയാണ് മലയാള സിനിമയുടെ പുതിയ മുഖം 60-70 കാലഘട്ടത്തിൽ കണ്ടത്.
സാഹിത്യസൃഷ്ടികളെ ദൃശ്യവത്കരിച്ചു അദ്ദേഹം. വായനക്കാർ ഏറ്റെടുത്ത സാഹിത്യ കൃതികളുടെ ആത്മാവ് നഷ്ടപ്പെടാതെ പകർത്താൻ അദ്ദേഹത്തിന് സാധിച്ചു. തകഴി, കേശവദേവ് എന്നിവരുടെ നോവലുകൾ സിനിമയാക്കുന്നത് ശ്രമകരമാണ്. ഒത്തിരി പേജുകളുള്ള നോവലുകൾ രണ്ടരമണിക്കൂറിലേക്ക് ചുരുക്കി സിനിമയാക്കി കൈയടി നേടാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ മാത്രം കൈയൊതുക്കവും മിടുക്കുമാണ്. സത്യൻ എന്ന നടനെ മലയാളികളുടെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചത് സേതുമാധവനാണ്.
ചോക്ലേറ്റ് നടനിൽ നിന്ന് പ്രേംനസീറിന്റെ മറ്റൊരു മുഖം മലയാളിക്ക് കാണിച്ച് തന്നത് സേതുമാധവനായിരുന്നു. അദ്ദേഹത്തിന്റെ പല ചിത്രങ്ങളിലും പ്രേംനസീർ വില്ലനായി വന്നിട്ടുണ്ട്. സംവിധായകനിലുള്ള അദ്ദേഹത്തിന്റെ വിശ്വാസമായിരുന്നു അതെന്ന് കമൽ അടിവരയിടുന്നു.
ഇന്ന് പുലർച്ചെയോടെയാണ് പ്രശസ്ത സംവിധായകൻ കെ എസ് സേതുമാധവൻ (90) അന്തരിച്ചുവെന്ന വാർത്ത പുറത്ത് വരുന്നത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നെയിൽ ആയിരുന്നു അന്ത്യം. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, തമിഴ്, കന്നഡ എന്നീ ഭാഷകളിലും സേതുമാധവൻ ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ചലച്ചിത്ര ലോകത്ത് നൽകിയ സമഗ്രസംഭാവനയ്ക്ക് 2009 ൽ ജെസി ഡാനിയേൽ പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്.
Story Highlights : kamal about sethumadhavan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here